രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: കോവളം കോളിയൂർ ചാനൽക്കരയിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്ന് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി അനിൽകുമാർ എന്ന കൊലുസു ബിനു(41)വിനാണ് നാടിനെ നടുക്കിയ കേസിൽ രണ്ടാം അഡിഷണൽ ജില്ലാസെഷൻസ് ജഡ്‌ജി മിനി എസ്. ദാസ് തൂക്കുകയർ വിധിച്ചത്. പല കുറ്റങ്ങൾക്കായി രണ്ട് ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.
രണ്ടാം പ്രതി തമിഴ്നാട് ഒടുകത്തൂർ സിന്തെമേട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം കഠിന തടവാണ് ശിക്ഷ. വിധി പ്രഖ്യാപനം കേട്ട രണ്ടാം പ്രതി താൻ കവർച്ച മാത്രമാണ് ചെയ്തതെന്നും മറ്റ് കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചാൽ ജയിലിൽ ആത്മഹത്യ ചെയ്യുമെന്നും കോടതിമുമ്പാകെ ഭീഷണി മുഴക്കി. പ്രതികൾക്കെതിരെ കൊലക്കുറ്റം, മാനഭംഗം, ഭവനഭേദനം, കവർച്ച, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഭവനഭേദനം, കവർച്ച, വധശ്രമം എന്നിവയ്ക്ക് ഇരു പ്രതികൾക്കും ഏഴ് വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഓരോ വർഷംകൂടി തടവ് അനുഭവിക്കണം. മാനഭംഗംകൂടി കണക്കിലെടുത്താണ് കൊലപാതകം നടത്തിയ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് ഈ പ്രതിക്ക് ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. രണ്ടാം പ്രതിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 25,000രൂപ പിഴയുമാണ് ശിക്ഷ. ഇരുവരും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും.
നാടിനെ നടുക്കിയ സംഭവം
2016 ജൂലായ് ഏഴിന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്റെ തല ഭാരമുള്ള ചുറ്റികകൊണ്ട് അടിച്ചുതകർത്തു. തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയെ തലയ്ക്കടിച്ചു ബോധം കെടുത്തിയശേഷം അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തി. അവരുടെ താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണക്കുരിശും കവർന്നു. ആക്രമണത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്കുശേഷവും അബോധാവസ്ഥയിലാണ്.
അറസ്റ്റും നിർണായക തെളിവുകളും
സൗത്ത് സോൺ എ.ഡി.ജി.പി ആയിരുന്ന ബി.സന്ധ്യയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തുകയും ചെയ്തതാണ് കേസിന് നിർണായക വഴിത്തിരിവായത്. ഇരയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് അനിൽകുമാറിന്റെ ഡി.എൻ.എ വേർതിരിച്ചെടുക്കാനായതും കൊലപാതക വേളയിൽ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നു കൊല്ലപ്പെട്ടയാളുടെ ഡി.എൻ.എ വേർതിരിച്ചെടുക്കാനായതും നിർണായക തെളിവായി. 76 സാക്ഷികളെ വിസ്തരിച്ചു. 99 രേഖകളും 49 തൊണ്ടിമുതലും ഹാജരാക്കി. പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ സുധാകരപിള്ളയാണ്.
86 ദിവസത്തിനുള്ളിൽ കുറ്റപത്രം
അന്വേഷണം നടത്തി 86 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത് ഇന്നത്തെ ലോകായുക്ത എസ്.പി കെ.എസ്.ഗോപകുമാറാണ്. തമിഴ്‌നാട് സ്വദേശിയായ രണ്ടാം പ്രതിക്ക് പരിഭാഷകയുടെ സഹായവും അനുവദിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ ഹാജരായി.
കുറ്റവും ശിക്ഷയും
(ഇരു പ്രതികൾക്കും)
1.ഭവനഭേദനം -7 വർഷം തടവ്, 25,000 രൂപ പിഴ
2.കൊലപാതക ശ്രമം-7 വർഷം തടവ്, 25,00 രൂപ പിഴ
3.കവർച്ച- 7 വർഷം തടവ്, 25,00 രൂപ പിഴ
(ഒന്നാം പ്രതിക്ക്)
4.കൊലക്കുറ്റം- മരണംവരെ തൂക്കുകയർ, ഒരു ലക്ഷം രൂപ പിഴ
മാനഭംഗം -7 വർഷം തടവ്, 25,00 രൂപ പിഴ
(രണ്ടാം പ്രതിക്ക്)
5.കൊലക്കുറ്റം- ജീവപര്യന്തം കഠിന തടവ്, 25,000രൂപ പിഴ