നെടുമങ്ങാട്: തലസ്ഥാന ജില്ലയിലെ ആദിവാസി കാണിക്കാർ വിഭാഗത്തിലെ യുവതലമുറ വിദ്യാഭ്യാസ രംഗത്ത് വൻകുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. കേരളത്തിൽ നിന്നും ആദിവാസി വിഭാഗത്തിൽ ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യയുടെ മിന്നും വിജയം ഇവർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം പൂർത്തീകരിക്കുന്നവരും മത്സര പരീക്ഷകളിൽ പങ്കെടുത്ത് സർക്കാർ സർവീസുകളിലെത്തുന്നവരും ആദിവാസി മേഖലയിൽ വർദ്ധിക്കുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എം.ബി.ബി.എസും എൻജിനിയറിംഗും ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിൽ 25 പേരാണ് ഇക്കൊല്ലം എൻട്രൻസ് കടമ്പ കടന്നത്. 2017- 18ൽ ഇത് 21 ആയിരുന്നു. നിലവിൽ അഞ്ചുപേരാണ് സിവിൽ സർവീസ് പരിശീലന ക്ലാസിൽ പങ്കെടുക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയ സർക്കാർ ട്രൈബൽ സ്‌കൂളുകളും പട്ടികവർഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ പദ്ധതികളും വലിയ കൈത്താങ്ങാണ്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ മാത്രമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്. ഒറ്റപ്പെട്ട ഊരുകളിൽ നിന്നും വനാന്തര പ്രദേശങ്ങളിൽനിന്നും കുട്ടികൾ മുടങ്ങാതെ സ്‌കൂളുകളിലെത്തുന്നതിന് വേണ്ടി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ' ഗോത്രസാരഥി ' വാഹന സർവീസ് പദ്ധതി വലിയ സഹായമാണ്. ജില്ലയിലെ 32 സ്‌കൂളുകളിൽ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നുണ്ട്. പട്ടികവർഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കട്ടേല മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ സംസ്ഥാന സിലബസിലും ഞാറനീലി, കുറ്റിച്ചൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സി.ബി.എസ്.ഇയുമാണ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളുകൾ ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. മെച്ചപ്പെട്ട പ്രീ - പ്രൈമറി വിദ്യാഭ്യാസം ഉറപ്പാക്കാൻ ആരംഭിച്ചവയാണ് കള്ളിക്കാട് പഞ്ചായത്തിലെ വ്ലാവെട്ടി മോഡൽ ട്രൈബൽ കിൻഡർ ഗാർട്ടനും വിതുര പഞ്ചായത്തിലെ മണലി ട്രൈബൽ കിൻഡർഗാർട്ടനും. ആദിവാസി ഊരുകളിൽ പഠനസൗകര്യം ഒരുക്കുന്നതിനും കുറവുകൾ നികത്തുന്നതിനും സജ്ജമാക്കിയ പഠനമുറികൾ ആദിവാസി മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ നാല് വർഷത്തിനിടെ ജില്ലയിൽ അഞ്ച് സാമൂഹ്യ പഠനമുറി പദ്ധതികളും ആരംഭിച്ചു. വാലിപ്പാറ, പുരവിമല, പൊടിയക്കാല, തലതൂത്തക്കാവ്, താന്നിമൂട് എന്നീ ആദിവാസി ഊരുകളിലാണ് സാമൂഹ്യ പഠനമുറികൾ പ്രവർത്തിക്കുന്നത്. വൈകിട്ട് കുട്ടികൾക്ക് ലഘുഭക്ഷണവും ട്യൂഷൻ സൗകര്യങ്ങളും കമ്പ്യൂട്ടർ, ടെലിവിഷൻ സൗകര്യങ്ങളും ലൈബ്രറികളും പഠനമുറികളിൽ ഒരുക്കിയിട്ടുണ്ട്. മുഴുവൻ സമയ ടീച്ചറുടെ സേവനവും സെന്ററുകളിലുണ്ട്. അവധിക്കാലത്ത് കുട്ടികൾക്ക് നേതൃത്വശേഷിയും വ്യക്തിത്വ വികസനവും ഭാഷാ നൈപുണ്യവും ഉറപ്പാക്കുന്നതിന് പ്രത്യേക പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്. നെടുമങ്ങാട് ഐ.ടി.ഡി.പിയാണ് മേൽനോട്ടം വഹിക്കുന്നത്.
പ്രതികരണം
------------------
സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി സർക്കാർ സർവീസിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തിച്ചേർന്ന നിരവധി പേർ കാണിക്കാർ സമുദായത്തിലുമുണ്ട്. 1960ന് ശേഷമാണ് ആദിവാസികൾക്കിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാകുന്നത്. പുതിയ തലമുറ ഇക്കാര്യത്തിൽ വൻ മുന്നേറ്റം സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. പട്ടികവർഗ ഉപപദ്ധതി ഫണ്ടിന്റെ സിംഹഭാഗവും വിദ്യാഭ്യാസ ഉന്നമനത്തിനായാണ് ചെലവഴിക്കുന്നത്
-- എസ്.ഷിനു, (ട്രൈബൽ ഓഫീസർ,നെടുമങ്ങാട്)
എം.ബി.ബി.എസ്, എൻജിനിയറിംഗ് വിദ്യാർത്ഥികൾ - 25
ഗോത്ര സാരഥി ജില്ലയിൽ 32 സ്‌കൂളുകളിൽ
പ്രീമെട്രിക് ഹോസ്റ്റലുകൾ - 2
പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകൾ - 2
കിൻഡർ ഗാർട്ടനുകൾ - 2
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ - 3
സാമൂഹ്യ പഠന മുറികൾ - 5
എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപ്പന്റും ലംസംഗ്രാന്റും
മിടുക്കർക്ക് സ്‌കോളർഷിപ്പ്
ജില്ലാ പഞ്ചായത്ത് പദ്ധതികൾ -
വെട്ടം, വനജ്യോതി (യുവജന ക്യാമ്പുകളും രാത്രികാല പഠനക്ലാസും)