നെടുമങ്ങാട് : മലയോരത്ത് ഇടത്, വലത്, ബി.ജെ.പി സ്ഥാനാർത്ഥികളുടെ പര്യടനം അന്തിമഘട്ടത്തിലേക്ക്. നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലെ തോട്ടം, കാർഷിക, ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള പര്യടനത്തിലാണ് സ്ഥാനാർത്ഥികൾ. ആനാട്, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ സ്വീകരണം ഏതാണ്ട് പൂർത്തിയായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്ത് 14 ന് പൊന്മുടി, വേങ്കൊല്ല ബൂത്തുകൾ കൂടി സന്ദർശിക്കുന്നതോടെ ഈ മേഖലയിലെ പര്യടനം അവസാനിക്കും. ഇന്നലെ നഗരസഭയിൽ സ്വീകരണത്തിന് തുടക്കം കുറിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ റോഡ് ഷോയോടെയായിരുന്നു സ്വീകരണം. അരുവിക്കര, വെള്ളനാട് മേഖലകളിൽ ഇന്ന് പര്യടനം നടത്തുമെന്ന് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്. റഷീദും സെക്രട്ടറി കെ.എസ്. സുനിൽകുമാറും അറിയിച്ചു. രാവിലെ എട്ടിന് കൊങ്ങണത്ത് നിന്നാരംഭിച്ച് വൈകിട്ട് അരുവിക്കര ജംഗ്‌ഷനിൽ സമാപിക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശിന്റെ നഗരസഭയിലെ സ്വീകരണ പര്യടനം നാളെ രാവിലെ ഏഴിന് നെടുമങ്ങാട് കോയിക്കൽ ക്ഷേത്രനടയിൽ ആരംഭിക്കും. കരകുളം, വട്ടപ്പാറ മേഖലകൾ ഉൾപ്പടെ നൂറോളം സ്വീകരണ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. രാത്രി എട്ടിന് മന്നൂർക്കോണം മുള്ളുവേങ്ങാമൂട്ടിൽ സമാപിക്കും. ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ കവല സന്ദർശനവും ഗൃഹ സന്ദർശനവും പൂർത്തിയാക്കി നന്ദിയോട്, പെരിങ്ങമ്മല, ആനാട് പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങി. നഗരസഭയിൽ ഇന്നലെ രാവിലെ മുള്ളുവേങ്ങാമൂട്ടിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി കരകുളത്ത് സമാപിച്ചു. 19 ന് അണ്ടൂർക്കോണം, മാണിക്കൽ മേഖലകളിലെ സ്വീകരണം കൂടി പിന്നിടുന്നതോടെ ശോഭാസുരേന്ദ്രന്റെ നെടുമങ്ങാട് മണ്ഡലത്തിലെ പര്യടനം പൂർത്തിയാവും.
ശോഭാസുരേന്ദ്രന് ശോഭയേകാൻ ശ്രീശാന്തും
നെടുമങ്ങാട് : ശോഭാസുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നെടുമങ്ങാട്ട്. ഇന്നലെ ഉച്ചയോടെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എത്തിയത്. താരത്തെ നേരിൽ കാണാനും സെൽഫി എടുക്കാനും സ്വീകരണ കേന്ദ്രങ്ങളിൽ ജനം തടിച്ചുകൂടി. മുള്ളിലവിൻമൂട്ടിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം തോട്ടുമുക്കിൽ എത്തിയപ്പോഴാണ് ശ്രീശാന്തും ഒപ്പം ചേർന്നത്. പിന്നീട് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയും ശ്രീശാന്തും ഒരുമിച്ചായിരിന്നു പര്യടനം. നെട്ടയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങിയ ശോഭാസുരേന്ദ്രനും ശ്രീശാന്തും പാർട്ടി പ്രവർത്തകരോ ടൊപ്പം നടന്നു നീങ്ങി. ബി.ജെ.പി നേതാക്കളായ കെ.എ. ബാഹുലേയൻ, പൂവത്തൂർ ജയൻ, കൊല്ലങ്കാവ് മണിക്കുട്ടൻ, ബാലമുരളി, ഉദയകുമാർ, പോത്തൻകോട് ദിനേശൻ, സുമയ്യ മനോജ്, അജികുമാർ, ബി.ഡി.ജെ.എസ് നേതാക്കളായ കുറുന്താളി പ്രദീപ്, വേണു കാരണവര്, നെട്ടിറച്ചിറ ജിതേഷ് തുടങ്ങിയവർ റോഡ്‌ഷോയ്ക്കും സ്ഥാർത്ഥി പര്യടനത്തിനും നേതൃത്വം നൽകി.