ജയ്പൂർ : രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ. മത്സരത്തിൽ ജയിക്കാൻ ചെന്നൈ സൂപ്പർകിംഗ്സിന് വേണ്ടത് 152 റൺസ് ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചഹർ, ശാർദ്ദൂർ താക്കൂർ, രവീന്ദ്ര ജഡേജ എന്നിവർ ചേർന്നാണ് രാജസ്ഥാനെ നിയന്ത്രിച്ചു നിറുത്തിയത്.
രാജസ്ഥാൻ റോയൽസ് നന്നായി തുടങ്ങിയെങ്കിലും പെട്ടെന്ന് പിടിവിട്ട് വീഴുകയായിരുന്നു. 17 പന്തിൽ 31 റൺസടിച്ച് ഒാപ്പണിംഗ് സഖ്യം തകർന്നതിന് പിന്നാലെ തുരുതുരാ വിക്കറ്റുകൾ പൊഴിഞ്ഞു. 15 ഒാവറിൽ 103 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി.
11 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ പറത്തി 14 റൺസെടുത്ത രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെയെ എൽ.ബിയിൽ കുരുക്കി പേസർ ദീപക് ചഹാറാണ് ചെന്നൈയ്ക്ക് മത്സരത്തിലെ ആദ്യബ്രേക്ക് നൽകിയത്. രഹാനെയ്ക്കൊപ്പം ഒാപ്പണിംഗിൽ തകർത്താടിയ ജോസ് ബട്ട്ലറായിരുന്നു അടുത്തതായി കൂടാരം കയറിയത്. 10 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കം 23 റൺസടിച്ച ബട്ട്ലറെ ശാർദ്ദൂൽ അമ്പാട്ടി റായ്ഡുവിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാൻ 47/2 എന്ന നിലയിലായി.
കഴിഞ്ഞ കളിയിൽ പരിക്കുമൂലം പുറത്തിരുന്ന സഞ്ജു സാംസണായിരുന്നു അടുത്ത ഇര. ആറ് പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്ത് സാന്റ്നറുടെ പന്തിൽ ധ്രുവ് ഷോറേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് രവീന്ദ്ര ജഡേജയുടെ ഉൗഴം.
ഒൻപതാം ഒാവറിൽ ജഡേജ രാഹുൽ ത്രിപാതിയെ (10) കേദാർ യാദവിന്റെ കൈയിലെത്തിച്ചു. 11-ാം ഒാവറിൽ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനെയും (5) ജഡേജ കൂടാരം കയറ്റി. അമ്പാട്ടി റായ്ഡുവിനായിരുന്നു സ്മിത്തിന്റെ ക്യാച്ച്. ഇതോടെ രാജസ്ഥാൻ 78/5 എന്ന നിലയിലായി.
തുടർന്ന് ഒരറ്റത്ത് ബെൻ സ്റ്റോക്സ് (28)പൊരുതി നിൽക്കവേ റിയാൻ പരാഗ് (16) 15-ം ഒാവറിൽ പുറത്തായി. ശാർദ്ദൂലിന്റെ പന്തിൽ ധോണിക്കായിരുന്നു ക്യാച്ച്.