pets

ഗാന്ധിനഗർ: അമേരിക്കക്കാരി ഹോട്ടലിൽ റൂം ബുക്കുചെയ്തു. വിദേശിയല്ലേ, നല്ല കോള് ഒത്തുകിട്ടിയതിൽ ഹോട്ടലുകാർ സന്തോഷിച്ചു. പക്ഷേ,യുവതി താമസിക്കാൻ എത്തിയപ്പോൾ ഹോട്ടലുകാരുടെ മുഖത്തെ ചിരിമാഞ്ഞു. കാരണം വേറൊന്നുമല്ല. വളർത്തുമൃഗങ്ങൾക്കൊപ്പമാണ് യുവതി എത്തിയത്.

ഗുജറാത്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ഒന്നും രണ്ടുമല്ല പതിനാല് വളർത്തുമൃഗങ്ങളാണ് യുവതിയോടൊപ്പമുണ്ടായിരുന്നത്.( ആറ് പൂച്ചകൾ, ഏഴ് പട്ടികൾ, ഒര് ആട് )

മൂന്ന് ദിവസത്തേക്ക് യുവതി മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ വളർത്തുമൃഗങ്ങളുമായി ഹോട്ടലിൽ കയറാൻ അനുവദിക്കുന്ന പ്രശ്നമേ ഇല്ലെന്നായി അധികൃതർ. മൂന്ന് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തതിനാൽ എന്തുവന്നാലും ഹോട്ടലിൽ താമസിക്കാതെ പോകില്ലെന്നായി യുവതി. ഉടക്ക് കൊഴുത്തു. മൃഗങ്ങളെ മറ്റെവിടേക്കെങ്കിലും മാറ്റി പ്രശ്നം പരിഹരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതിനിടെ യുവതി പൊലീസിനെ വിളിച്ചു. പ്രശ്നം രമ്യതയിൽ തീർക്കാനായി പാെലീസിന്റെ ശ്രമം. ഹോട്ടലിൽ വളർത്തുമൃഗങ്ങളോടൊപ്പം മൂന്നുദിവസം താമസിച്ചേ പറ്റൂ എന്നും അതിന് പൊലീസ് സഹായം വേണമെന്നും ആവശ്യപ്പെട്ടതോടെ പൊലീസിന് വഴങ്ങേണ്ടി വന്നു. ഹോട്ടലിൽ മൂന്ന് ദിവസം തങ്ങിയ ശേഷം യുവതി മടങ്ങി. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.