congress-flag

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചില നേതാക്കളുടെയും പ്രവർത്തകരുടെയും സഹകരണം വേണ്ടത്ര കിട്ടുന്നില്ലെന്ന് തിരുവനന്തപുരത്തെ ഡോ. ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പരാതി. പരാതിയുയർന്നതിനെ തുടർന്ന്, പ്രചാരണ പ്രവർത്തനങ്ങളിലെ വീഴ്ച മൂലം വിപരീത ഫലമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികൾക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അന്ത്യശാസനം നൽകി.

തരൂരിന് പുറമേ കോഴിക്കോട്ടെ എം.കെ. രാഘവനും പാലക്കാട്ടെ വി.കെ. ശ്രീകണ്ഠനുമാണ് പരാതിപ്പെട്ടതെന്നാണ് സൂചന. പ്രവർത്തകരുടെ ഭാഗത്ത് നിന്നും പരാതികളുയർന്നു. താഴെത്തട്ടിലെ സംഘടനാദൗർബല്യം പലേടത്തും കോൺഗ്രസിനെ വലയ്ക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ വരവിൽ പ്രവർത്തകരാകെ ഉണർന്നിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. ഇതിനിടയിലാണ് പരാതികളുയർന്നത്. രാഹുൽ ഇഫക്ടിൽ ന്യൂനപക്ഷസ്വാധീനമടക്കം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ വലിയ മുന്നേറ്റം കോൺഗ്രസ് പ്രതീക്ഷിക്കുമ്പോഴാണിത്.

രാഹുൽ എത്തിയതോടെ ഡി.സി.സി പ്രസിഡന്റടക്കം വയനാട്ടിൽ കേന്ദ്രീകരിക്കുന്നുവെന്ന ആക്ഷേപമാണ് കോഴിക്കോട്ട്. തിരുവനന്തപുരത്തെ പ്രവർത്തന പോരായ്മയിൽ കെ.പി.സി.സി അദ്ധ്യക്ഷനോടും എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾ വാസ്നികിനോടും തരൂർ പരിഭവം പറഞ്ഞതായാണ് വിവരം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും തലവേദനയാകുന്നു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ചമയ്ക്കുന്നുവെന്നാരോപിച്ച് അതിൽ അന്വേഷണമാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ ഡി.ജി.പിക്ക് പരാതി നൽകിയത് ഇതിന്റെ ഭാഗമാണ്. പാലക്കാട്ട് എ ഗ്രൂപ്പ് നേതാക്കളുൾപ്പെടെ സഹകരിക്കുന്നില്ലെന്ന പരാതിയാണ് സ്ഥാനാർത്ഥി ശ്രീകണ്ഠന്. പലരും ആലത്തൂരിൽ കേന്ദ്രീകരിക്കുന്നുവെന്നാണ് പരാതി.

തിരുവനന്തപുരത്ത് ശക്തമായ ത്രികോണമത്സരമായതോടെയാണ് പഴുതടച്ചുള്ള പ്രചാരണം വേണമെന്ന ആവശ്യം സ്ഥാനാർത്ഥിയിൽ നിന്നടക്കം നിന്നുയർന്നത്. എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രശ്നത്തിലിടപെട്ട് ജില്ലയിലെ നേതാക്കളുമായി സംസാരിച്ചു.

അതേസമയം, പ്രചരണത്തെക്കുറിച്ച് താൻ പരാതി പറഞ്ഞിട്ടില്ലെന്നും എവിടെയെങ്കിലും പോരായ്മയോ കുറവോ ഉണ്ടെങ്കിൽ പാർട്ടി പരിഹരിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.