tamil-achi-1

ചെന്നൈ: വൈജയന്തിമാല. ബോളിവുഡിൽ അമ്പതുകളിലെയും അറുപതുകളിലെയും ഹരമായിരുന്ന താരറാണി. മികച്ച നർത്തകി. വൈജയന്തിമാലയെ രണ്ടുവട്ടം പാർലമെന്റിലേക്കയച്ച ചെന്നൈ സൗത്തിനുമുണ്ട് സൗന്ദര്യം. തലസ്ഥാന നഗരത്തിന്റെ ഏറ്റവും ഭംഗിയുള്ള പ്രദേശമാണ് സൗത്ത്.

സീറ്റ് പിടിച്ചെടുക്കാൻ ഡി.എം.കെ ഇവിടെ രംഗത്തിറക്കിയത് മറ്റൊരു ഗ്ലാമർ താരത്തെ. പ്രശസ്‌ത നർത്തകി തമിഴച്ചി. കരുണാനിധി മന്ത്രിസഭയിൽ അംഗമായിരുന്ന തങ്കപാണ്ഡ്യന്റെ മകൾ തമിഴച്ചി തങ്കപാണ്‌ഡ്യൻ. സഹോദരൻ തങ്കം തെന്നരശു എം.എൽ.എയാണ്. പ്രഭാഷക, കവയിത്രി, അദ്ധ്യാപിക... തമിഴച്ചിയ്‌ക്ക് പിന്നെയുമുണ്ട് വിശേഷണങ്ങൾ. കലാകാരിക്ക് ഒരു വോട്ട് എന്ന നിലയ്‌ക്കാണ് പ്രചാരണം.

മന്ത്രിപുത്രിയാണെങ്കിലും പ്രചാരണത്തിലെ പൊടിക്കൈകൾ അത്ര പിടിയില്ല തമിഴച്ചിക്ക്. സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ വരുന്നതറിഞ്ഞ് സി.ഐ.ഡി നഗറിലെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയുമേന്തി മുദ്രാവാക്യം വിളിച്ച് കാത്തുനിന്നു. അൽപ്പം കഴിഞ്ഞപ്പോൾ കൈവീശി തമിഴച്ചി വന്നു. ഇരുവശത്തും രണ്ട് ഡി.എം.കെ നേതാക്കൾ ഞെളിഞ്ഞു നിൽപ്പുണ്ട്. ശക്തിവിനായകൻ കോവിൽ നടയിൽ വണ്ടി നിറുത്തിയപ്പോൾ സി.പി.എം പ്രവർത്തകർ ചുവന്ന റോസാപ്പൂക്കൾകൊണ്ട് നിർമ്മിച്ച കൂറ്റൻ ഹാരവുമായെത്തി. സ്ഥാനാർത്ഥി താഴേക്കിറങ്ങി വന്ന് ഹാരം സ്വീകരിക്കണമെന്നാണ് അവരുടെ ആഗ്രഹം. പക്ഷേ തമിഴച്ചി അതിനു തയ്യാറായില്ല. ഇരുവശവും നിന്നവരിൽ ഒരാൾ ഹാരം ജീപ്പിൽ വയ്‌ക്കാൻ ആംഗ്യം കാണിക്കുന്നു. പ്രവർത്തകർ ഹാരം ജീപ്പിന്റെ ബോണറ്റിൽ വച്ച് പിന്മാറി. വാഹനം മുന്നോട്ട്.

അണ്ണാ ഡി.എം.കെയുടെ സിറ്റിംഗ് സീറ്റാണ് ചെന്നൈ സൗത്ത്. സിറ്റിംഗ് എം.പി ഡോ. ജെ. ജയവർദ്ധൻ തന്നെയാണ് സ്ഥാനാർത്ഥി. മന്ത്രി ഡി. ജയകുമാറിന്റെ മകനാണ് ജയവർദ്ധൻ. സിറ്റിങ് എംപിയെന്ന നിലയിൽ ജയവർദ്ധന് മികച്ച പ്രതിച്ഛായയാണ്. മുഴുവൻ സമയം തിരഞ്ഞെടുപ്പു യോഗങ്ങളിൽ ചെലവഴിച്ച് സഖ്യകക്ഷി നേതാക്കളെയെല്ലാം അണിനിരത്തിയാണ് ജയവർദ്ധനന്റെ പ്രചാരണം. തമിഴച്ചി വാഹന പ്രചാരണം നടത്തിയ രാത്രിയിൽ സെയ്‌താപേട്ടയിൽ പട്ടാളിമക്കൾ കക്ഷി നേതാവ് ഡോ.രാംദാസിനൊപ്പം വേദി പങ്കിടുകയായിരുന്നു അദ്ദേഹം.

മുന്നണിയായി മത്സരിക്കുന്നതുകൊണ്ട് ജയം അനായാസമാകുമെന്നാണ് അണ്ണാ ഡി.എം.കെയുടെ കണക്കുകൂട്ടൽ. ടി നഗർ, മൈലാപൂർ തുടങ്ങിയ മേഖലകളിൽ ബി.ജെ.പിക്കു മികച്ച സ്വാധീനമുണ്ട്.കഴിഞ്ഞ തവണ ബി.ജെ.പിയുടെ എൽ.ഗണേശന് രണ്ടര ലക്ഷത്തിലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ബിജെപി സീറ്റിനായി ആഞ്ഞുപിടിച്ചതാണ് . അണ്ണാഡി.എം.കെ വഴങ്ങിയില്ല.

രണ്ടു മുന്നണികൾക്കും ഭീഷണിയുയർത്തി അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ ഇസക്കി സുബ്ബയ്യ മത്സരിക്കുന്നുണ്ട്. സുബ്ബയ്യ പിടിക്കുന്ന വോട്ട് വിജയത്തിന്റെ ഗതി നിർണയിച്ചേക്കും.