മടങ്ങിവരവിൽ മിന്നുന്ന ഹെഡ്ഡറുമായി ക്രിസ്റ്റ്യാനോ
1-1
ആംസ്റ്റർ ഡാം : ഒന്നാം പകുതിയുടെ അന്ത്യനിമിഷത്തിലും രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തിലും വീണ രണ്ട് ഗോളുകളാണ് ഇന്നലെ യുവന്റെസും അയാക്സും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിന്റെ വിധിയെഴുതിയത്.
അയാക്സിന്റെ തട്ടകമായ ആംസ്റ്റർഡാമിലെ യെഹാൻ ക്രൈഫ് അരീനയിൽ നടന്ന മത്സരത്തിന്റെ 45-ാം മിനിട്ടിൽ ഒരു ബുള്ളറ്റ് ഹെഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിന് ലീഡ് നൽകിയത്. ഇടവേള സമയത്ത് മാത്രമേ ഈ ലീഡ് അനുഭവിക്കാൻ യുവെയ്ക്ക് അവസരമുണ്ടായിരുന്നുള്ളൂ. വിശ്രമം കഴിഞ്ഞ് തിരിച്ചെത്തി. ആദ്യ മിനിട്ടിൽ തന്നെ ഡേവിഡ് നെരേസിലൂടെ യുവെയുടെ വല കുലുക്കി അയാക്സ് കളി സമനിലയിലാക്കി.
കഴിഞ്ഞ മാസം പോർച്ചുഗലിന് വേണ്ടി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കളിക്കവേ സംഭവിച്ച പരിക്കിൽ നിന്നുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടങ്ങിവരവായിരുന്നു ഈ മത്സരം. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് യാവോകാൻസെലോയുടെ ഹൈക്രോസിന് ചാടിയുയർന്ന് സ്വതഃസിദ്ധ ശൈലിയിൽ തലവച്ചാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.
രണ്ടാംപകുതിയുടെ ആദ്യമിനിട്ടിൽ കിക്കോഫിൽ നിന്ന് കിട്ടിയ പന്തുമായി ഇടതുവിംഗിൽ നിന്ന് കുതിച്ചുകയറി വന്നാണ് നേരേസ് സമനില ഗോൾ നേടിയത്. ഇരുപകുതികളിലുമായി നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും അവസരം ലഭിച്ച മത്സരത്തിൽ താരതമ്യേന മുന്നിട്ടു നിന്നത് അയാക്സാണ്.
ഈ മാസം 16നാണ് രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനൽ.
യുവന്റെസിനെതിരായ കഴിഞ്ഞ 10 മത്സരങ്ങളിലും വിജയം നേടാൻ അയാക്സിന് കഴിഞ്ഞിട്ടില്ല. (5 സമനില, 5 തോൽവി)
ഈ സീസണിൽ യുവെന്റസിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ നേടുന്ന ആറാമത്തെ ഗോളാണിത്.
സെൽഫ് ട്രബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
1-0
ലണ്ടൻ : സ്വന്തം കളിമുറ്റത്തെ സെൽഫ് ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ബാഴ്സലോണയ്ക്കെതിരായ ആദ്യപാദ ക്വാർട്ടർ ഫൈനലിന്റെ 12-ാം മിനിട്ടിൽ ലുക്ക്ഷായുടെ അബദ്ധമാണ് ഇംഗ്ളീഷ് ക്ളബിന് തിരിച്ചടിയായത്. മത്സരത്തിന്റെ തുടക്കത്തിലുണ്ടായ ഞെട്ടലിൽ നിന്ന് മോചിതരായി തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതുമില്ല.
മെസിയുടെയും സുവാരേസിന്റെയും ഒരു നീക്കമാണ് ഗോളിൽ കലാശിച്ചത്. മെസി ചിപ്പ് ചെയ്തു നൽകിയ പന്ത് സുവാരേസ് ഗോളിലേക്ക് തട്ടിയിട്ടപ്പോൾ അത് പൂർണമാക്കിയത് ലുക്ക് ഷായാണ്. ഓഫ്സൈഡാണോ എന്ന് സംശയമുണ്ടായിരുന്നുവെങ്കിലും റഫറി വീഡിയോ പരിശോധിച്ച് ഗോൾ അനുവദിച്ചു.
ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽക്കുന്ന തുടർച്ചയായ മൂന്നാമത്തെ ഹോം മാച്ചാണിത്.
2005ന് ശേഷം ടാർഗറ്റിലേക്ക് ഒറ്റഷോട്ട്പോലും തൊടുക്കാനാകാതെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽക്കുന്നത് ഇതാദ്യമാണ്.
''ഹോം മാച്ചിൽ ഞങ്ങൾക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ടായി എന്നത് സത്യമാണ്. എന്നാൽ, ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ ചെന്ന് കീഴടക്കാൻ ഞങ്ങൾക്ക് കഴിയും.
-പോൾ പോഗ്‌ബ, മാൻ.യു. മിഡ്ഫീൽഡർ.