സ്റ്റോക്ക്ഹോം: വിലകൂടിയ അടിപൊളി വിവാഹവസ്ത്രവുമണിഞ്ഞ് കിടിലം മേക്കപ്പും ചെയ്ത് കല്യാണപ്പന്തലിൽ നിൽക്കുമ്പോഴാണ് വധുവിന് പ്രകൃതിയുടെ വിളിയുണ്ടായത്. കടിച്ചുപിടിച്ച് കല്യാണം കഴിയുന്നതുവരെ അഡ്ജസ്റ്റുചെയ്യാൻ നോക്കും. സഹിച്ചില്ലെങ്കിൽ നേരേ ബാത്ത്റൂമിലേക്ക് ഒാടുകയേ നിവൃത്തിയുള്ളൂ. കാര്യം കഴിഞ്ഞതിന്റെ ആശ്വാസത്തിൽ പുറത്തിറങ്ങുമ്പോൾ ചുളിവുകൾ വീണ് വിവാഹവസ്ത്രം ഒരുവഴിക്കാവും.പിന്നെ അതിനെക്കുറിച്ചാവും ടെൻഷൻ. ഇൗ പ്രശ്നം സുന്ദരമായി കൈകാര്യംചെയ്യാൻ അടിപൊളി ഐഡിയ റെഡി. അടുത്തിടെ വിവാഹിതയായ ഒരു സ്വീഡിഷ് യുവതിയാണ് ഇൗ കിടിലൻ ഐഡിയയ്ക്കുപിന്നിലെ ബുദ്ധികേന്ദ്രം. എത്രസമയം ബാത്ത്റൂമിൽ ഇരുന്നാലും വിവാഹവസ്ത്രം ചുളിയുമെന്നോ നനയുമെന്നോ പേടിക്കേണ്ട..
സംഗതി വെറും സിംപിൾ.വലിയ പിടിയുള്ള അടിവശം കീറിയ ടാർപാളിൻകൊണ്ട് നിർമ്മിച്ച കവറാണ് വിവാഹവസ്ത്രത്തിന് സംരക്ഷണം നൽകുന്നത്. കാലിലൂടെയാണ് ഇത് ധരിക്കേണ്ടത്. കാലുകൾ അടിയിലെ വിടവിൽ കയറ്റിവച്ചശേഷം കവർ മുകളിലേക്ക് പൊന്തിക്കും. ഇൗ സമയം കവറിനൊപ്പം വിവാഹവസ്ത്രവും മേൽപ്പോട്ടുയരും. കവർ അരയ്ക്കുമുകളിലാവുമ്പോൾ കവറിന്റെ പിടികൾ വധുവിന്റെ ഷോൾഡറിൽ ഇടാം. കവറിനുള്ളിൽ വിവാഹവസ്ത്രം ചുളിയാതെയും നനയാതെയും സുരക്ഷിതമായിരിക്കും. ആവശ്യംകഴിഞ്ഞാൽ കവർ ഉൗരിമാറ്റുകയും ചെയ്യാം.
യുവതിതന്നെയാണ് ഇതിന്റെ ചിത്രങ്ങളെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. നിമിഷങ്ങൾക്കകം സംഗതി വൈറലായി. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ആയിരക്കണക്കിനുപേരാണ് യുവതിയെ അനുമോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.