രാജ സൊൽവതാൻ സെയ്‌വ, സെയ്‌വരാത് മട്ടും താൻ സൊലുവ - മധുരരാജ എന്നസിനിമ കണ്ടിരിക്കുന്ന പ്രേക്ഷകർ പലതവണ ഈ ഡയലോഗ് കേൾക്കുന്നുണ്ട്. ഇതുപോലൊരുപാട് മാസ് ഡയലോഗുകൾ കൊണ്ട് സംപുഷ്ടമായ ഒരു സിനിമയാണ് വൈശാഖ് ഒരുക്കിയ മധുരരാജ. ആദ്യ ഭാഗമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമല്ല ഇതെന്ന് അണിയറക്കാർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മറിച്ച് പോക്കിരി രാജയുടെ രണ്ടാമത്തെ അവതാരമാണിത്. ഇനിയൊരു മൂന്നാം ഭാഗം കൂടി പ്രേക്ഷകർ പ്രതീക്ഷിച്ചാലോ? അവരുടെ പ്രതീക്ഷ അസ്ഥാനത്താവാതിരിക്കട്ടെ.
മധുരയിൽ നിന്ന് കൊച്ചിയിലേക്ക്
കൊച്ചിയിലെ പാമ്പിൻതുരുത്ത് എന്ന കൊച്ചുദ്വീപിലെ പ്രദേശത്ത് നടക്കുന്ന കഥയാണ് മധുരരാജയുടെ പശ്ചാത്തലം. കള്ളവാറ്റും വ്യാജമദ്യദുരന്തവും എന്നുവേണ്ട സർവ കൊള്ളരുതായ്മകളും കൊടികുത്തി വാഴുന്ന ആ തുരുത്തിനെ സംരക്ഷിക്കാൻ മധുരയിലെ രാഷ്ട്രീയ പാർട്ടിയുടെ നായകൻ അവതരിക്കുന്നു. പിന്നെ എന്താണ് പോരെന്ന് തിയേറ്ററിൽ നിന്ന് കണ്ടറിയണമെന്നുമാത്രം.
സിനിമ തുടങ്ങി മുക്കാൽ മണിക്കൂർ ആകുമ്പോഴാണ് നായകനെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ എൻട്രി. ഒരുപക്ഷേ, അതുവരെ നിങ്ങൾ കാണുന്നതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ ആയിരിക്കും. മമ്മൂട്ടിയുടെ മാസ് വരവോടെ സിനിമയുടെ ആകെ സ്വാഭാവം തന്നെ മാറുകയാണ്. അർത്ഥമില്ലാത്ത മുറി ഇംഗ്ളീഷും തമാശകളും കൊണ്ട് മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടുകയാണ്. മമ്മൂട്ടിയെ പോലെയുള്ള നടനെ വച്ച് ബിഗ് ബഡ്‌ജറ്റിൽ സിനിമയെടുക്കുമ്പോൾ ആരാധാകരുടെ പ്രതീക്ഷ കാക്കേണ്ടത് സംവിധായകന്റെ ജോലിയാണ്. അത് വൈശാഖ് നന്നായി നിറവേറ്റിയിരിക്കുന്നു. മാസിന് മാസ്, ആക്ഷന് ആക്ഷൻ, തമാശയ്ക്ക് തമാശ എന്നുവേണ്ട സർവേമഖലേയേയും സിനിമ സ്‌പർശിക്കുന്നുണ്ട്.
ചിരിയും മാസുമായി ആവേശപ്പൂരം അരങ്ങ് തകർക്കുന്നതിനിടെ തികച്ചും നാടകീയമായി ആദ്യ പകുതിക്ക് കർട്ടൻ വീഴുകയാണ്, യഥാർത്ഥ കളി ഇനിയാണ് എന്ന സന്ദേശത്തോടെ. ആ ടാഗ്‌ലൈൻ അന്വർത്ഥമാക്കുന്ന കളികളാണ് രണ്ടാം ഭാഗത്തിൽ. തരംതാണ രാഷ്ട്രീയക്കളികളും സന്നദ്ധ സേവനങ്ങളുടെ പേരിലുള്ള കൊള്ളരുതായ‌്മകളും മറ്റുമൊക്കെ തിരിക്കഥാകൃത്ത് ഉദയകൃഷ്ണ സിനിമയിൽ കരുതിവച്ചിട്ടുണ്ട്. മാസും ആക്ഷനും ചേർന്ന് അരങ്ങ് കൊഴുപ്പിക്കുമ്പോൾ കണ്ണിന് വിരുന്നായി മാറുന്നുണ്ട് ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ഒന്നാന്തരം ഐറ്റം ഡാൻസ്.
രാജമാണിക്യം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കോമഡി കൗണ്ടറുകൾ തീർക്കുന്നത് മധുരരാജയിലായിരിക്കും. മെഗാസ്‌റ്റാറിന്റെ എൻട്രി വരെ സലിം കുമാർ അവതരിപ്പിക്കുന്ന എഴുത്തച്ഛൻ എന്ന നോവലിസ്റ്റ് കഥാപാത്രം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ഹാസ്യം രാജയുടെ വരവോടെ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. പിന്നെ ഇവരെയൊക്കെ കവച്ചുവയ്‌ക്കുന്ന മമ്മൂട്ടിയുടെ ഹാസ്യത്തേരോട്ടമാണ്. വെള്ള ഷർട്ടും മുണ്ടും അണിഞ്ഞ് ഇടത് തോളിൽ മധുര സ്റ്റൈലിലുള്ള ഷാളും അണിഞ്ഞുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച ഏവരേയും ആവേശത്തിലാഴ്‌ത്താൻ പോന്നതാണ്.
ചിത്രത്തിൽ വാസന്തി എന്ന ശക്തയായ നായികയായി എത്തിയ അനുശ്രീ മികച്ച പ്രകടനമാണ് നടത്തുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മികവ് പ്രകടിപ്പിച്ചിട്ടുള്ള അനുശ്രീയുടെ, എന്നും മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രവും മധുരരാജയിലേതായിരിക്കും. പോക്കിരിരാജയിൽ മമ്മൂട്ടിയുടെ അനുജനായി എത്തിയ പൃഥ്വിരാജിന് പകരം ഇത്തവണ തമിഴ്നടൻ ജയ് ആണ് എത്തുന്നത്. ജയ്‌യുടെ മലയാള അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പമായതിൽ അദ്ദേഹത്തിന് അഭിമാനിക്കാം. പുലിമുരുകന് ശേഷം തെലുങ്ക് നടൻ ജഗപതി ബാബു വീണ്ടും വില്ലനായെത്തി മലയാളികളെ അത്ഭുതപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. സിദ്ദിഖ്, നെടുമുടി വേണു, അജു വർഗീസ്, കലാഭവൻ ഷാജോൺ, കൈലാഷ്, എം.ആർ.ഗോപകുമാർ, നരേൻ, വിജയരാഘവൻ, വിനയപ്രസാദ്, അന്നാ രാജൻ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങി വൻതാരനിര തന്നെ സിനിമയിൽ അണിനിരക്കുന്നു. പീറ്റർ ഹെയ്‌ൻ ഒരുക്കിയ സ്റ്രണ്ട് രംഗങ്ങൾ മമ്മൂട്ടി ആരാധകർക്ക് വിരുന്നാകുമെന്നുറപ്പ്. തകർപ്പൻ പശ്ചാത്തല സംഗീതം രാജയുടെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു.
വാൽക്കഷണം : മാസാണ് മധുരരാജ
റേറ്റിംഗ്: 3