തിരുവനന്തപുരം: സർവകലാശാലകളിലെയും സർക്കാർ കോളേജുകളിലെയും വനിതാ ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രവേശനം രാത്രി 9.30വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. ഏഴരയ്ക്കകം ഹോസ്റ്റലുകളിൽ കയറണമെന്നായിരുന്നു നിലവിലെ വ്യവസ്ഥ. സമയം നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികൾ സമരത്തിലായിരുന്നു. മെഡിക്കൽ കോളേജുകളിൽ വരെ സമരമുണ്ടായി. സമരത്തെതുടർന്ന് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഹോസ്റ്റലിലെ പ്രവേശന സമയം രാത്രി ഒമ്പതര വരെയാക്കി അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ലാബ്, ലൈബ്രറി സൗകര്യങ്ങൾ ആൺകുട്ടികളുടേതു പോലെ പെൺകുട്ടികൾക്കും പ്രയോജനപ്പെടുത്താനായാണ് സമയം നീട്ടുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ് ഇറക്കിയ ഉത്തരവിൽ പറയുന്നു. ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവേശന സമയം രാത്രി 9.30ആയി തുടരും.