editorial

കോവളത്ത് കോളിയൂർ ചാനൽക്കരയിൽ രണ്ടര വർഷം മുൻപ് ഗൃഹനാഥനെ തലയ്ക്കടിച്ചുകൊന്നശേഷം ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ വിധിച്ചത് കൂടിപ്പോയെന്ന് അഭിപ്രായമുള്ളവർ ആരുംതന്നെ കാണുകയില്ല. ഇതുപോലുള്ള നരാധമന്മാർ ഏതു നിലയിൽ നോക്കിയാലും അർഹിക്കുന്ന ശിക്ഷ തന്നെയാണിത്. ഗൃഹനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലുക മാത്രമല്ല, അയാളുടെ ഭാര്യയെയും തലയ്ക്കടിച്ചു ബോധം കെടുത്തിയിരുന്നു. അതിനു ശേഷമാണ് അവരെ മാനഭംഗപ്പെടുത്തിയത്. മൃഗങ്ങളെപ്പോലും തോല്പിക്കുന്ന ഈ പൈശാചിക പ്രവൃത്തികൾക്ക് അയാൾക്കൊപ്പം ഒരു സഹായി കൂടി ഉണ്ടായിരുന്നു. അയാളെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. അക്രമിയുടെ ചുറ്റിക കൊണ്ടുള്ള പ്രഹരമേറ്റ് തല തകർന്ന വീട്ടമ്മ ഇപ്പോഴും ഓർമ്മശക്തി വീണ്ടെടുത്തിട്ടില്ല. നിരവധി ശസ്ത്രക്രിയകൾ ഇതിനകം നടന്നു. പഴയ നിലയിലാകുമോ എന്ന് ഇനിയും പറയാറായിട്ടില്ല.

നാട്ടിലുടനീളം കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വല്ലാതെ വർദ്ധിച്ചുവരുന്ന കാലമാണിത്. നിസാര പ്രകോപനത്തിന്റെ പേരിൽ പോലും അക്രമാസക്തരാകാനും എതിരാളിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുത്തിയോ വെട്ടിയോ കൊല്ലാനും മടിക്കാത്ത വിധം രാക്ഷസീയരായി മാറുകയാണ് മനുഷ്യർ. കുറ്റകൃത്യങ്ങൾക്ക് നിയമ പുസ്തകത്തിൽ ശക്തവും വ്യക്തവുമായ ശിക്ഷാവിധികൾ എഴുതിവച്ചിട്ടുണ്ട്. എന്നാൽ നിയമ - നീതി നടത്തിപ്പിലെ താളപ്പിഴകൾ കാരണം കുറ്റവാളികളിൽ പലരും അർഹമായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടാറാണു പതിവ്. ശിക്ഷയെക്കുറിച്ച് ഭയമേതുമില്ലാതെയാണ് പലരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതു തന്നെ. അറസ്റ്റ് ചെയ്യപ്പെട്ടാലും നിയമത്തിന്റെ പിടിയിൽ നിന്ന് സമർത്ഥമായി ഊരിപ്പോരാൻ വിഷമമൊന്നുമില്ല. ആവശ്യത്തിനു പണവും മിടുക്കരായ അഭിഭാഷകരുമുണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമാകും. ഏതു കഠോര കുറ്റം ചെയ്താലും സഹായിക്കാൻ ആൾക്കാർ കൂടിയാകുമ്പോൾ ആത്മവിശ്വാസവും കൂടും.

കുറ്റവാളികൾക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് പലപ്പോഴും ശിക്ഷ ലഭിക്കാത്ത സന്ദർഭങ്ങളുണ്ട്. തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കുന്നതിൽ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന പിഴവുകൾ പ്രതികൾക്ക് തുണയാകും. ക്രിമിനൽ കേസുകളിൽ പലപ്പോഴും ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ട്. അറിഞ്ഞും അറിയാതെയും അതു സംഭവിക്കാം. സത്യസന്ധരും സമൂഹത്തോട് കൂറുമുള്ള പൊലീസ് ഓഫീസർമാർ തയ്യാറാക്കുന്ന കുറ്റപത്രമാണെങ്കിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ കുറവായിരിക്കും. പലപ്പോഴും അങ്ങനെയാകണമെന്നില്ല. കോളിയൂർ കൊലക്കേസിൽ ശാസ്ത്രീയമായിത്തന്നെ തെളിവുകൾ ശേഖരിച്ച് പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് സാധിച്ചതുകൊണ്ടാണ് ഒന്നാം പ്രതിക്ക് തൂക്കുകയർ തന്നെ വാങ്ങിക്കൊടുക്കാൻ സാധിച്ചത്. ഈ കേസ് അന്വേഷിച്ച പൊലീസ് ടീം ഒന്നടങ്കം അഭിനന്ദനാർഹരാണ്.

സമൂഹത്തെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയും കഠിനമാകുമ്പോഴാണ് നിയമ - നീതിന്യായ സംവിധാനങ്ങളിൽ സമൂഹത്തിന്റെ വിശ്വാസ്യത വർദ്ധിക്കുന്നത്. കുറ്റവാളികൾ അനായാസം ജാമ്യം നേടി സമൂഹത്തിൽ വിലസി നടക്കുന്നത് പതിവു കാഴ്ചയാണ്. അതുപോലെയാണ് പരോൾ വ്യവസ്ഥയുടെ ദുരുപയോഗം. പ്രതികൾ ശിക്ഷിക്കപ്പെടുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി ഉദ്ദേശിച്ചാകണം. കൊലക്കുറ്റത്തിന് അത്യപൂർവമായേ വധശിക്ഷ വിധിക്കാറുള്ളൂ. അപൂർവങ്ങളിൽ അപൂർവമെന്ന് കോടതിക്ക് ബോദ്ധ്യമാകുന്ന കേസുകളിലാണിത്. കോളിയൂരിലെ ഗൃഹനാഥനെയും ഭാര്യയെയും അതിനിഷ്ഠൂരമായി ആക്രമിച്ച നരാധമന്മാർ നിയമത്തിന്റെ യാതൊരു ആനുകൂല്യത്തിനും അർഹരല്ല. അത്രയേറെ പൈശാചികമായിട്ടാണ് ഇരുവരും ഇരകളോട് പെരുമാറിയത്. വധശിക്ഷ പ്രാകൃതമാണെന്നും എത്രയും വേഗം അത് നിറുത്തലാക്കണമെന്നും രാജ്യത്തുടനീളം നിയമജ്ഞർക്കിടയിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും സാമൂഹ്യ പരിഷ്കർത്താക്കൾക്കിടയിലുമൊക്കെ ശക്തമായ അഭിപ്രായം ഉയരുന്നതിനിടയിലാണ് വീണ്ടുമൊരു കൊലക്കേസിൽ വധശിക്ഷാ വിധി പുറത്തുവന്നിരിക്കുന്നത്. മനുഷ്യമനഃസാക്ഷിക്കു ഒരുവിധത്തിലും നിരക്കാത്ത ഇതുപോലുള്ള ക്രൂരകൃത്യത്തിനു തുനിയുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞ എന്തു ശിക്ഷയാണ് നൽകേണ്ടത്? കുറെ വർഷം തടവിലിട്ട് തീറ്റിപ്പോറ്റാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ഒരു പ്രകോപനവുമില്ലാതെ തലയ്ക്കടിച്ചു കൊന്നശേഷം അയാളുടെ ഭാര്യയെ അടിച്ചു ബോധം കെടുത്തി മൃഗീയത മുഴുവൻ പുറത്തെടുത്ത മനുഷ്യാധമനെ തടവുശിക്ഷ മാത്രം നൽകി പുറത്തുവിടുന്നത് നിയമത്തെയും നീതിയെയും അധിക്ഷേപിക്കുന്നതിനു തുല്യമായിരിക്കും. നിയമവാഴ്ച പുലരുന്ന ഏതൊരു നാട്ടിലും ഇതുപോലുള്ള ഒരു കുറ്റത്തിന് ഇതേ ശിക്ഷ തന്നെയാകും നൽകുക.