train

നെടുമങ്ങാട്: വാശിയോടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ മലയോര റെയിൽപ്പാത വിവാദവും ശക്തമാകുകയാണ്. ശബരി പാതയുടെ ഭാഗമായി നെടുമങ്ങാട്- പാലോട് വഴി പുതിയ ലൈൻ സ്ഥാപിക്കാൻ സതേൺ റെയിൽവേ ആരംഭിച്ച നടപടികളാണ് എങ്ങുമെത്താതെ നീളുന്നത്. കേന്ദ്ര ബഡ്ജറ്റിൽ ഇതിനാവശ്യമായ തുക വകയിരുത്താത്തതാണ് പദ്ധതി കടലാസിൽ ഒതുങ്ങാൻ കാരണമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുമ്പോൾ സിറ്റിംഗ് എം.പിയുടെ പിടിപ്പുകേടാണെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. ബഡ്ജറ്റിൽ തുക വകയിരുത്താതെ എം.പിയുടെ മേൽ പഴിചാരി മുഖം രക്ഷിക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാക്കളും ആരോപിക്കുന്നു. 2015 മാർച്ചിൽ സർവേ നടപടികൾ പൂർത്തിയാക്കി ജൂൺ 28ന് റെയിൽവെ ബോർഡിനു സർവ്വേ റിപ്പോർട്ട് സമർപ്പിച്ചതായും ജൂലായ് ഏഴിന് പദ്ധതിയുടെ വിശദമായ രേഖ ബോർഡിന് കൈമാറിയതായും സതേൺ റെയിൽവേ ചീഫ് അഡ്മിനിനിസ്ട്രേറ്റീവ് ഓഫീസർ (കൺസ്ട്രക്ഷൻ) എം.മുഹമ്മദ്‌ സാലിയ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തലസ്ഥാന വികസന പദ്ധതികളുടെ രൂപരേഖയിൽ മലയോര റെയിൽവേയ്ക്ക് മുൻഗണന നല്കിയുള്ള നിർദ്ദേശം ബി.ജെ.പി ജില്ലാഘടകവും സമർപ്പിച്ചിരുന്നു. എന്നാൽ, ബഡ്ജറ്റിൽ ഇതുവരെ തുക വകയിരുത്തിയില്ല. ഇതാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

തലസ്ഥാന ജില്ലയിൽ റയിൽ ഗതാഗതം ഇല്ലാത്ത താലൂക്കുകളാണ് നെടുമങ്ങാടും കാട്ടാക്കടയും. വലിയമല പി.എസ്.എൽ.വിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി)യും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൺസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും (ഐസർ) ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനും അടക്കം രാജ്യാന്തര യശസ് ഉയർത്തിയ ഒരു ഡസ്സനിലേറെ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളും അനവധി. കാർഷിക മേഖലയ്ക്കു പേരുകേട്ട ഈ പ്രദേശങ്ങളിലെ ഉത്പന്നങ്ങൾ പുറം നാടുകളിൽ എത്തിക്കാനും സമീപജില്ലകളിൽ നിന്നും ചരക്കു സാമഗ്രികൾ എത്തിക്കാനും മതിയായ ഗതാഗത സംവിധാനങ്ങളില്ല. മാത്രമല്ല റോഡു വികസനത്തിന് പരിമിതികളേറെയാണ്. ഇതുമായി ബന്ധപ്പെട്ട് എ. സമ്പത്ത് എം.പി കേന്ദ്രത്തിന് നിവേദനങ്ങൾ നൽകുകയും പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. നെടുമങ്ങാട്, കല്ലറ, പാലോട് ഭാഗങ്ങളിൽ സാദ്ധ്യതാ പഠന സെമിനാറുകളും ജനകീയ കൂട്ടായ്മകളും നടത്തി. നെടുമങ്ങാടും കാട്ടാക്കടയും റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങിയെങ്കിലും റയിൽപ്പാത യാഥാർത്ഥ്യമായില്ല.