mayavati

തിരുവനന്തപുരം: ദളിതരും മുസ്ളിങ്ങളുമടക്കമുള്ള പിന്നാക്കക്കാരെ അവഗണിച്ച ഭരണമായിരുന്നു നരേന്ദ്രമോദിയുടേതെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണഘടന അനുശാസിക്കുന്ന അവസരസമത്വം നൽകാൻപോലും സർക്കാർ തയ്യാറായില്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ടും നടപ്പാക്കിയില്ല. സി.ബി.ഐയെയും ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിനെയും മോദി ദുരുപയോഗം ചെയ്യുകയാണ്.

കോൺഗ്രസ് ഭരണത്തിൽ ബോഫേഴ്സ് അഴിമതിയെങ്കിൽ റാഫേൽ ഇടപാടിൽ കോടികളുടെ അഴിമതിയാണ് ബി.ജെ.പി നടത്തിയത്. ബി.എസ്.പിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാവർക്കും തൊഴിൽ നൽകാനുള്ള നടപടി സ്വീകരിക്കും. ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ കുത്തകകളിൽ നിന്നും സംഭാവന വാങ്ങിയാണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള പണമാണ് ബി.എസ്.പിയുടെ സമ്പാദ്യം. പ്രീപോൾ സർവേ കണ്ട് ഭയക്കേണ്ടതില്ലെന്നും ബി.എസ്.പി രാജ്യത്ത് അധികാരത്തിൽ എത്തുമെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരൻ അദ്ധ്യക്ഷനായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രമിശ്ര, യൂത്ത് വിംഗ് നേതാവ് ആകാശ് ആനന്ദ്, അശോക് സിദ്ധാർഥ് എം.പി, സംസ്ഥാന കോ-ഓർഡിനേറ്റർ ജയപ്രകാശ്, തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കിരൺകുമാർ എസ്.കെ, ആറ്റിങ്ങലിലെ വിപിൻലാൽ പാലോട് തുടങ്ങി പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പങ്കെടുത്തു.