plane-home

സ്വന്തം വീടിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ സങ്കൽപ്പങ്ങളുണ്ടാവും. മറ്റുള്ള വീടിനെക്കാൾ വ്യത്യസ്തമായിരിക്കണം തന്റെ വീടെന്ന് കരുതുന്നവരുമുണ്ടാവും. അതിനായി എത്ര കാശ് മുടക്കാനും ചിലർക്ക് മടിയില്ല. എന്നാൽ, സാധാരണ സങ്കൽപ്പങ്ങളെയെല്ലാം തകിടം മറിക്കുന്നതാണ് അമേരിക്കക്കാരനായ ബ്രൂസ് കാംബെല്ലിന്റെ വീട്. വീടെന്ന് പറഞ്ഞാൽ ഒന്നൊന്നര വീട്. അതെന്ത് വീടെന്നല്ലേ.. വിമാന വീട്!! എന്നാൽ, അത് വിമാനത്തിന്റെ ആകൃതിയിൽ പണിത വീടാണെന്ന് കരുതിയെങ്കിൽ തെറ്റി. ഒറിജിനൽ വിമാനത്തെതന്നെ വീടാക്കി മാറ്റിയിരിക്കുകയാണ് എൻജിനീയർ കൂടിയായ കാംബെൽ. അതിനായി ഡോളേഴ്സ് ആന്റ് ഡോളേഴ്സ് ചെലവാക്കി പഴയ ബോയിംഗ് 727 എന്ന വിമാനംതന്നെ കാംബെൽ സ്വന്തമാക്കി. വീണ്ടും ഡോളറുകൾ ചെലവിട്ട് ഉൾവശം വീടിന്റെ രൂപത്തിലാക്കി. അത് കണ്ടാൽ ആരും ഞെട്ടിപ്പോകും. അടുക്കളയും കിടപ്പുമുറിയും ടോയ്ലറ്റുമൊക്കെ ഉണ്ട് ഇതിൽ. ആവശ്യത്തിന് ഫർണിച്ചറും. എന്നാൽ, കോക്പിറ്റുൾപ്പെടെയുള്ള ഭാഗങ്ങൾ അതുപോലെ നിലനിറുത്തിയിട്ടുണ്ട്. തന്റെ വീട് കാണാൻ അതിഥികളെ ക്ഷണിക്കുന്നതിൽ അദ്ദേഹത്തിന് സന്തോഷം മാത്രം. പഴയ വിമാനങ്ങൾ ഇതുപോലെ വീടാക്കി മാറ്റണമെന്ന ഉപദേശവും കാംബെൽ തന്റെ വീട് സന്ദർശിക്കാൻ എത്തുന്നവർക്ക് നൽകുന്നുണ്ട്.