money

അടൂർ: അടൂർ ബൈപാസ് റോഡിൽ ഇലക്ഷൻ ഫ്ളൈയിംഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വൈദികനിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുപോയ 7.70ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവനന്തപുരം കോട്ടൺ ഹിൽ മൗണ്ട് കാർമൽ പ്രൊവിൻഷ്യലിൽ ഉൾപ്പെട്ട ഫാദർ ജോസഫ് മേച്ചേരി യാത്രചെയ്ത കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. ബുധനാഴ്‌ച രാത്രി 11.45ന് ബൈപാസിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് അടൂർ നഗരസഭാ സെക്രട്ടറി ദീപേഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് വെള്ള മാരുതി ഡിസയർ കാറിൽ നിന്നു രേഖകൾ ഇല്ലാത്ത പണം കണ്ടെടുത്തത്. പിടികൂടിയ പണം അടൂർ പൊലീസ് ട്രഷറിയിൽ നിക്ഷേപിച്ചു. കാലടി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. പതിവു പരിശോധനകൾക്കിടയിലുള്ള ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടി നൽകിയതാണ് വിശദമായ പരിശോധനയ്ക്ക് പേരിപ്പിച്ചതും തുടർന്ന് പണം കണ്ടെടുത്തതും. പണം സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടായേക്കും. അടൂർ പൊലീസ് വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.