cinema

ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്ന് ജീവചരിത്ര സിനിമകൾ തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുങ്ങുകയാണ്. അതിനിടയിലേക്ക് ഇതാ തമിഴകത്തിന്റെ അമ്മയുടെ മറ്റൊരു ചിത്രം കൂടി എത്തുന്നു. ഇതിൽ ജയലളിത മാത്രമല്ല അവരുടെ ഉറ്റ തോഴിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന ശശികലയും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. സിനിമയുടെ പേരിലുമുണ്ട് ഈ തുല്യത. ശശിലളിതയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെ. ജഗദീശ്വര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇരുവരുടെയും മുഖത്തിന്റെ പാതിചേർത്ത ലുക്കാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിൽ ബോളിവുഡ് താരം കജോളാകും ജയലളിതയായി എത്തുക. ശശികലയായി തെന്നിന്ത്യൻ താരസുന്ദരി അമലാ പോളും. ഇരുവരുമായി ആദ്യവട്ട ചർച്ച നടത്തിയെന്നാണ് സംവിധായകനുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ജയലളിതയുടെയും ശശികലയുടെയും ഇതുവരെ കാണാത്ത ജീവിതവും ചിത്രത്തിലുണ്ട്. ജയലളിത ആശുപത്രിയിൽ കഴിഞ്ഞ അവസാന 75 നാളുകളും ചിത്രത്തിലുണ്ടാകുമെന്നും പിന്നണിക്കാർ അറിയിക്കുന്നു. ഇരുവരും പരസ്പരം ജീവിതത്തിൽ എങ്ങനെയായിരുന്നുവെന്ന് തിരിച്ചറിയാൻ തന്റെ ചിത്രം ഉപകരിക്കുമെന്നാണ് ജഗദീശ്വര റെഡ്ഡി പറയുന്നത്. ജയം മൂവീസാണ് സിനിമ നിർമ്മിക്കുന്നത്. താരനിർണയം പൂർത്തിയായാൽ അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങും.

എ.എൽ വിജയ് ഒരുക്കുന്ന തലൈവിയിൽ ജയലളിതയായി എത്തുന്നത് കങ്കണ റണാവത്താണ്. ചിത്രം ഹിന്ദിയിൽ ജയ എന്ന പേരിലാണ് എത്തുക. പ്രിയദർശിനി ഒരുക്കുന്ന ദ അയൺ ലേഡിയിൽ നിത്യാ മേനോനാണ് ജയലളിതയാകുന്നത്. ഇനിയും പേരിടാത്ത മറ്റൊരു ചിത്രത്തിൽ ജയയായി എത്തുക നയൻതാരയാണെന്നും റിപ്പോർട്ടണ്ട്. ഇത്തരത്തിൽ നിരവധി ജയലളിത ചിത്രങ്ങളാണ് ശശിലളിതയ്ക്കൊപ്പം ഒരുങ്ങുന്നത്.