കിളിമാനൂർ: ജലചൂഷണത്തിലൂടെ നശിക്കുന്ന അനേകം ജലാശയങ്ങളിൽ ഒന്നായി മാറുകയാണ് കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂട്ടയിൽ നീരാഴി കുളവും. നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കാനും തുണി കഴുകാനും മറ്റും ഉപയോഗിക്കുന്ന നീരാഴി കുളത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ് റോഡ് പണി കരാറുകാരും, അനധികൃത കുടിവെള്ള വിതരണക്കാരും. നിത്യേന നിരവധി ടാങ്കർ ലോറികളിലായി പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇക്കൂട്ടർ ഇവിടെ നിന്നും കടത്തി കൊണ്ടു പോകുന്നത്. ഇതോടെ കുളത്തിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നിരിക്കുകയാണ്. കുളത്തിന്റെ അടിത്തട്ട് വരെ കാണാവുന്ന അവസ്ഥയിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കിളിമാനൂർ പഞ്ചായത്തിന്റെ അധീനതയിൽ മുപ്പതോളം കുളങ്ങളാണ് നിലവിൽ ഉള്ളത്. ഇവയിൽ ഭൂരിഭാഗവും കടുത്ത വേനലിൽ വറ്റിവരണ്ടു. ശേഷിച്ച പലതിലും ചെളി നിറഞ്ഞ് കാട്ടുപുല്ല് വളർന്ന് ഉപയോഗശൂന്യമായിട്ടുണ്ട്. അതിനാൽ സമീപപ്രദേശങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറു കണക്കിന് പേരാണ് നീരാഴി കുളത്തെ ആശ്രയിക്കുന്നത്. കുളത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ സമീപത്തെ കിണറുകളും വറ്റി വരളുന്ന സ്ഥിതിയായി. കുളത്തിനരികിൽ വാഹനങ്ങൾ കഴുകുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ കുളത്തിൽ നിന്നും വെള്ളം ടാങ്കറുകളിൽ കടത്തുന്നതും കുളത്തിന്റെ കരയിൽ വാഹനങ്ങൾ കഴുകുന്നതും നിരോധിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇതൊന്നും ഇക്കൂട്ടർ വക വയ്ക്കാറില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കോളനികൾ ഉൾപ്പെടയുള്ള നിരവധി പ്രദേശങ്ങളുടെ ആശ്രയമായ കുളത്തിലെ വെള്ളം അനധികൃതമായി കടത്തികൊണ്ടു പോകുന്നതും ദുർവിനിയോഗം ചെയ്യുന്നതും അടിയന്തരമായി തടഞ്ഞില്ലെങ്കിൽ നീരാഴി കുളവും സമീപ ഭാവിയിൽ അപ്രത്യക്ഷമായേക്കുമെന്നും ഇതിന് തടയിടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.