gold

തിരുവനന്തപുരം: എയർഇന്ത്യാ ജീവനക്കാരന്റെ സഹായത്തോടെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അഞ്ചേമുക്കാൽ കിലോ സ്വർണം ഡയറക്ടർ ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. സംഭവത്തിൽ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് ഏജൻസിയായ എയർഇന്ത്യാ സാറ്റ്സിലെ കസ്റ്റമേഴ്‌സ് സർവീസ് ഏജന്റും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് ഷിനാസ് (33), കാസർകോട് സ്വദേശി ഇബ്രാഹിം മൺസൂർ (33), എറണാകുളം സ്വദേശി കണ്ണൻ (30) എന്നിവരെയാണ് രണ്ട് കോടിരൂപയുടെ 50 സ്വർണബിസ്‌ക്കറ്റുകളുമായി ഡി.ആർ.ഐ തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്. ഓരോ ബിസ്‌ക്കറ്റിനും 116 ഗ്രാം തൂക്കമുണ്ട്. വിമാനമിറങ്ങുന്ന യാത്രക്കാരെ റൺവേയിൽ നിന്ന് ടെർമിനലിലേക്ക് കൊണ്ടുവരുന്ന ബസിൽവച്ച് സ്വർണം കൈമാറവെയാണ് ഇവർ പിടിയിലായത്.

ഇന്നലെ പുലർച്ചെ 2.30 ന് അബുദാബിയിൽ നിന്നെത്തിയ എയർഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇബ്രാഹിമും കണ്ണനും. വിമാനത്താവളത്തിലെ ജീവനക്കാരനായതിനാൽ ആരും സംശയിക്കില്ലെന്ന വിശ്വാസത്തിൽ പുറത്തേക്ക് സ്വർണം കടത്തുന്നതിന് ഇവർ മുഹമ്മദ് ഷിനാസുമായി കരാറുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് യാത്രക്കാരെ ബസിൽ കയറ്റി ടെർമിനലിലേക്ക് വരവെ കടത്തുസംഘം ബസിൽ വച്ച് ഷിനാസിന് കറുത്ത് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ സ്വർണം കൈമാറി. ബസിലെ ജീവനക്കാർക്കൊപ്പമുണ്ടായിരുന്ന ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഇത് കാണുകയും മൂന്നുപേരെയും അറസ്റ്റുചെയ്യുകയുമായിരുന്നു. ഇവർ ഏൽപിക്കുന്ന സ്വർണം ടെർമിനലിലെ ജീവനക്കാർ പുറത്ത് പോകുന്ന വഴിയിലൂടെ പാർക്കിംഗ് ഏരിയയിലെത്തിച്ച് സംഘത്തിന് കൈമാറുകയായിരുന്നു ഷിനാസിന്റെ ചുമതല. ഒരു കിലോ സ്വർണത്തിന് 50,000 രൂപയാണ് ഷിനാസിന് ഇവർ നൽകുക. മൂന്നുവർഷമായി ഇവിടെ കസ്റ്റമേഴ്‌സ് സർവീസ് ഏജന്റായ ഷിനാസ് എത്ര തവണ സ്വർണം കടത്തിയിട്ടുണ്ടെന്നത് കൂടുതൽ ചോദ്യം ചെയ്താലേ അറിയാനാകൂവെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയാണ് ഇവരെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വിടില്ലെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചു. മൂവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.