പുതുച്ചേരി: തമിഴ്നാടിന്റെ 39 സീറ്റും പോണ്ടിച്ചേരിയുടെ ഒന്നും ചേർത്ത് 40 സീറ്റിന്റെ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടാണ് ഡി.എം.കെ- കോൺഗ്രസ് നേതൃത്വം രൂപീകരിച്ചിരിക്കുന്നത്. എന്നാൽ ഈ കൂടുക്കെട്ട് പുതുച്ചേരി, മാഹി, യാനം, കാരയ്‌ക്കൽ ജില്ലകൾ ചേരുന്ന പുതുച്ചേരി സംസ്ഥാനത്തെ കോൺഗ്രസ്, സി.പി.എം പ്രവർത്തകർക്ക് അത്രയ്‌ക്കങ്ങു ദഹിച്ചിട്ടില്ല.
കോൺഗ്രസാണ് പുതുച്ചേരി ഇപ്പോൾ ഭരിക്കുന്നത്. 2016 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് മാഹിയിൽ നിന്ന് സി.പി.എം സ്വതന്ത്രൻ ഡോ.വി.രാമചന്ദ്രൻ വിജയിച്ചത്. മാഹിയുടെ വികസനത്തിനു വേണ്ടി നിയമസഭയിൽ ഒന്നും സംസാരിക്കാത്ത ജനപ്രതിനിധിയാണ് രാമചന്ദ്രനെന്ന് അവിടത്തെ കോൺഗ്രസ് നേതാക്കൾ ഇടയ്‌ക്കിടെ വാർത്താസമ്മേളനം നടത്തി പറയാറുമുണ്ട്.
ഇപ്പോഴത്തെ സ്പീക്കറായ വൈദ്യലിംഗമാണ് കോൺഗ്രസ് സ്ഥാനാർത്ഥി. യു.പി..എ അധികാരത്തിൽ വന്നാൽ പുതുച്ചേരിക്ക് സംസ്ഥാന പദവി ലഭിക്കുമെന്നും വൈദ്യലിംഗം കേന്ദ്രമന്ത്രിയാകുമെന്നുമാണ് മാഹിയിൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കുന്നത്. മാഹിയിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ ഇപ്പോഴും കോൺഗ്രസുമായുള്ള ബാന്ധവത്തിന് എതിരാണ്. തൊട്ടടുത്ത് കണ്ണൂരിൽ സി.പി.എം- കോൺഗ്രസ് പോര് മുറുകുമ്പോൾ എങ്ങനെ സി.പി.എം കോൺഗ്രസിനു വോട്ടു ചെയ്യാൻ പറയുമെന്നാണ് അവർ ചോദിക്കുന്നത്. ഈ നിലാപട് കോൺഗ്രസ് ക്യാമ്പുകളെ അസ്വസ്ഥമാക്കുന്നുമുണ്ട്.
എൻ.ആർ കോൺഗ്രസിലെ ഡോ.കെ. നാരായണസ്വാമിയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.