സത്യത്തിനും മിധ്യയ്ക്കും ഇടയിൽ എന്നവണ്ണം ഒരു നിമിഷം പകച്ചു ചന്ദ്രകല.
പിന്നെ യാന്ത്രികമായി എന്നവണ്ണം അവൾ കൈത്തലം ഉയർത്തി കവിളിൽ തടവി നോക്കി. അവിടെ കൈവിരൽപ്പാടുകൾ മുഴച്ചുനിൽക്കുന്നതുപോലെ...
ഒരു നിമിഷം!
ചന്ദ്രകലയുടെ കണ്ണുകളിൽ രണ്ട് സ്വർണ്ണ സർപ്പങ്ങൾ മിന്നി. പല്ലുകൾ ചേർന്നു ഞെരിഞ്ഞു.
അതിനിടയിലൂടെ വാക്കുകൾ ചതഞ്ഞരഞ്ഞ് പുറത്തുചാടി.
''നീ..... നീ എന്നെ തല്ലി അല്ലേ?"
അവളുടെ ശബ്ദമൊഴികെ മറ്റൊന്നും ഇല്ല ആ മുറിക്കുള്ളിൽ.
ശൂന്യാകാശത്തിലെ മഹാവിജനതയും നിശ്ശബ്ദതയും.
ഇപ്പോൾ വിവേകിനു പോലും മിണ്ടാനാവുന്നില്ല!
ഒരാവേശത്തിൽ ചെയ്തുപോയതാണ്! അറിയാതെ അവൻ തന്റെ കൈപ്പത്തിയിലേക്കു നോക്കി.
കൈവിരലുകൾ സിന്ദൂര നിറമായിരിക്കുന്നു....
നിശ്ശബ്ദതയിലേക്ക്, കരിമ്പാറ പിളരും പോലെ ചന്ദ്രകലയുടെ ശബ്ദം തെറിച്ചുവീണു.
''നീ.... " അവളുടെ ശ്വാസഗതിക്കു വേഗതയേറി. ''ഇന്ന് തീയതി പതിനാറ്. കലണ്ടറിൽ കുറിച്ചു വച്ചോ... അടുത്ത പതിനാറാം തീയതി നിന്റെ പതിനാറടിയന്തിരം. പറയുന്നത് ചന്ദ്രകലയാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ നിന്റെ ഈ വീടിനു മുന്നിൽ വന്ന് സ്വയം പെട്രോൾ ഒഴിച്ച് ഞാൻ തീകത്തിച്ചു മരിക്കുമെടാ."
അവൾ കവിളിൽ ഒന്നുകൂടി തടവി:
''അതിനു മുൻപ്, എന്റെ കവിളിൽ വച്ച നിന്റെ വലതു കൈയുണ്ടല്ലോ. അത് ഞാൻ തല്ലിച്ചതച്ച് ചുട്ടെരിച്ചിരിക്കും."
സുധാമണിയുടെയും രേവതിയുടെയും പാഞ്ചാലിയുടെയും മുഖങ്ങൾ പേടികൊണ്ട് വിളറി.
വിവേകിനു മാത്രം ഒരു മരവിപ്പ്. താൻ ഭൂമിയുടെ വിളുമ്പിൽ നിൽക്കുന്നതു പോലെ...
അപ്പുറം അഗാധ ഗർത്തം മഞ്ഞിനാൽ മൂടിക്കിടക്കുന്നു. ആകാശം പോലെ....
അവിടെ വ്യാപിച്ച മരവിപ്പിനിടയിലൂടെ ചന്ദ്രകല, പാഞ്ചാലിയെ വലിച്ചിഴച്ചുകൊണ്ട് പുറത്തേക്കു പോയി.
വാതിൽ കടന്നതും ചന്ദ്രകല തിരിഞ്ഞു നിന്നു. വെല്ലുവിളിക്കും പോലെ ഇടതുകൈയുടെ ചൂണ്ടുവിരൽ നീട്ടി ഒന്നു ചലിപ്പിച്ചു. വിവേകിനു നേരെ....
ശേഷം റോഡിൽ കിടന്നിരുന്ന സ്കോഡയുടെ അരുകിലെത്തി. ബാക്ക് ഡോർ തുറന്ന് പാഞ്ചാലിയെ അകത്തേക്കു വലിച്ചെറിഞ്ഞു.
ഡിക്കിയെ ഒന്നു വലം വച്ച് ഡ്രൈവിങ് സീറ്റിലെത്തി ചന്ദ്രകല.
എൻജിൻ മുരണ്ടു.
പിൻചക്രങ്ങൾ റോഡിൽ വല്ലാത്ത ശബ്ദത്തോടെ കറങ്ങി. വെടിയുണ്ട വേഗത്തിൽ കാർ പാഞ്ഞുപോയി....
ഒരു കൊടുങ്കാറ്റും പേമാരിയും അടങ്ങിയ പ്രതീതി.
ആദ്യം നാവനക്കിയത് രേവതിയാണ്:
''എന്നാലും മോനേ... നീ കലക്കൊച്ചമ്മയെ തല്ലതരുതായിരുന്നു..."
വിവേകിന്റെ മുഖം മുറുകി.
''പിന്നെ... അമ്മയുടെ പ്രായമുള്ള അമ്മമ്മയെ അല്ലേ അവർ തല്ലിയത്? ആരും ചോദിക്കില്ല എന്നുള്ള അഹങ്കാരം. അല്ലാതെന്താ? കാലം പഴയതല്ലെന്നും കൊടുത്താൽ തിരിച്ചുകിട്ടുമെന്നും അറിയണം, അവരും."
''ഇനി കലക്കൊച്ചമ്മ അടങ്ങിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ മോനേ?"
ചോദിച്ചത് സുധാമണിയാണ്.
''അവര് ഇരിക്കുകയോ നിൽക്കുകയോ ചെയ്യട്ടേ.."
അതും പറഞ്ഞ് അവൻ പുറത്തിറങ്ങി. തന്റെ സൈക്കിളിൽ കയറി എവിടേക്കോ പോയി.
വടക്കേ കോവിലകം.
ആറ്റുചരൽ വിരിച്ച മുറ്റത്ത് ഭയങ്കര ശബ്ദത്തോടെ സ്കോഡ ബ്രേക്കിട്ടു.
ഡോർ തുറന്ന് ചാടിയിറങ്ങിയ ചന്ദ്രകല പിന്നിൽ നിന്ന് പാഞ്ചാലിയെ വലിച്ചിറക്കി.
''ഇങ്ങോട്ടു വാടീ...."
അറവുമാടിനെ എന്നവണ്ണം അവൾ പാഞ്ചാലിയെ വലിച്ചിഴച്ചു.
ഉത്തരത്തിൽ നിന്നു താക്കോലെടുത്ത് വാതിൽ തുറന്നു. പിന്നെ അകത്തിണ്ണയിലൂടെ അവളെ, അവളുടെ മുറിയിലേക്കു കൊണ്ടുപോയി.
''നിനക്ക് തൃപ്തിയായില്ലേടീ... കൺകുളിർക്കെ നീ കണ്ടല്ലോ. ആ തെണ്ടി എന്നെ തല്ലിയത്? എല്ലാത്തിനും കാരണക്കാരി നീ ഒരുത്തിയാ."
ചന്ദ്രകല, പാഞ്ചാലിയെ കിടക്കയിലേക്കു തള്ളിവീഴ്ത്തി:
''ഈ മുറിയിൽ നിന്നിനി പുറത്തിറങ്ങിക്കൂടാ നീയ്. ഒരു നേരം ആഹാരം കിട്ടാഞ്ഞപ്പോൾ തെണ്ടാൻ ഇറങ്ങിയ നീ ശരിക്കറിയണം വിശപ്പിന്റെ വില. പച്ചവെള്ളം പോലും തരില്ല നിനക്ക് ഞാൻ... "
വെട്ടിത്തിരിഞ്ഞു ചന്ദ്രകല.
പാഞ്ചാലിയുടെ മുറിയുടെ വാതിൽ വലിച്ചടച്ച് പുറത്തുനിന്ന് പൂട്ടി.
തലയിണയിൽ മുഖം അമർത്തി പാഞ്ചാലി. കണ്ണീരിൽ തലയിണ നനഞ്ഞു.
തന്റെ മുറിയിലെത്തിയിട്ട് ചന്ദ്രകല പ്രജീഷിനു ഫോൺ ചെയ്തു. നടന്നതത്രയും അയാളെ പറഞ്ഞു കേൾപ്പിച്ചു.
''നന്നായി..." അപ്പുറത്തുനിന്ന് പ്രജീഷിന്റെ അടക്കിയ ചിരി കേട്ടു.
ചന്ദ്രകല ആകെ പുകഞ്ഞു:
''എനിക്ക് തല്ലുകിട്ടിയത് പ്രജീഷിന് നന്നെ ബോധിച്ചു അല്ലേ?"
അപ്പുറത്ത് ചിരി നിന്നു.
''അതല്ലെടീ മണ്ടീ. ഒരു തല്ലുകിട്ടിയതുകൊണ്ട് നമ്മൾ നേടിയിരിക്കുന്നത് ഒരു വലിയ കാര്യമാണ്."
ചന്ദ്രകലയ്ക്കു മനസ്സിലായില്ല.
പ്രജീഷ് തുടർന്നു:
''പാഞ്ചാലിക്ക് അവിടെ പോകാൻ തോന്നിയത് നമ്മുടെ ഭാഗ്യം. ഇനി നമ്മുടെ തുറുപ്പുഗുലാൻ അവൻ തന്നെ. എന്താ അവന്റെ പേര്? ങാ.. വിവേക്. അല്ലേ? നമ്മൾ ചെയ്യാൻ പോകുന്ന പാപങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട പാഴ് ജന്മം."
''പ്രജീഷ് ഒന്നു വ്യക്തമാക്കുന്നുണ്ടോ?"
ചന്ദ്രകലയ്ക്കു ദേഷ്യം വന്നു.
''പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് കണ്ടും അനുഭവിച്ചും അറിയുന്നതാണ്. അതാണ് സുഖം. അതാണ് സംതൃപ്തി. പിന്നെ നേരത്തെ നമ്മൾ തീരുമാനിച്ചിരുന്നതിൽ നിന്ന് പ്ളാനിന് ഒരു ചെറിയ വ്യത്യാസം. നിന്നെ കൂടുതൽ വെറുക്കണം അവൾ. പാഞ്ചാലി!
എങ്കിലേ സൂസനുമായി അവൾ കൂടുതൽ അടുക്കൂ. സൂസൻ പറയുന്നതെന്തും അനുസരിക്കൂ... പാഞ്ചാലിയുടെ ഉള്ളിലുള്ളതൊക്കെ പുറത്തുവരൂ...."
ഇപ്പോൾ ചന്ദ്രകലയ്ക്ക് ഏതാണ്ടൊക്കെ വ്യക്തമായിത്തുടങ്ങി.
(തുടരും)