ആര്യനാട്: വേനൽ കടുത്തതോടെ കരമനയാറിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ഇതോടെ ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണം തന്നെ ആശങ്കയിലേയ്ക്കാണ്. വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസാണ് കരമനയാർ. വേനലിൽ ജലനിരപ്പ് കുറഞ്ഞതോടെ പമ്പ് ഹൗസുകൾക്ക് ആവശ്യമായ ജലം ശേഖരിക്കുന്നത് ആറ്റിൽ പലയിടങ്ങളിലായി സ്ഥാപിച്ച താത്ക്കാലിക തടയിണകളിൽ നിന്നാണ്.
വേനൽ തുടർന്നാൽ ആറിലെ ജലനിരപ്പ് കൂടുതൽ താഴാനാണ് സാദ്ധ്യത. ഇത് ഗ്രാമീണ മേഖലയിലെ ശുദ്ധജലക്ഷാമം രൂക്ഷമാക്കും. ഇപ്പോൾ തന്നെ ഗ്രാമീണ മേഖലയിൽ പലയിടങ്ങളിലും വീടുകളിലെ കിണറുകളിൽ വെള്ളം കുറഞ്ഞു. ജലസ്രോതസുകൾ വറ്റി വരണ്ടതോടെ മിക്കയിടങ്ങളിലും കൃഷിയിടങ്ങൾ നശിച്ചു.
കരമനയാറിൽ ജലനിരപ്പ് വീണ്ടും താഴ്ന്നാൽ അരുവിക്കര ഡാം റിസർവോയറിലെ ജലനിരപ്പ് താഴ്ന്ന് തലസ്ഥാന നഗരിയിലെത്തന്നെ കുടിവെള്ള വിതരണം തടസപ്പെടാനും സാദ്ധ്യതയുണ്ട്. ജലക്ഷാമം നേരിടാനുള്ള മുൻ കരുതൽ എന്ന നിലയിൽ ആവശ്യമായ സ്ഥലങ്ങളിൽ തടയിണകൾ നിർമിക്കുമെന്നും ഇപ്പോൾ നിർമിച്ച തടയിണകളുടെ ഉയരം വർദ്ധിപ്പിക്കുമെന്നും ആര്യനാട് വാട്ടർ അതോറിട്ടി അധിക്യതർ പറയുന്നു. രണ്ട് വർഷം മുൻപ് തലസ്ഥാന നഗരിയിലെ കുടിവെള്ളക്ഷാമം മാറ്റാൻ നെയ്യാറിലെ ജലം കുമ്പിൾമൂട് തോട് വഴി കരമനയാറ്റിലെത്തിച്ചാണ് പരിഹാരം കണ്ടത്. അതുപോലെ വേനൽ കടുത്തതോടെ ഇക്കുറിയും വേണ്ടിവന്നാൽ നെയ്യാറിലെ ജലം അരുവിക്കരയിൽ എത്തിക്കാൻ ജലമന്ത്രി കോട്ടൂർ കാപ്പുകാട്ട് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.