കഴിഞ്ഞരാത്രി മുംബയ് ഇന്ത്യൻസും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലുള്ള ഐ.പി.എൽ മത്സരം രണ്ട് താരങ്ങളുടെ ഗംഭീര പ്രകടനത്തിനും വേദിയായി. പഞ്ചാബ് കിംഗ്സിന്റെ കെ.എൽ. രാഹുൽ സെഞ്ച്വറിയും (100 നോട്ടൗട്ട്), മുംബയുടെ താത്കാലിക ക്യാപ്ടൻ കുപ്പായത്തിലിറങ്ങിയ കെയ്‌റോൺ പൊള്ളാഡ് അർദ്ധ സെഞ്ച്വറിയും (31 പന്തിൽ 81 റൺസ്) നേടി. ഇരുവരുടെയും പ്രകടനം വരുന്ന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹങ്ങൾക്ക് ചിറകേകുന്നതുമാണ്.
. മേയ് 30ന് ഇംഗ്ളണ്ടിൽ തുടങ്ങുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ഇൗ തിങ്കളാഴ്ച സെലക്ഷൻ കമ്മിറ്റി ചേരുമ്പോൾ നാലാം നമ്പർ ബാറ്റ്സ്‌മാൻ പൊസി പൊസിഷനിലേക്കുള്ള ശക്തനായ മത്സരാർത്ഥിയാണ് കെ.എൽ. രാഹുൽ.
. കഴിഞ്ഞ ആസ്ട്രേലിയൻ പര്യടനത്തിനിടെ ടിവി ചാനൽ ഷോയിലെ വിവാദപരാമർശത്തിന്റെ പേരിൽ പുലിവാൽ പിടിച്ച രാഹുൽ ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരസാന്നിദ്ധ്യമല്ല.
. ആസ്ട്രേലിയയുമായി ഇന്ത്യയിൽ നടന്ന ട്വന്റി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അഞ്ച് ഏകദിനങ്ങളിൽ ഒന്നിൽ മാത്രമാണ് അവസരം ലഭിച്ചത്. അത് പ്രയോജനപ്പെടുത്താനുമായില്ല.
. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തോടെ സെലക്ടർമാരുടെ റഡാറിൽ തിളങ്ങിനിൽക്കുകയാണ് രാഹുൽ.
. ഇതുവരെ മൂന്ന് അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറികളും ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ നിന്ന് 317 റൺസ് രാഹുൽ നേടിക്കഴിഞ്ഞു. റൺ വേട്ടയിൽ വാർണർക്ക് പിന്നിൽ രണ്ടാംസ്ഥാനത്താണ് രാഹുൽ.
. ഇന്ത്യയ്ക്കുവേണ്ടി 2016 ൽ അരങ്ങേറ്റം കുറിച്ച രാഹുൽ 14 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
. രണ്ടുവർഷമായി വിൻഡീസ് ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടില്ലാത്ത കെയ്‌റോൺ പൊള്ളഡിന് ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയ്ക്ക് ജീവൻ നൽകുന്നതായി പഞ്ചാബിനെതിരായ ഇിന്നംഗ്സ്.
. 2016 ഒക്ടോബറിലാണ് പൊള്ളാഡ് അവസാാനമായി വിൻഡീസിനായി കളിച്ചത്.
. പഞ്ചാബിനെതിരായ ഇന്നിംഗ്സിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പൊള്ളാഡ് പറയുകയും ചെയ്തു.
. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ വ്യത്യാസമാണ് ദേശീയ ടീമിൽനിന്ന് പൊള്ളഡിനെയും ഗെയ്‌ലിനെയും പോലുള്ളവർ തഴയപ്പെടാൻ പ്രധാനകാരണം.
. ലോകകപ്പിന് മുന്നോടിയായി ബോർഡിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നത്. ടീം സെലക്ഷനിലും പ്രതിഫലിച്ചേക്കാം. അടുത്തുവന്നാൽ ക്രിസ്‌ഗെയ്‌ലും പൊള്ളാഡുമൊക്കെ ലോകകപ്പ് കളിച്ചേക്കാം.
. ഇപ്പോൾ 31 വയസേ ആയിട്ടുള്ളൂ പൊള്ളാഡിന്. തനിക്ക് ഇനിയുമേറെക്കാലം വിൻഡീസിനായി കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊള്ളാഡ്.
കഴിഞ്ഞ കുറച്ചുവർഷമായി വിൻഡീസ് ക്രിക്കറ്റ് ബോർഡിൽ കൂട്ടക്കുഴപ്പങ്ങളാണ്. അടുത്തിടെ അതിൽ ചെറിയ മാറ്റം കാണുന്നുണ്ട്. ഞാനൊക്കെ അധികൃതരുടെ കണ്ണിലെ കരടായിരുന്നു. പക്ഷേ അവസരം ലഭിച്ചാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന് ആത്മവിശ്വാസമുണ്ട്.
കെയ്‌റോൺ പൊള്ളാഡ്.
ക്യാപ്ടൻ പൊള്ളാഡിന്
കൊടു കൈ!
. പഞ്ചാബിനെതിരായ മത്സരത്തിലാണ് ഐ.പി.എല്ലിൽ ആദ്യമായി കെയ്‌റോൺ പൊള്ളാഡ് മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടൻ കുപ്പായം അണിയുന്നത്. ആ മത്സരം നായകന് ചേർന്ന പ്രകടനത്തോടെ വിജയിപ്പിക്കുകയും ചെയ്തു.
. രാഹുലിന്റെയും (100), ഗെയ്‌ലിന്റെയും (63) മികവിൽ പഞ്ചാബ് ഉയർത്തിയ 197/4 എന്ന സ്കോർ ചേസ് ചെയ്യാൻ മുംബയ്ക്ക് സഹായകമായത് പൊള്ളാഡിന്റെ ഒറ്റയാൻ പോരാട്ടമാണ്.
. 31 പന്തുകളിൽ 10 സിക്സുകളുടെയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 83 റൺസാണ് പൊള്ളഡ് അടിച്ചുകൂട്ടിയത്.
. പൊള്ളാഡ് പുറത്തായ ശേഷം അൽസാരി ജോസഫും (15 നോട്ടൗട്ട്) രാഹുൽ ചഹറും (1) ചേർന്ന് അവസാന പന്തിലാണ് വിജയം നൽകിയത്.
. ഐ.പി.എല്ലിൽ പൊള്ളാഡിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് വാങ്കഡെയിൽ പിറന്നത്.
. പരിശീലനത്തിനിടെ പരിക്കേറ്റതിനാലാണ് രോഹിതിന് കളിക്കാൻ കഴിയാതിരുന്നത്.
2008 ൽ ഐ.പി.എൽ തുടങ്ങിയതുമുതൽ ആദ്യമായാണ് പരിക്കുമൂലം രോഹിതിന് ഒരു മത്സരം നഷ്ടമാകുന്നത്.
പോയിന്റ് നില
(കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ)
ചെന്നൈ 6-5-1-10
കൊൽക്കത്ത 6-4-2-8
മുംബയ് 6-4-2-8
പഞ്ചാബ് 7-4-3-8
ഹൈദരാബാദ് 6-3-3-6
ഡൽഹി 6-3-3-6
രാജസ്ഥാൻ 5-1-4-2
ബാംഗ്ളൂർ 6-0-6-0
ഇന്നത്തെ മത്സരം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Vs
ഡൽഹി ക്യാപിറ്റൽസ്
(രാത്രി 8 മുതൽ)