election-2019

തിരുവനന്തപുരം:രാഹുൽ ഗാന്ധി ഇഫക്‌ടിലും മാദ്ധ്യമ സർവേകളിലും പ്രതീക്ഷയർപ്പിച്ചും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്‌മകൾ തുറന്നു കാട്ടിയും ഭൂരിഭാഗം സീറ്റുകളും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്.

പിണറായി സർക്കാരിന്റെ ജനക്ഷേമ , വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയും യു.ഡി.എഫിന് വൻ മുന്നേറ്റം പ്രവചിക്കുന്ന അഭിപ്രായ സർവേകളുടെ പൊള്ളത്തരം ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയും മുൻകൈ നേടുമെന്ന അത്മവീര്യത്തോടെ എൽ.ഡി.എഫ് .

മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളും ശബരിമല വിശ്വാസികളുടെ വികാരവും ആയുധമാക്കിയും, ബി.ജെ.പി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന സർവേ സൂചനകൾ ഉൾക്കൊണ്ടും ശക്തികേന്ദ്രങ്ങളിൽ ആളിപ്പടർന്ന് എൻ.ഡി.എ.

സംസ്ഥാനത്ത് പാർലമെന്റ് വോട്ടെടുപ്പിന് ഒമ്പതു നാൾ ശേഷിക്കെ,രണ്ടാഴ്‌ചയിലേറെയായി സ്ഥാനാർത്ഥികളും മുന്നണികളും ഒടിപ്പാഞ്ഞു നടത്തിയ വാഹനപ്രചാരണ കോലാഹലങ്ങൾക്ക് വിഷുവിനു പിന്നാലെ തിരശ്ശീല​ വീഴും. പിന്നെ, ഒരാഴ്ച ദേശീയ നേതാക്കളെ ഇറക്കി ഫൈനൽ റൗണ്ട് പോരാട്ടം. അടിയും തടയുമായുള്ള മുന്നേറ്റം തീ പാറും ഒപ്പം,​ അടിയൊഴുക്കുകളും കുതികാൽവെട്ടിന്റെ ചുഴികളും രൂപപ്പെടും.

ഇന്നലെ കോഴിക്കോട്ടു നടന്ന വമ്പിച്ച വിജയ സങ്കൽപ്പ് റാലിയിലൂ‌ടെ പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എയുടെ അവസാന റൗണ്ട് പ്രചരണത്തിന് തുടക്കം കുറിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മോദി പോകുന്നില്ലെങ്കിലും വയനാടും കൂടി കവർ ചെയ്‌താണ് കോഴിക്കോട്ടെ റാലിയും പ്രസംഗവും .18-ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കുന്നുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ അടുത്തയാഴ്‌ച വയനാട്ടിൽ രാഹുലിനെതിരെ പ്രചാരണത്തിനെത്തും. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ 16-ന് പത്തനംതിട്ട, ​വടകര മണ്ഡലങ്ങളിൽ സംസാരിക്കും.

വയനാട്ടിലെ സ്ഥാനാർത്ഥി കൂടിയായ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി 16-ന് തിരുവനന്തപുരം ,​പത്തനംതിട്ട,​ ആലപ്പുഴ,​ മാവേലിക്കര മണ്ഡലങ്ങളിലും 17-ന് വയനാട്ടിലും സംസാരിക്കും. പ്രിയങ്കാ ഗാന്ധി വരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

എൽ.ഡി.എഫിന്റെ പ്രചാരണാർത്ഥം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,​പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്,​ സുഭാഷിണി അലി,​ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി എന്നിവരെത്തും.

പ്രവചനങ്ങൾ ഫലിക്കുമോ?​

കേരളത്തിലെ 20 ലോക്‌സഭാ സീറ്റിൽ 15 വരെ യു.ഡി.എഫ് നേടുമെന്ന് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ ചില മാദ്ധ്യമങ്ങൾ നടത്തിയ സർവേകളിലെ പ്രവചനങ്ങൾ ഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. 16 സീറ്റ് വരെ നേടുമെന്നാണ് മനക്കണക്ക്.

സർവേകളിലെ കണക്കുകളെ പുച്ഛിച്ചു തള്ളുകയാണ് എൽഡി.എഫ്. ജനപക്ഷത്തു നിന്നുള്ള ഇടതു പ്രചാരണത്തെയും സ്ഥാനാർത്ഥികളെയും വിലയിടിച്ചു കാട്ടുന്ന സർവേകൾ ആസൂത്രിതമാണ്. തിരുവനന്തപുരത്തെ 13.70 ലക്ഷം വോട്ടർമാരിൽ 255 പേരുടെ മാത്രം അഭിപ്രായം വച്ചാണ് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്ന് ഒരു സർവേ പ്രവചിച്ചത്.

തിരുവനന്തപുരത്തിനു പുറമെ, പത്തനംതിട്ട, കോട്ടയം,തൃശൂർ, പാലക്കാട് ,വയനാട് സീറ്റുകളിലും ശക്തമായ പ്രചാരണം നടത്തുന്ന എൻ.ഡി.എയുടെ വിജയം തിരുവനന്തപുരത്തു മാത്രം ഒതുങ്ങില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം. ശബരിമല പ്രശ്‌നത്തിനു പുറമെ, പ്രളയം അതിരൂക്ഷമാക്കിയതിന് ഉത്തരവാദി സർക്കാരാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടും പ്രളയ ബാധിത മേഖലകളിൽ യു.ഡി.എഫിനൊപ്പം എൻ.ഡി.എയും ആയുധമാക്കുന്നു.

ന്യൂനപക്ഷങ്ങൾ ആരെ തുണയ്‌ക്കും?

വർഗ്ഗീയതയുടെ പേരിൽ ബി.ജെ.പിക്കെതിരായ ആക്രമണത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ വീണുകിട്ടിയ ആയുധമാണ് വയനാട് പാകിസ്ഥാനെപ്പോലെയാണെന്ന തരത്തിൽ അമിത് ഷാ നടത്തിയ വിവാദ പ്രസംഗം. ഈ ആയുധ പ്രയോഗത്തിൽ എൽ.ഡി.എഫാണ് ഒരു മുഴം മുന്നിൽ. കഴിഞ്ഞ ദിവസം വയനാട്ടിൽ നടത്തിയ കൂറ്റൻ റോ‌ഡ് ഷോ ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി ഈ വജ്രായുധമാണ് പ്രയോഗിച്ചത്.

യു.ഡി.എഫ് നേതാക്കളും അമിത് ഷായുടെ പരാമർശത്തിനെതിരെ രംഗത്തുണ്ട്. ന്യൂനപക്ഷ വോട്ടു തന്നെ ലക്ഷ്യം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ- ഭൂരിപക്ഷ വോട്ടുകൾ ഏറെ തുണച്ചത് എൽ.ഡി.എഫിനെയാണ്. 91 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ, യു.ഡി.എഫിന്റെ അംഗസംഖ്യ 48-ൽ ഒതുങ്ങി. കേരളത്തിൽ ബി.ജെ.പിയെ തളയ്ക്കാൻ എൽ.ഡി.എഫിനേ കഴിയൂ എന്നാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അവർ നടത്തുന്ന പ്രചാരണം.എന്നാൽ,കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും വരുന്നതു തടയാൻ ഇവിടെ വോട്ടു ചെയ്യേണ്ടത് യു.ഡി.എഫിനല്ലേയെന്ന് അവരും ചോദിക്കുന്നു. ഇതിലൊന്നും കുലുങ്ങില്ലെന്ന മട്ടിലാണ്, ഹൈന്ദവ വോട്ടുകളുടെ ഏകീകരണം തുണയാകുമെന്നു വിശ്വസിക്കുന്ന എൻ.ഡി.എ നേതൃത്വം.