കാട്ടാക്കട: ഇലക്ഷൻ പ്രമാണിച്ച് കാട്ടാക്കട പ്രദേശങ്ങളിൽ നടത്തിയ എക്സൈസ് പരിശോധനകളിൽ ചാരായവുമായി രണ്ട് പേർ പിടിയിൽ. ആര്യനാട് കോട്ടയ്ക്കകം മുക്കാലി സാജൻ നിവാസിൽ ജോർജ് രാജ് (45), ആര്യനാട് ചെറുമഞ്ചൽ ഈഞ്ചപ്പുരി എൽ.പിസ്കൂളിന് സമീപം ഉണ്ണി ഭവനിൽ നന്ദു (26) എന്നിവരാണ് അറസ്റ്റിലായത്. കാട്ടാക്കട ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിന് സമീപത്ത് നിന്നു 10 ലിറ്റർ ചാരായം വില്പനയ്ക്കായി കടത്തിക്കൊണ്ടു പോകുമ്പോഴാണ് ജോർജ്ജ് രാജ് പിടിയിലാകുന്നത്. കാട്ടാക്കട ജംഗ്ഷന് സമീപത്തെ കല്യാണമണ്ഡപത്തിനു സമീപത്ത് നിന്നു 15 ലിറ്റർ ചാരായം ഹോണ്ട ആക്ടീവ സ്കൂട്ടറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടു വരുമ്പോഴാണ് നന്ദുവിനെ പിടികൂടിയത്. ഈ മേഖലകളിൽ ചാരായം വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവർക്കെതിരെ അബ്കാരി നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിലൂടെ വനമേഘലകളിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് ചാരായം കടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കാട്ടാക്കട അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ വി.ജി.സുനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ.രജിത്ത്,ഹർഷകുമാർ,വിനോദ്,ഷംനാദ്,സതീഷ് കുമാർ, രാജീവ്,വി.ഗിരീഷ്, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.