note

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ സംസ്ഥാനത്തേക്ക് കള്ളപ്പണവും സ്വർണവും മയക്കുമരുന്നും വൻ തോതിൽ ഒഴുക്കുന്നു. അതിർത്തി കടന്നെത്തിച്ചവയിൽ ഇതുവരെ പിടിച്ചെടുത്ത സംഭവങ്ങളുടെ കണക്കു കേൾക്കണോ?

16 കോടിയുടെ കള്ളപ്പണം.

1.65 കോടിയുടെ സ്വർണം

500 കിലോ കഞ്ചാവ്.

മയക്കുമരുന്നുകൾ...

മലപ്പുറത്തും പാലക്കാട്ടുമാണ് ഏറ്റവുമധികം പണവും സ്വർണവും പിടിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളിലും വിമാനങ്ങളിലും വൻതോതിൽ കള്ളപ്പണം കടത്തുന്നുണ്ട്. കള്ളപ്പണത്തിന്റെ ഒഴുക്കു തടയാനും പ്രചാരണത്തിലെ ധനവിനിയോഗം സൂക്ഷ്‌മമായി നിരീക്ഷിക്കാനും ഐ.ജി പി.വിജയനെ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചു.

ഓരോ മണ്ഡലത്തിലും മൂന്നുവീതം ഫ്ലൈയിംഗ്, സ്റ്റാറ്റിക് സ്ക്വാഡുകളും പൊലീസ് സംഘങ്ങളും പരിശോധനയ്‌ക്കുണ്ട്. തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളപ്പണവേട്ട. നടപടികളെല്ലാം കാമറയിൽ പകർത്തും. പ്രചാരണചിലവ് വിലയിരുത്താനും പ്രത്യേക സംഘങ്ങളുണ്ട്. വടക്കൻജില്ലകളിലും അതിർത്തികളിലും പൊലീസും എക്സൈസും വാണിജ്യനികുതി വകുപ്പും പരിശോധന നടത്തുന്നുണ്ട്. പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ റെയിൽവേ സംരക്ഷണസേനയ്ക്കും വിമാനത്താവളങ്ങൾക്കും സി.ഐ.എസ്.എഫ്, കസ്റ്റംസ്, ആദായനികുതിവകുപ്പ് എന്നിവയ്‌ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശംനൽകി.

കള്ളപ്പണവേട്ടയ്ക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക ഇന്റലിജൻസ് യൂണിറ്റുകളുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ,സ്വകാര്യ വിമാനങ്ങൾ, ഹെലികോപ്‌റ്റർ എന്നിവയിൽ വിശദമായ പരിശോധനയുണ്ട്. വിമാനത്താവളങ്ങളിലൂടെ രേഖകളില്ലാതെ പണവും സ്വർണവും കൊണ്ടുവരാൻ അനുവദിക്കില്ല. ട്രെയിനുകളിൽ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർമാരുടെ മേൽനോട്ടത്തിലാവും പരിശോധന.

സംഭാവനയടക്കം സ്ഥാനാർത്ഥികളുടെ പണമിടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം. ചെലവിനുള്ള പണവും അക്കൗണ്ട് വഴി പിൻവലിക്കണം. പ്രചാരണത്തിന് കമ്മിഷന്റെ മാനദണ്ഡങ്ങൾ പ്രകാരം മാത്രമേ പണം ചെലവഴിക്കാവൂ. സ്ഥാനാർഥികളുടെ പണമിടപാടുകളെക്കുറിച്ച് ബാങ്ക് അധികൃതർ കളക്‌ടർമാർക്ക് റിപ്പോർട്ട് നൽകണം. സ്വകാര്യവ്യക്തികളുടെ ബാങ്ക്അക്കൗണ്ടിൽനിന്ന് 10 ലക്ഷത്തിലധികം പിൻവലിച്ചാൽ അറിയിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശംനൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വാഹനങ്ങളിലോ നേതാക്കൾക്കോ കൈയിൽ കരുതാവുന്നത് പരമാവധി 50,000 രൂപ. സ്വകാര്യവ്യക്തികൾക്ക് 10,000മാത്രം. ഇതിലധികം പണം കൈയിലുണ്ടെങ്കിൽ രേഖകൾ കാട്ടണം, ഉദ്ദേശം വ്യക്തമാക്കണം.

അല്ലെങ്കിൽ പണം പിടിച്ചെടുക്കും.സൂക്ഷ്‌മപരിശോധനയ്ക്കുശേഷം പണം വിട്ടുകിട്ടാൻ താമസിക്കും