crime

ഉള്ളർ: എസ്.എ.ടി ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കാണാതായ ഹൗസ്‌ സർജനെ മെഡിക്കൽ കോളേജിന് പിന്നിലെ ഗ്രൗണ്ടിന് സമീപം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചനിലയിൽ കണ്ടെത്തി. സെമി ലേബർ റൂമിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന കൊല്ലം സ്വദേശിയായ ഇരുപത്തിന്നാലുകാരനെയാണ് കഴുത്തറുത്ത ശേഷം ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബ്ലേഡ് വീഴുങ്ങിയതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടർ ഒരു ഫയൽ ഒപ്പിടിയിക്കാനായി ഇയാളുടെ കൈയിൽ കൊടുത്തുവിട്ടു. ഏറെ നേരമായിട്ടും കാണാത്തതിനാൽ ഡോക്ടർ മൊബൈലിൽ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫായിരുന്നു. ആശുപത്രിയിലും പരിസരത്തും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് വിവരം പൊലീസിനെ അറിയിച്ചത്. നൈറ്റ് ഡൂട്ടിയിലുണ്ടായിരുന്ന പൊലീസ് അന്വേഷണം നടത്തുന്നതിനിടെ നാലുമണിയോടെ ഇയാൾ മൊബൈൽ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് മെഡിക്കൽ കോളേജിന് പിൻവശത്തെ ഗ്രൗണ്ടിലെത്താൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കൾ എത്തിയപ്പോഴാണ് കഴുത്തിൽ നിന്ന് രക്തം വാർന്നൊലിക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടർന്ന് ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് 22 സൈസിലുള്ള സർജിക്കൽ ബ്ലേഡ് വിഴുങ്ങിയ വിവരം വെളിപ്പെടുത്തിയത്. സ്‌കാനിംഗിനും വിശദ പരിശോധനകൾക്കും ശേഷം അടിയന്തര ശസ്ത്രക്രിയയിലൂടെ അന്നനാളത്തിൽ കുടുങ്ങിയ ബ്ലേഡ് പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
പത്ത് ദിവസം മുമ്പാണ് ഇയാൾ ഹൗസ് സർജൻസിക്ക് എത്തിയത്. ശ്രീകാര്യത്തായിരുന്നു താമസം. 18 മണിക്കൂറിലധികം ഹൗസ് സർജൻസിയുടെ ഭാഗമായി ജോലികൾ ചെയ്യേണ്ടിവരുന്നതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആദ്യ ഡ്യൂട്ടി എസ്.എ.ടി യിലെ പ്രസവ വാർഡിൽ ലഭിച്ചതും ബുദ്ധിമുട്ടിലാക്കിയതായി പറയുന്നു.