modi

തിരുവനന്തപുരം: താമര ചിഹ്നത്തിൽ വോട്ട് ചോദിക്കാനെത്തിയ കുമ്മനം രാജശേഖരന് കിട്ടിയത് താമരമൊട്ടുകൾ കൊണ്ടൊരു കൂറ്റൻ ഹാരം. പിന്നെ, വഴിയോരങ്ങളിലെല്ലാം കുട്ടികളെ കണ്ടാൽ അതിൽ നിന്നൊരു താമരമൊട്ട് വാത്സല്യത്തോടെ സമ്മാനിച്ചു. ലൗകിക ജീവിതത്തിൽ താത്പര്യമില്ലാതെ സർവസംഗപരിത്യാഗിയായി നടക്കുന്ന തിരുവനന്തപുരം ലോക് സഭാ സീറ്റിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ പുലിയാണ്. ജനക്കൂട്ടത്തെ കണ്ടാൽ പിന്നെ കുമ്മനത്തിന്റെ ഉത്സാഹം സർവസീമകളും കടക്കും. വെള്ളവും വേണ്ട, വിശ്രമവും വേണ്ട. കൂടെ പോകുന്ന പ്രവർത്തകർ ചുറ്റിപ്പോവുകയേയുള്ളൂ.

പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നായിരുന്നു ഇന്നലത്തെ പര്യടനം. ബേക്കറി, നന്ദാവനം വഴി വെള്ളയമ്പലം ആൽത്തറ യക്ഷിയമ്മൻ കോവിലിന് മുന്നിലെത്തിയപ്പോഴാണ് കുമ്മനത്തിന്റെ മനസ് നിറച്ച കൂറ്റൻ താമരമാലയുടെ സ്വീകരണം.

തീരെ സിംപിളാണ് കുമ്മനം. വെളുത്ത വസ്ത്രവും താടിയും. നാട്യങ്ങളില്ല, സംസാരത്തിൽ കൃത്രിമമില്ല. പര്യടനവാഹനവും സിംപിൾ. എല്ലാവർക്കും സ്വാഗതം. മൊബൈൽ ഫോണില്ല. കൂളറോ ഫാനോ ഒന്നുമില്ല. പൊരിവെയിലിൽ വിയർത്താൽ അത് കാറ്റു കൊണ്ടുണങ്ങിപ്പോകുമെന്ന പരിസ്ഥിതി ലൈൻ. പ്ളാസ്റ്റിക് സ്വീകരണങ്ങൾക്ക് വിലക്ക്. പടക്കം പൊട്ടിക്കുന്നത് പോലും വേണ്ടെന്നാണ് വ്യവസ്ഥ. കുടിക്കാൻ കരിക്കിൻ വെള്ളം. അതില്ലെങ്കിൽ പച്ചവെള്ളം, കഴിക്കാൻ പഴം മാത്രം. അത് കൂടെയുള്ളവർക്കും നൽകും. പ്രചാരണ വാഹനത്തിന് മുന്നിലും പിറകിലും നിരവധി അകമ്പടി വാഹനങ്ങൾ, മുന്നിൽ പൈലറ്റായി പറക്കാൻ അനൗൺസ്‌‌മെന്റ് വാഹനങ്ങളുടെ നിര. അതിനും മുന്നിൽ വഴിയൊരുക്കാൻ പ്രവർത്തകരുടെ ബൈക്ക് സംഘം. കുമ്മനം എത്തുന്നതിന് വളരെ മുമ്പേ സ്വീകരണസ്ഥലത്ത് പ്രവർത്തകരെത്തും. വഴിനീളെ വീടുകളിൽ കുമ്മനത്തെ കാണാൻ കൗതുകത്തോടെയെത്തുന്നവർക്കും സ്വീകരണ സാമഗ്രികൾ നൽകും. വിവിധ കേന്ദ്രങ്ങളിൽ മാത്രമല്ല വീടുകളിലും കടകളിലും വരെ സ്വീകരണമാണ്. പൂവും വെള്ളവും ജ്യൂസും ഷാളുമൊക്കെയാണ് വിഭവങ്ങൾ. ഒന്നും വേണ്ടെന്ന് പറയില്ല. തിരിച്ച് പൂവോ ഷാളോ മടക്കികൊടുക്കും. കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും സന്തോഷം. നമ്മുടെ ആൾ എന്ന തോന്നൽ. ഒരു ജംഗ്ഷനിൽ തന്നെ രണ്ടുവശങ്ങളിലുമായി വ്യത്യസ്തവിഭാഗങ്ങളുടെയും വാർഡുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വെവ്വേറെ സ്വീകരണയോഗങ്ങളാണ്.

നാമജപ സമര സ്‌മരണയുയർത്തി

തട്ടുപൊളിപ്പൻ പ്രചാരണം

സ്ഥലവും കാലവും ആളും തരവും നോക്കിയാണ് കുമ്മനത്തിന്റെ പ്രസംഗം. യുവാക്കൾ കൂടുതലുണ്ടെങ്കിൽ തൊഴിലില്ലായ്മയാവും വിഷയം. കച്ചവടക്കാരാണ് കൂടുതലെങ്കിൽ ഹൈക്കോടതി ബെഞ്ച്. സമ്പന്ന മേഖലകളിൽ വിമാനത്താവളം. നമ്മുടെ വിമാനത്താവളത്തിന് സൗകര്യമുണ്ടോ. ഇതുവരെ വികസിപ്പിക്കാൻ എന്തെങ്കിലും ചെയ്തോ എന്നൊക്കെ എടുത്തിടും. പാർട്ടിക്കാരാണ് കൂടുതലെങ്കിൽ പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങൾ വിവരിക്കും. എല്ലായിടത്തും മറക്കാതെ പറയുന്നത് ഒരു കാര്യം മാത്രം. വിശ്വാസ സംരക്ഷണവും ആചാരസംരക്ഷണവും. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും. അതുകൊണ്ട് തന്നെ സ്വീകരണങ്ങളിൽ സ്ത്രീപങ്കാളിത്തം കൂടുതലാണ്. ശബരിമലയും അയ്യപ്പനും പ്രസംഗത്തിലില്ലെന്നേയുള്ളു.

കുമ്മനത്തെ വെറും സ്ഥാനാർത്ഥിയായല്ല, ആചാര സംരക്ഷണത്തിനെത്തിയ സന്യാസിയായാണ് സ്ത്രീകൾ എതിരേൽക്കുന്നത്. പൂജാമുറിയിൽ നിന്നുള്ള ദീപം കൊണ്ട് ആരതി ഉഴിയുന്നതും പ്രസാദം പങ്കുവയ്ക്കുന്നതും അപൂർവ കാഴ്ചയല്ല. വീടിനകത്തെ പൂജാമുറിയിൽ നിന്ന് കുമ്മനത്തെ ജാലകത്തിലൂടെ പൂജാവിളക്ക് കാണിക്കുന്നതും പലയിടത്തും കണ്ടു. ആചാരസംരക്ഷണം ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടല്ലേ എന്ന ചോദ്യത്തിന് കുമ്മനത്തിന്റെ മറുപടി ഇങ്ങനെ -.ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും മുസ്ളിങ്ങളുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം.

. പ്രധാനമന്ത്രി ആരാകണമെന്ന് ചോദിച്ചാൽ ഞാൻ പറയും- മോദി. എന്നാൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരു പേര് പറയാനുണ്ടോ, പറഞ്ഞാൽ തന്നെ അവർ നയിക്കാൻ കെൽപ്പുള്ളവരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ, കുമ്മനത്തിന്റെ ചോദ്യം. രാജ്യം മോദിയുടെ കൈകളിൽ സുരക്ഷിതമായിരിക്കും. ജയിച്ചാൽ ഇൗ നഗരത്തിന്റെ, ഇൗ നാടിന്റെ വികസനത്തിന് തനിക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന വാഗ്ദാനവും.

ഉച്ചവെയിൽ മൂക്കുന്നതിന് മുമ്പ് പതിനൊന്ന് മണിക്ക് രാവിലത്തെ പര്യടനം തീർക്കുമെന്ന് പറഞ്ഞാണ് ഏഴരയ്ക്ക് ഇറങ്ങിയത്. പക്ഷേ, നന്ദാവനം ചെമ്പുപണിമുക്കിൽ ഉച്ചയ്ക്ക് നിറുത്തുമ്പോൾ മണി ഒന്ന്. വിശ്രമ ശേഷം വൈകിട്ട് മൂന്നിന് വീണ്ടും തുടങ്ങി. രാത്രി ഇൗഞ്ചയ്ക്കലിൽ പര്യടനം നിറുത്തുമ്പോൾ പതിനൊന്ന് കഴിഞ്ഞിരുന്നു. അതിനും കുമ്മനത്തിന് ന്യായമുണ്ട്. ' വൈകിയിറങ്ങിയാൽ ആവോളം തൂവണ്ടേ'.