മാനസിക രോഗികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിൽ പല സിനിമകൾ ഇറങ്ങിയിട്ടുണ്ട്. താളവട്ടം, ഉള്ളടക്കം തുടങ്ങിയവ ഇത്തരത്തിലുള്ള പ്രമേയം കൊണ്ടും വ്യത്യസ്തത കൊണ്ടും മലയാളി സിനിമാ പ്രേക്ഷകരുടെ മനസിനെ മഥിച്ച സിനിമകളാണ്. ഈ പട്ടികയിലേക്കാണ് നവാഗതനായ വിവേക് കഥയെഴുതി സംവിധാനം ചെയ്ത അതിരൻ എന്ന സിനിമയും കടന്നുവരുന്നത്. പുതുമയുള്ള പ്രമേയവും അതിനൊത്ത രീതിയിലുള്ള മേക്കിംഗുമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പുതുതലമുറയിലെ സൈക്കോ ത്രില്ലർ എന്നു വേണമെങ്കിൽ വിവേകിന്റെ ഈ സിനിമയെ വിശേഷിപ്പിക്കാം.
ആരാണ് അതിരൻ
നാല് കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഓട്ടിസം ബാധിതയായ യുവതിയെ രക്ഷിക്കാൻ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഊട്ടിയിലെ ഒരു ഹിൽ സ്റ്റേഷനിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയായ മൂലേടത്ത് കണ്ണൻ നായർ എന്ന എം. കെ.നായർ എത്തുന്നതും അയാൾക്ക് അവിടെ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ആദ്യന്തം മനുഷ്യ മനസിന്റെ സങ്കീർണതകളിലൂടേയും മാനസിക വ്യാപാരങ്ങളിലൂടെയും പ്രേക്ഷകരെ കൊണ്ടുപോകുന്നു വിവേകിന്റെ കഥാഖ്യാന രീതി. മാലയിൽ മുത്തു കോർത്തിട്ടതു പോലെയുള്ള കഥപറച്ചിൽ. ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള ദൂരത്തെ കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ള തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസിന്റെ (ഈ മ യൗ സിനിമയുടെ തിരക്കഥാകൃത്ത്) രചനാപാടവം ആരെയും അത്ഭുതപ്പെടുത്താൻ പോന്നതാണ്. 1972ൽ നടക്കുന്ന സംഭവകഥയുടെ പശ്ചാത്തലത്തെ വരിച്ചിടുമ്പോൾ ആദ്യ പകുതിയിൽ നാടകീയത മുറ്റി നിൽക്കുന്നുണ്ടെന്നത് വിസ്മരിക്കാനാകില്ല. ആദ്യ പകുതിയിലെ പല രംഗങ്ങളിലും പലപ്പോഴും തിരക്കഥാകൃത്തിന് കടിഞ്ഞാൺ നഷ്ടമാകുന്നുണ്ട്. പക്ഷേ, രണ്ടാം പകുതിയിൽ സിനിമ കുറച്ച് കൂടി നാടകീയതയിലൂടെ സഞ്ചരിച്ച് ചിത്രത്തിലെ നായിക നിത്യ (സായി പല്ലവി)യുടെ മാനസികാവസ്ഥയെ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യുന്നു.
സൈക്കോ ത്രില്ലറുകൾ ഒരുക്കുമ്പോൾ അത് പ്രേക്ഷകരെ എങ്ങനെ ബോദ്ധ്യപ്പെടുത്തുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പുതുമുഖ സംവിധായകനെന്ന നിലയിൽ ഈ ഉദ്യമത്തിൽ വിവേക് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. പക്ഷേ, മതിഭ്രമം പോലുള്ള സൈക്യാട്രിക് അവസ്ഥകളെ കുറിച്ചുള്ള വിവരണം ഹൊറർ സിനിമകളെ ഓർമ്മിപ്പിക്കും. മരിച്ചു പോയ ആളുമായുള്ള സംസാരമൊക്കെ ഇത്തരത്തിലുള്ളത്. എന്നാൽ, ഇതൊരു ഹൊറർ സിനിമയല്ല എന്നതും മറക്കരുത്. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയായി എത്തുന്ന ഹുസൈൻ എന്ന ചിത്രകാരൻ, സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ തന്നെ വരച്ചിടുന്നതിനെ കുറിച്ച് സിനിമ പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ദുരൂഹതകളെ മനുഷ്യ മനസിന് സംവേദനക്ഷമമാക്കുകയെന്ന ലക്ഷ്യം മാത്രമാണിതിനുള്ളത്. ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന ഈ രംഗങ്ങൾ പക്ഷേ, പ്രേക്ഷകനോട് പറയുന്നത് താളം തെറ്റിയ മനസിന്റെ അപഥസഞ്ചാരത്തെ കുറിച്ചായിരിക്കുമെന്ന് മാത്രം.
ഡോക്ടറുടെ വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിനെയാണ് സിനിമയിൽ കാണാനാകുക. സൈക്യാട്രി ഡോക്ടറായി എത്തുന്ന ഫഹദ് എല്ലാ അർത്ഥത്തിലും രോഗികളിൽ ഒരാളായി മാറുകയാണ്. അയാളുടെ മാനറിസങ്ങൾ പോലും അത് വിളിച്ചു പറയുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന് മേലെയാണ് ഡോ.എം.കെ.നായരുടെ കഥാപാത്രം.
അഭിനയം കൊണ്ട് ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം നായികയായ സായി പല്ലവിയാണ്. ഓട്ടിസം എന്നത് ഒരു രോഗമല്ലെന്നും മറിച്ചൊരു താളംതെറ്റലാണെന്നും തിരിച്ചറിഞ്ഞുള്ള അസാമാന്യ പ്രകടനമാണ് സായിയുടേത്. ചിത്രത്തിൽ സംഭാഷണങ്ങൾ വളരെ കുറവാണ് സായിക്ക്. എന്നാൽ, ഓട്ടിസം ബാധിച്ചവരുടെ കാൽ, കൈവിരലുകൾ അവർക്ക് പകരം സംസാരിക്കുന്നത് സായിയിലൂടെ കാണാനാകും. പെരുമാറ്റത്തിലെ വികലത പോലും സായി സൂക്ഷ്മമായി സ്ക്രീനിലെത്തിച്ചിരിക്കുന്നു. ഇതോടൊപ്പം കളരിച്ചുവടുകളിലൂടെ സായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുമുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ.ബെഞ്ചമിന്റെ വേഷത്തിലെത്തുന്ന ബോളിവുഡ് നടൻ അതുൽ കുൽക്കർണിയാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മറ്റൊരു താരം. രഞ്ജി പണിക്കർ, സുദേവ് നായർ, പ്രകാശ് രാജ്. ലെന, സുരഭി, ലിയോണ ലിഷോയ്, ശാന്തികൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന് കാമറ കൈകാര്യം ചെയ്ത അനു മൂത്തേടത്ത് കൈയടി അർഹിക്കുന്നു. പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഇണങ്ങുന്നതായി.
വാൽക്കഷണം: മനസിന്റെ ഡാർക്ക് സീനാണ് ബ്രോ
റേറ്റിംഗ്: 3.5/5