വെള്ളറട: കാളിമലയിൽ ചിത്ര പൗർണമി തീർത്ഥാടനം ഇന്ന് തുടങ്ങി 19ന് ചിത്രപൗർണമി പൊങ്കാലയോടുകൂടി സമാപിക്കും. തീർത്ഥാടന ഉദ്ഘാടന സമ്മേളനം ഗുരു ശിവചന്ദ്രൻ നിർവഹിക്കും. സമാപന ദിവസമായ 19ന് രാവിലെ 9ന് നാൽപ്പത്തെട്ടുകാണി സെറ്റിൽമെന്റിൽ നിന്നുമെത്തുന്ന മൂട്ടുകാണിമാർക്ക് പൂർണ കുംഭത്തോടെ സ്വീകരണം നൽകും. തുടർന്ന് 9.30ന് ചിത്ര പൗർണമി പൊങ്കാല നടക്കും. 10.15ന് ട്രസ്റ്റ് പ്രസിഡന്റ് സി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ദേശീയ സെമിനാർ നടക്കും. വെള്ളിമല ഹിന്ദു ധർമ്മ വിദ്യാപീഠം മഠാധിപതി സ്വാമി ചൈതന്യാനന്ദജി മഹാരാജ് യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി അഭയാനന്ദ, കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. വേലായുധൻ, കൊല്ലം തുളസി, ഡി. വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. ഉത്സവ കമ്മിറ്റി ജനറൽ സെക്രട്ടറി ആർ. ശ്രീപതിരാജ് സ്വാഗതവും ചെയർമാൻ ഡി. വിജയകുമാർ നന്ദിയും പറയും. 12.30ന് പൊങ്കാല പൂജയും പൊങ്കാല നിവേദ്യവും നടക്കും. രാത്രി 12ന് മഹാകാളിയൂട്ടോടുകൂടി ഉത്സവം സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ചശേഷം 13ന് വൈകിട്ട് പഞ്ചമലക്കാവിൽ എത്തിച്ചേരുന്ന ദീപ ജ്യോതി രഥയാത്രയ്ക്ക് കാളിമല ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഉത്സവ ദിവസങ്ങളിൽ രാവിലെ 4.45ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാവിലെ 7.30ന് ദേവി മാഹാത്മ്യപാരായണം, 9ന് കുങ്കുമാഭിഷേകം, വൈകിട്ട് 6.15ന് ദീപാരാധന എന്നിവ നടക്കും. 16ന് രാവിലെ 8ന് കലശപൂജയും കലശാഭിഷേകവും, 17ന് രാവിലെ 9 മുതൽ ലക്ഷാർച്ചന. 18ന് രാവിലെ 9ന് പത്തുകാണി ശിവപുരം മഹാദേവ ക്ഷേത്ര സമിതിയുടെ ഭജന, 10ന് ശ്രീധർമ്മ ശാസ്‌താവിന് നെയ്യഭിഷേകം, രാത്രി 8ന് കൊണ്ടകെട്ടി, കൂനിച്ചി, വരംപതി മലകളിലെ മലദേവതയുടെ സംഗമ ഭൂമിയായ ശൂലംകുത്തിയിൽ വിശേഷാൽ പൂജയും ചാറ്റുപാട്ടും.