തിരുവനന്തപുരം: 2016 ജൂലായ് ഏഴിനാണ് കോവളത്തിനടുത്ത് കോളിയൂരിൽ പൈശാചികവും മനുഷ്യത്വരഹിതവുമായ കൊലപാതകം നടന്നത്. സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് തമിഴ്നാട് തിരുനെൽവേലി കളക്കാട് കാശിനാഥപുരം സ്വദേശിയായ ബിനു എന്ന അനിൽകുമാറും ഭാര്യയും കൊല്ലപ്പെട്ട ഗൃഹനാഥന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഗൃഹനാഥന്റെ വീടുമായി സൗഹൃദം സ്ഥാപിച്ച പ്രതി വീടും ചുറ്റുപാടും സാമ്പത്തിക സ്ഥിതിയും മനസിലാക്കി. അനിൽകുമാറിന്റെ സ്വഭാവദൂഷ്യങ്ങൾ മനസിലാക്കിയ ഗൃഹനാഥൻ അയാളുമായി പിണങ്ങുകയും പിന്നീട് അനിൽകുമാർ തമിഴ്നാട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം കോളിയൂരിലേക്ക് തിരിച്ചെത്തിയ അനിൽകുമാറും തമിഴ്‌നാട് സ്വദേശി ചന്ദ്രനും സംഭവ ദിവസം അർദ്ധരാത്രിയിൽ ഗൃഹനാഥന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തു കയറുകയും കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റിക കൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്റെ തല അടിച്ച് തകർക്കുകയുമായിരുന്നു. തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും തലയ്ക്കടിച്ചു ബോധം കെടുത്തിയ ശേഷം ഒന്നാം പ്രതി അനിൽകുമാർ മാനഭംഗപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടമ്മയുടെ താലിമാലയും അലമാരയിലുണ്ടായിരുന്ന രണ്ട് സ്വർണ കുരിശുകളും കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 4.30ഓടെ വീട്ടിലെ പൂച്ച അസ്വാഭാവികമായി കരഞ്ഞുകൊണ്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന മകനെയും മകളെയും ഉണർത്തി. തുടർന്ന് കുട്ടികളാണ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മാതാപിതാക്കളെ കണ്ടത്. ഇവരുടെ നിലവിളി കേട്ടാണ് സംഭവം പുറം ലോകമറിഞ്ഞത്. ആക്രമണത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മയ്ക്ക് ഇതുവരെ ഓർമ്മശക്തി തിരിച്ചു കിട്ടിയിട്ടില്ല.
കുട്ടികളുടെ മൊഴി വഴിത്തിരിവായി
കുട്ടികളിൽ നിന്നാണ് കൊല നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് പ്രതി അനിൽകുമാർ കൊല്ലപ്പെട്ട ഗൃഹനാഥന്റെ ഭാര്യയെ കടന്നുപിടിച്ച വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ അനിൽകുമാറിനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസം പ്രതി തമ്പാനൂർ ഭാഗത്ത് ഉണ്ടായിരുന്നതായി പൊലീസ് മനസിലാക്കിയത്. തുടർന്നാണ് തമിഴ്നാട്ടിലെ തിരുനെൽവേലിയിലെത്തി പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ രണ്ടാം പ്രതിയായ ചന്ദ്രശേഖറിനെ കുറിച്ചും വിവരം ലഭിച്ചു. കൊലയ്ക്കുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തുകയും ചെയ്തു. പ്രതിയും ഭാര്യാമാതാവും ചേർന്ന് കവർച്ച ചെയ്ത സ്വർണം തിരുനെൽവേലിയിൽ വിറ്റ് പുതിയ സ്വർണം വാങ്ങി. ഇതും പൊലീസ് കണ്ടെടുത്തു. സ്വർണക്കടയിലെ സി.സി.ടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു. ഡി.എൻ.എ പരിശോധനയിൽ ഇര പീഡിപ്പിക്കപ്പെട്ടത് ശാസ്ത്രീയമായി തെളിയിക്കാനുമായി. പ്രതിയുടെ വസ്ത്രത്തിലും കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയിലും കൊല്ലപ്പെട്ട വ്യക്തിയുടെ രക്തം കണ്ടെത്തിയതും നിർണായക തെളിവായി.