1

വിഴിഞ്ഞം: മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം. പദ്ധതിക്കായി സ്ഥാപിച്ച കെട്ടിടം തകർച്ചയുടെ വക്കിലാണ്. ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും നശിച്ചു. വിഴിഞ്ഞത്തെ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് സ്ഥാപിച്ച തുമ്പൂർ മൂഴി മോഡൽ പദ്ധതിയുടെ നിലവിലത്തെ അവസ്ഥയാണ് ഇത്. 2017ൽ വിഴിഞ്ഞം മതിപ്പുറത്ത് ആരംഭിച്ച പദ്ധതി സഗരസഭാ മേയർ വി.കെ. പ്രശാന്താണ് ഉദ്ഘാടനം ചെയ്തത്. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപം മാലിന്യ സംസ്കരണ ബിന്നുകൾ സ്ഥാപിച്ചത്. പരിമിതമായ സ്ഥലങ്ങളിൽ തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ കുടുംബങ്ങൾക്ക് മാലിന്യം സംസ്കരിക്കാനാകാതെ റോഡ് വക്കിലും മറ്റും നിക്ഷേപിക്കുന്നത് പതിവായതോടെയാണ് മതിപ്പുറത്ത് മാലിന്യ സംസ്കരണ ബിന്നുകൾ സ്ഥാപിച്ചത്. വിഴിഞ്ഞം തീരദേശ മേഖലകളിൽ കോട്ടപ്പുറം വിഴിഞ്ഞം ചന്ത, മതിപ്പുറം എന്നിവിടങ്ങളിലായി 25 ബിന്നുകളാണ് സ്ഥാപിച്ചിരിതക്കുന്നത്. ഇതിൽ മതിപ്പുറത്തേത് നഗരസഭ ശുചീകരണ തൊഴിലാളികൾ തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്. മറ്റുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.

ചാലക്കുടിയിലെ തുമ്പുർമുഴി കന്നുകാലി ഫാം നടത്തുന്ന ഫ്രാൻസിസ് സേവ്യർ വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ഇത്. നാലടി വീതിയും നീളവും ഉയരവും ഉള്ള വായു സഞ്ചായരത്തിനുള്ള പഴുതുകളോടുകൂടിയ പെട്ടിയിലാണ് ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നത്. ഈ ബിന്നിലേക്ക് കരിയിലയോ ഉണങ്ങിയ വാഴയിലയോ ഇട്ട ശേഷം ഇനോക്കുലം സ്പ്രേ ചെയ്യും ഇതിനു മുകളിൽ ആറിഞ്ച് കനത്തിൽ ജൈവമാലിന്യങ്ങൾ നിഷേപിക്കും. ഇങ്ങനെ നിരവധി അടുക്കുകളായി ഇവയെല്ലാം നിറയ്ക്കുന്നു. ഇതിലൂടെ കുറഞ്ഞ ചെലവിൽ സമ്പുഷ്ടമായ ജൈവവളം ലഭിക്കും. ഈച്ച ശല്യമോ ദുർഗന്ധമോ ഉണ്ടാകില്ല. ഒരാഴ്ചയോളം ഉയർന്ന താപനില ഉള്ളതിനാൽ അണുബാധ കാണില്ല. ജലത്തിൽ അലിയുന്ന ഏത് ജൈവമാലിന്യവും ചിരട്ട ഒഴികെയുള്ള തെങ്ങിൽ നിന്നും കിട്ടുന്ന ഏത് ഉല്പന്നങ്ങളും ബിന്നിൽ നിക്ഷേപിക്കാം. സോപ്പു കലർന്ന ജലം ഉപയോഗിക്കാൻ പാടില്ല. ഹരിത ഗ്രഹ വാതകമായ മീഥൈൽ പരിമിതപ്പെടുത്തി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചാണ് എയ്റോബിക് മാലിന്യ സംസ്കരണം നടത്തുന്നത്. ഇതിലൂടെ ഈർപ്പ രഹിതവും ദുർഗന്ധമില്ലാത്തതുമായ വളം മൂന്നു മാസം കൊണ്ട് നിർമിക്കാം. അദാനി ഗ്രൂപ്പ് നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയ ഇവിടെ ജീവനക്കാരെ നിയമിക്കുന്നതിനും നടത്തിപ്പിനും ചുമതല നഗരസഭയ്ക്ക് ആണ്.