ആറ്റിങ്ങൽ: യുവാക്കളുടെ പ്രതീക്ഷകൾക്ക് കരുത്തേകി അടൂർപ്രകാശ് അവർക്കൊപ്പം സമയം ചിലവിട്ടത് ശ്രദ്ധേയമായി. ആറ്റിങ്ങൽ മണ്ഡലത്തിന്റെ വികസന കാര്യത്തിൽ യുവതലമുറയുടെ പ്രതീക്ഷകൾക്ക് ഊർജം പകരുകയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ്. കെ.എസ്.യു ആറ്റിങ്ങലിൽ സംഘടിപ്പിച്ച സംവാദത്തിലാണ് നാടിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചുളള കാഴ്ചപ്പാടുകൾ സ്ഥാനാർത്ഥി പങ്കുവച്ചത്. ചിറയിൻകീഴ് മണ്ഡലത്തിലെ പര്യടനത്തിനിടെ ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സ്ഥാനാർത്ഥി സംവാദത്തിനായി ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ എത്തിയത്.തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിനുവേണ്ടി എന്തൊക്കെ ചെയ്യുമെന്നായിരുന്നു യുവാക്കൾക്കറിയേണ്ടിയിരുന്നത്. വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങളുൾക്കൊള്ളുന്ന പുതിയ സ്ഥാപനങ്ങളും പുതിയ കോഴ്‌സുകളും കൊണ്ടുവരുമെന്നു സ്ഥാനാർത്ഥി പറഞ്ഞു.ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനുളള നടപടികൾക്കായിരിക്കും മുൻഗണന. തൊഴിലവസരങ്ങൾ നല്കുന്ന പുതിയ സംരംഭങ്ങളും റെയിൽവേയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും ചോദ്യങ്ങൾക്കുത്തരമായി സ്ഥാനാർത്ഥി പറഞ്ഞു.