മാഡ്രിഡ് : കഴിഞ്ഞയാഴ്ച ബാഴ്സലോണയ്ക്കെതിരെ നടന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ റഫറിയോട് മോശമായി പെരുമാറിയതിന് അത്‌ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ ഡീഗോ കോസ്റ്റയ്ക്ക് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ എട്ട് മത്സരങ്ങളിൽ വിലക്ക് വിധിച്ചു. തന്റെ മാതാവിനെ കോസ്റ്റ് തെറി വിളിച്ചതും കാർഡെടുക്കാൻ ശ്രമിച്ചപ്പോൾ കൈകൾ ബന്ധിക്കാൻ ശ്രമിച്ചെന്നും മാച്ച് റഫറി ഗിൽമൻസാനോ ഫെഡറേഷന് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് നടപടി. മത്സരത്തിൽ കോസ്റ്റയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചിരുന്നു.
ഈ വിലക്ക് വന്നതോടെ കോസ്റ്റയ്ക്ക് ഈ സീസണിൽ ഇനി അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കളിക്കാനാവില്ല. ലാലിഗയിൽ ഏഴ് മത്സരങ്ങൾ കൂടിയേ ക്ളബിന് അവശേഷിക്കുന്നുള്ളൂ.