പുതുച്ചേരി: ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ നരേന്ദ്രമോദി സീറോ ആകുമെന്നും, ഹീറോ ആകുന്നത് രാഹുൽ ഗാന്ധിയായിരിക്കുമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ. പുതുച്ചേരിയിലെ ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ വിരട്ടണമെങ്കിൽ ഇവിടെ കോൺഗ്രസ് ജയിക്കണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പു യോഗത്തിൽ പറഞ്ഞു.
അഞ്ചു വർഷം അധികാരത്തിലിരുന്ന മോദി ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് ഇടയ്‌ക്കിടെ തമിഴ്നാട്ടിൽ വരുന്നത്. അതുവരെ എപ്പോഴും വിദേശത്തായിരുന്നു. അദ്ദേഹം, ഇന്ത്യയുടെ പ്രധാമന്ത്രിയല്ല, വിദേശ പി.എം ആണ്. 2025-ൽ ഇന്ത്യയെ അമേരിക്ക പോലെയാക്കും, 2030- ൽ മഹാശക്തിയാക്കും എന്നെക്കെയാണ് ഇപ്പോഴും മോദി പറയുന്നത്. 2014-ൽ ഇന്ത്യയ്‌ക്കായി നിങ്ങൾ എന്തു ചെയ്‌തെന്നാണ് ഞാൻ ചോദിക്കുന്നത്. യ്തു? 2015-ൽ? 2016-ൽ? 17-ൽ? ഒന്നും ചെയ്‌തില്ല. ഇപ്പോഴും കിനാവിലെ കാര്യങ്ങൾ പറഞ്ഞ് നടക്കുകയാണ് മോദി.
കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം തരുമെന്നു പറഞ്ഞിട്ട് 15 പൈസയെങ്കിലും കിട്ടിയോ? ഒരു വർഷം രണ്ടു കോടി പേർക്ക് തൊഴിലെന്നു പറഞ്ഞിട്ട് എത്ര പേർക്ക് കിട്ടി? കൃഷിക്കാർക്ക് ഇരട്ടി വരുമാനം നൽകുമെന്ന് പറഞ്ഞിട്ട് പറ്റിച്ചില്ലേ?
ഒരു വിവരവുമില്ലാത്ത മുഖ്യമന്ത്രിയാണ് തമിഴ്നാട് ഭരിക്കുന്നത്. ജയലളിതാമ്മ എതിർത്ത എൻ.രംഗസ്വാമിയുടെ എൻ.ആർ കോൺഗ്രസുമായാണ് അണ്ണാ ഡി.എം.കെ കൂട്ട്. ജയലളിതയെ നിരന്തരം വിമർശിച്ച ഡോ.രാംദാസും ഇപ്പോൾ എടപ്പാടിയുടെ കൂട്ടുകാരനായിരിക്കുന്നു- സ്റ്റാലിൻ പറഞ്ഞു.