modi

രാഷ്ട്രീയസഖ്യത്തിൽ ഏർപ്പെടാനാണെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കാനാണെങ്കിലും 'എങ്ങനെ' എന്ന ചോദ്യത്തിന്റെ ഉത്തരം നിർണായകമാണ്. പക്ഷേ, 'എങ്ങനെ' എന്ന അസുഖകരമായ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയപ്പെട്ട നിഗമനങ്ങൾ അവതരിപ്പിക്കുന്നതാണ് രാഷ്ട്രീയത്തിലെ പൊതുരീതി. ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ ശ്രദ്ധിച്ചാലറിയാം, ഈ പ്രതിഭാസം. തന്റെ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്ന ഒരു പാർട്ടി പ്രവർത്തകനോട്, അത് എങ്ങനെ എന്നു ചോദിച്ചാൽ മറുപടി ചിലപ്പോൾ നട്ടാൽ കുരുക്കാത്ത വാദഗതികളായിരിക്കും.

എങ്ങനെ എന്ന ചോദ്യത്തിന് ഒരു ദേശീയമാനം നൽകിയാൽ ഒരു മണ്ഡലത്തിലെയോ ഒരു സംസ്ഥാനത്തെയോ ജയപരാജയങ്ങൾക്കും അപ്പുറത്തേക്കു പോകും അർത്ഥവ്യാപ്തി. കേന്ദ്രത്തിൽ ഏതു മുന്നണി അധികാരത്തിൽ വരുമെന്ന് ഇപ്പോഴും വ്യക്തമായ ഒരു രൂപവുമില്ലാതിരിക്കെ, എങ്ങനെ എന്ന ചോദ്യത്തിന്റെ വിശ്വരൂപം വിചിത്രമാണ്.

ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിക്കോ, കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കോ ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയിൽ രണ്ടു സാദ്ധ്യതകളാണുള്ളത്. ഒന്ന് : രണ്ടു മുന്നണികളിലൊന്ന് അംഗബലം കൂടുതലുള്ള പ്രാദേശിക കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കും. രണ്ട് : പ്രാദേശിക കക്ഷികൾ ചേർന്ന് ഒരു മുന്നണിക്ക് രൂപം നൽകി ബി.ജെ.പിയുടെയോ കോൺഗ്രസിന്റെയോ പിന്തുണയോടെ അധികാരത്തിൽ വരും.

വളച്ചൊടിച്ചതും അല്ലാത്തതുമായ അഭിപ്രായ സർവേകളിലെ പ്രവചനങ്ങൾ മാറ്റിവച്ച്, ബി.ജെ.പിക്കും കോൺഗ്രസിനും 180 സീറ്റ് വീതം ലഭിച്ചുവെന്ന് സങ്കല്‌പിക്കുക. ഏതു പാർട്ടിക്കാണ് പുതിയ സഖ്യങ്ങളിലൂടെ ആദ്യം ഭൂരിപക്ഷപിന്തുണ ആർജ്ജിക്കാൻ സാധിക്കുക? എങ്ങനെ എന്ന ചോദ്യത്തിന്റെ പ്രസക്തി ഈ ചോദ്യത്തിൽ നിന്നു വേണം മനസിലാക്കാൻ. ബി.ജെ.പി നേതൃത്വത്തിന്റെ മനസിൽ എങ്ങനെയെന്ന ചോദ്യം ഇപ്പോഴേയുണ്ട്.

ബിജു ജനതാദളിന്റെ (ബി.ജെ.ഡി ) ശക്തിദുർഗ്ഗമായ ഒഡിഷയിലെ സ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ മനസിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മുഴം മുമ്പേ എറിയുകയാണെന്ന്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡിഷയിലെ 21 സീറ്റിൽ ഇരുപതും നേടിയത് മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് നേതൃത്വം നൽകുന്ന ബി.ജെ.ഡി ആണ്. ഒരു സീറ്റ് ബി.ജെ.പിക്കു കിട്ടി. കോൺഗ്രസിന് ഒന്നും കിട്ടിയില്ല. 2017-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നില ഒന്നുകൂടി മെച്ചപ്പെട്ടു. ജില്ലാ പരിഷത്ത് സീറ്റുകൾ 36 ൽ നിന്ന് 306 ആയി വർദ്ധിച്ചു. കോൺഗ്രസിന്റെ സീറ്റ് 126-ൽ നിന്ന് 66 ആയി കുറഞ്ഞു. ബി.ജെ.ഡിക്കും നഷ്ടമുണ്ടായി. 91 സീറ്റ് കുറഞ്ഞു. കാണ്ഡമാൽ ലോക്‌സഭാ മണ്ഡലത്തിലും ബീജെപൂർ നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ആയിരുന്നു രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന് മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ.

ഒഡിഷയിൽ കഴിഞ്ഞ 19 വർഷമായി അധികാരത്തിലിരിക്കുന്ന നവീൻ പട്‌നായിക്കിന്റെ മുഖ്യപ്രതിയോഗി ഇത്തവണ ഏതു പാർട്ടിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്കുകൾ. ഒഡിഷ പി.സി.സി അദ്ധ്യക്ഷൻ നിരഞ്ജൻ പട്നായിക്കിന്റെ സ്വജനപക്ഷപാതവും പാർട്ടിയിലെ പടലപ്പിണക്കങ്ങളും മൂലം കൂടുതൽ അവശമായ നിലയിലാണ് ഇപ്പോൾ കോൺഗ്രസ്. സ്വാഭാവികമായും ബി.ജെ.പിയുടെ മുഖ്യശത്രു നവീൻ പട്‌നായിക്കും ബിജു ജനതാദളുമാണ്. ഒരു ലോക്‌സഭാ സീറ്റിലും ജയിക്കാൻ സാദ്ധ്യതയില്ലാത്ത കോൺഗ്രസിനെ കടന്നാക്രമിച്ചിട്ട് ബി.ജെ.പിക്ക് എന്തു കിട്ടാൻ?

കഴിഞ്ഞ ആറാം തീയതി പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഒഡിഷയിൽ എത്തിയിരുന്നു. സുന്ദർഗഢിലായിരുന്നു പൊതുസമ്മേളനം. ഒഡിഷയിൽ താമര വിരിയുമൊന്നൊക്കെ അദ്ദേഹം അവകാശപ്പെട്ടെങ്കിലും മുഖ്യപ്രതിയോഗിയായ നവീൻ പട്‌നായിക്കിനെ നോവിക്കുന്ന യാതൊന്നും മിണ്ടിയില്ല. വിമർശിച്ചത് കോൺഗ്രസിനെയായിരുന്നു!

ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ 'എങ്ങനെ' എന്ന ചോദ്യം ബി.ജെ.പി നേതൃത്വത്തിന്റെ മനസിൽ ഇപ്പോഴേയുണ്ടെന്ന് അർത്ഥം. നവീനെ പിണക്കാൻ മോദി തയ്യാറല്ല. സർക്കാർ രൂപീകരിക്കാൻ സഖ്യം വേണ്ടിവന്നാൽ ഒരു മടിയും കൂടാതെ മോദിയുടെ ദൂതന്മാർക്ക് നവീനെ സമീപിക്കാൻ സാധിക്കും.

ഒഡിഷയിൽ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഇനി വേണം ഒഡിഷയിലെത്താൻ. ഏപ്രിൽ 9-ന് നടത്താനിരുന്ന ഒഡിഷ പര്യടനം അവസാന നിമിഷം അദ്ദേഹം റദ്ദാക്കുകയായിരുന്നു. രാഹുലിന്റെ മനസിലുമുണ്ടോ ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയെ 'എങ്ങനെ' നേരിടുമെന്ന ചോദ്യം? ഒരു കാര്യം ഉറപ്പാണ്. അനന്തരം എങ്ങനെ എന്ന ചോദ്യം മനസിലുണ്ടായിരുന്നുവെങ്കിൽ കോൺഗ്രസ് കൂടുതൽ സംസ്ഥാനങ്ങളിൽ സഖ്യത്തിനു ശ്രമിക്കുമായിരുന്നു. ഒരു സീറ്റും ലഭിക്കാൻ സാദ്ധ്യതയില്ലാത്ത ചില സംസഥാനങ്ങളിൽ പോലും കോൺഗ്രസ് മത്സരിക്കുന്നത് ഒറ്റയ്‌ക്കാണ്.