കെ .എം. മാണി അന്തരിച്ചു. കേരള രാഷ്ട്രീയത്തിൽ ഉദിച്ചസ്തമിച്ച കാക്കത്തൊള്ളായിരം ചെറുകക്ഷികളെ പോലെ ചരിത്രത്തിന്റെ കാണാപ്പുറങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരു ചെറിയ കക്ഷിയെ അവഗണിക്കാനാവാത്ത രാഷ്ട്രീയശക്തിയായി അരനൂറ്റാണ്ടിലേറെ അരങ്ങിൽ നിറച്ചുനിറുത്തിയ മഹാപ്രതിഭയാണ് ഒാർമ്മയാവുന്നത്. സിദ്ധിയും ബുദ്ധിയും ഒപ്പമുണ്ടെങ്കിൽ ആൾ വിഘ്‌നേശ്വരനാകും എന്നതാണല്ലോ ഗണപത്യ രഹസ്യം. മാണിക്കാണെങ്കിൽ എന്നും ഭാഗ്യവും ഒപ്പമുണ്ടായിരുന്നു.
ഭാഗ്യത്തിന്റെ കാര്യം ആദ്യം പറയാം. പി.ടി. ചാക്കോ ആ കാലത്ത് മരിച്ചില്ലായിരുന്നുവെങ്കിൽ കേരള കോൺഗ്രസ് ജനിക്കുമായിരുന്നില്ല. 1965 ൽ അന്ന് ഡി.സി.സി സെക്രട്ടറി ആയിരുന്ന മാണിക്ക് കോൺഗ്രസ് ടിക്കറ്റ് കൊടുത്തിരുന്നുവെങ്കിൽ മാണി കേരള കോൺഗ്രസിൽ എത്തുമായിരുന്നില്ല. ആർ. ബാലകൃഷ്ണപിള്ളയ്ക്ക് എം.പി ആയിരിക്കെത്തന്നെ മന്ത്രിയാകണം എന്ന ശാഠ്യം ഇല്ലായിരുന്നുവെങ്കിൽ ആ ഘട്ടത്തിൽ മാണിയും ജോർജ് സാറും പിണങ്ങേണ്ടിവരുമായിരുന്നില്ല. ഉറങ്ങാൻ കള്ള് വേറെ വേണം എന്ന് പറഞ്ഞിട്ടുള്ളത് പോലെ പിളരാൻ വേറെ കാരണവും കുറെ കാലതാമസവും ഉണ്ടാകുമായിരുന്നു. മാണിയുടെ ശിഷ്ടായുസിലും സമാനമായ അനേകം ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. ആകെ ഒരു നിർഭാഗ്യം എന്ന് പറയാവുന്നത് ബാർ കോഴയുടെ ആരോപണത്തിൽ കുടുങ്ങിയതും നിരപരാധിയെങ്കിൽ അക്കാര്യം കോടതിവഴി മാലോകരെ ബോദ്ധ്യപ്പെടുത്താൻ കഴിയാതെ കാർമേഘാവൃതനായി കാലയവനികയിൽ മറയേണ്ടിവന്നതുമാണ്.
സിദ്ധി, ബുദ്ധി, സാധന എന്ന ഗുണത്രയ ഭാഗ്യത്തോട് ചേർന്നാൽ എന്തുണ്ടാകും എന്നതിനുത്തരം ഒരു മാണി ഉണ്ടാകും എന്നതാണ്. മറ്റു കേരള കോൺഗ്രസുകൾ പോലെയും എൻ.ഡി.പി, എസ്.ആർ.പി തുടങ്ങി ഉദയാസ്തമയം കണ്ട ചെറുകക്ഷികൾ പോലെയും കേ.കോ. (മാ) അസ്തമിക്കാത്തത് മാണിയുടെ മാത്രം സംഭാവനയാണ്.
കോൺഗ്രസിലെ ഒരു പ്രബല ഗ്രൂപ്പ് ,പിന്നെ മന്നം ആശീർവദിച്ച രാഷ്ട്രീയകക്ഷി. മന്നം ഉപേക്ഷിച്ചതോടെ അത് അവിഭക്ത കോട്ടയം ജില്ലയിൽ ചങ്ങനാശേരി അതിരൂപതയിലും അതിന്റെ സാമന്ത രൂപതകളിലും പെട്ട ശുദ്ധമാന കത്തോലിക്കാസഭയിലെ അനുസരണയുള്ള അജഗണങ്ങളുടെ കൂട്ടായ്മയായി ഒതുങ്ങേണ്ടതായിരുന്നു, മാണി ഇല്ലായിരുന്നുവെങ്കിൽ. മാണി ആലുവാ സാമ്പത്തിക പ്രമേയം വഴിയും അദ്ധ്വാനവർഗസിദ്ധാന്തം വഴിയും ആ കൂട്ടായ്മയ്ക്ക് ഒരു ദർശനവും തത്വശാസ്ത്രവും നിർമ്മിച്ചെടുത്തു. ജേക്കബ് സണും മർഫിയും റബർതോട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ കുട്ടനാട്ടിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിയ സുറിയാനി കത്തോലിക്കരുടെ കൈവശമായിരുന്നു റബർ കൃഷി. അവരുടെ രക്ഷയ്ക്ക് അവർക്കൊരു രാഷ്ട്രീയബദൽ ഉണ്ടാകണമെന്ന് മാണി അവരെ ബോദ്ധ്യപ്പെടുത്തി. കേന്ദ്രവും കോൺഗ്രസും മനോരമയെയും എം.ആർ.എഫിനെയും ടയർ വ്യവസായികളെയും മാത്രമേ സഹായിക്കൂ എന്ന ധാരണ പടർത്തി. അങ്ങനെ ഒരു ദർശനമായി, ഒരു രാഷ്ട്രീയ ന്യായമായി.
കേരള ക്രൈസ്തവരിൽ സുറിയാനി കത്തോലിക്കർ ഒരു ന്യൂനപക്ഷം ആണ്. കേരള കർഷകരിൽ റബർ കർഷകരും ഒരു ന്യൂനപക്ഷമാണ്. ഇങ്ങനെ ഒരു പാർട്ടി എങ്ങും എത്തുകയില്ല എന്ന് ബുദ്ധിമാനായ മാണി തിരിച്ചറിഞ്ഞു. അതുകൊണ്ട് ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ക്രൈസ്തവരുടെ മുഴുവൻ " ലീഗ് " ആണ് എന്ന് വരുത്തിക്കൂട്ടാനായി അടുത്തശ്രമം. മന്ത്രിയായതോടെ എല്ലാ ഉപവിഭാഗങ്ങളും മാണിയെ എഴുന്നള്ളിക്കാനും തുടങ്ങി. ഒപ്പം മൊത്തം കാർഷിക പ്രശ്നങ്ങളുടെ കാര്യത്തിലും മാണിയാണ് രക്ഷകൻ എന്ന ധാരണയും വളർത്തി.
അങ്ങനെ കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വീക്ഷണം ഉള്ള ഒരു രാഷ്ട്രീയ കക്ഷിയായി ഒരു കോൺഗ്രസ് ഗ്രൂപ്പിനെ വളർത്തിയെടുത്തു. അതാണ് കരിങ്ങോഴയ്ക്കൽ മാണി മകൻ മാണി. ഇങ്ങനെ ഒരു തെയ്യം കൊണ്ടുനടക്കാൻ കുട്ടിയമ്മയ്ക്കും കുട്ടികൾക്കും കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് കാലമാണ്. മാണി വളർത്തി. മാണി നടത്തി. മാണിക്കുശേഷം പ്രളയം, അതിനെ അതിജീവിക്കാൻ അടുത്ത തലമുറയ്ക്ക് കഴിഞ്ഞെന്നും കഴിഞ്ഞില്ലെന്നും വരാം. ഉപ്പോളം വരികയില്ല ഉപ്പിലിട്ടത് എന്നാണ് നിയമം.
അദ്ധ്വാനശീലമാണ് മാണിയുടെ വിജയരഹസ്യം. നാല് മണിക്കൂർ മതി ഉറക്കം. പിന്നെയൊക്കെ നെപ്പോളിയനെപോലെ പവർനാപ് മതി. 14 x 8 = 112 എന്ന് പണ്ട് പഠിച്ച പട്ടിക വച്ച് എഴുതിയാൽ മാണി തൃപ്തനാവുകയില്ല. മാണിക്ക് ബോദ്ധ്യം വരണം. ആ ബോദ്ധ്യം നേടിയെടുക്കാൻ വേണ്ടി ഉറക്കം കളഞ്ഞും ഭക്ഷണം വെടിഞ്ഞും ജോലി ചെയ്യാൻ മാണിക്ക് മടിയില്ല.
നിയോജകമണ്ഡലത്തോടുള്ള പ്രതിബദ്ധതയാണ് മാണിയുടെ ബലം. പാലാ ബിഷപ്പ് കോൺഗ്രസിനൊപ്പം നിന്ന് എതിർത്തിട്ടും മാണി ജയിച്ചുകയറിയ മണ്ഡലമാണല്ലോ അത്. ഇടുക്കി കളക്ടറായി കോട്ടയത്ത് താമസിക്കുന്ന കാലത്ത് ആഴ്ചയിൽ രണ്ടുതവണ പാലാവഴി ഞാൻ കടന്നുപോകുമായിരുന്നു. മാണി മന്ത്രിയാകുന്നതിന് മുമ്പുള്ള ആ പാലാ ഇന്ന് നാല്പതിന് താഴെ പ്രായമുള്ള ഒരു മീനച്ചിൽകാരന്റെയും ഒാർമ്മയിൽ കാണുകയില്ല. ഉൗളമ്പാറയിലും പൂജപ്പുരയിലും ഉള്ള പൊതുസ്ഥാപനങ്ങൾ - ഭ്രാന്താശുപത്രിയും സെൻട്രൽ ജയിലും ഒഴികെ ഒരുവിധം എല്ലാം അവിടെ എത്തിച്ചിട്ടുണ്ട് മാണി ഇതിനകം. ഇനി പാലാ കേന്ദ്രമായി ഒരു ജില്ലയും ആവാം.
നിയോജകമണ്ഡലത്തിലെ പൊതുകാര്യങ്ങൾ മാത്രമല്ല മാണിയെ ആകർഷിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ പാലാക്കാരന്റെ കാര്യത്തിൽ മാണിക്ക് കക്ഷിഭേദമില്ല. കോൺഗ്രസുകാരന്റെ വീട്ടിലെ പട്ടി ചത്താലും മാണി അവിടെയെത്തി അനുശോചനം അറിയിക്കും. കമ്മ്യൂണിസ്റ്റുകാരന്റെ കുട്ടിക്ക് അഡ്മിഷൻ വേണമെങ്കിലും ഉൗരിയ പേന തയ്യാർ. ഉമ്മൻചാണ്ടിയുടെയും ബേബി ജോണിന്റെയും ശൈലിതന്നെ.
മാണിയുടെ പെരുമാറ്റം ആരെയും വശീകരിക്കുന്നതാണ്. മാണി സെക്രട്ടേറിയറ്റിലുള്ളപ്പോൾ ആ മുറി കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പയുടെ സെറ്റ് പോലെ ഇരിക്കും. പാച്ചല്ലൂർ വിക്രമനെ കെട്ടിപ്പിടിച്ച് സ്വീകരിക്കുമ്പോൾ തോണിപ്പാറ ഫാസ്റ്റ് വരും. ഫാസ്റ്റിനെ ആലിംഗനം ചെയ്യാൻ മാണി നീങ്ങും. ആരെയും വിടുകയില്ല.
ഉദ്യോഗസ്ഥരെ വശത്താക്കാനും കൊണ്ടുനടക്കാനും മാണി മിടുക്കനാണ്. നമ്മോട് വിയോജിച്ച് ഫയലിൽ ഉത്തരവിടേണ്ടി വരുമ്പോഴും മാണിക്ക് പിണക്കമില്ല. സ്വന്തം ചുമതലയിൽ അത് ചെയ്യുകയും ചെയ്യും. മറ്റു പല മന്ത്രിമാരെയും പോലെ ഉദ്യോഗസ്ഥരെ പഴിചാരുകയോ തള്ളിപ്പറയുകയോ ഒന്നുമില്ല. എന്നോട് രസത്തിലായിരുന്നില്ല ഒടുക്കമായപ്പോൾ. അതും ഇത്തരം പിണക്കം കൊണ്ടല്ല. ജേക്കബും മാണിയും എന്റെ മന്ത്രിമാരായിരുന്നു. മാമ്മോദീസായിൽ സാത്താനെ ഉപേക്ഷിച്ച് മിശിഹായെ സ്വീകരിക്കുന്നത് പോലെ ജേക്കബിനെ ഉപേക്ഷിക്കണമെന്ന് മാണി, എന്നെ വിശ്വസിക്കണമെന്ന് ഞാൻ. അത് സ്നേഹം കൂടുമ്പോൾ സഹോദരന്മാർ തമ്മിൽ ഉണ്ടാകുന്ന വഴക്കാണ്. മന്ത്രി എന്ന നിലയിൽ മാണിയുടെ കൂടെ ജോലി ചെയ്യുന്നത് ഏത് ഐ.എ.എസ് ഉദ്യോഗസ്ഥനും ഇഷ്ടപ്പെടും.
മാണിയും ഞാനും ദീർഘകാലം അടുത്ത സുഹൃത്തുക്കളായിരുന്നു. അന്ന് ഒന്നിച്ച് കുടിച്ചിട്ടുള്ള സോഡയ്ക്ക് കണക്കില്ല. പറഞ്ഞിട്ടുള്ള കഥകൾ ഭൂരിപക്ഷവും കുറിക്കാൻ പറ്റിയതുമല്ല. എന്നാൽ ഒന്നുപറയാം. സോഫോക്ളീസ് പണ്ട് പറഞ്ഞതാണ്. പകൽ എത്ര സുന്ദരമായിരുന്നു എന്നറിയാൻ നേരം സന്ധ്യയാവണം. സെനറ്റർ ഡർക്‌സൺ അന്തരിച്ചപ്പോൾ പ്രസിഡന്റ് നിക്‌സൻ പറഞ്ഞത് ഉദ്ധരിച്ച് നിറുത്തട്ടെ. We who were privileged to be his friends can take comfort that Dirksen in the rich evening of his life, his leadership unchallenged, his mind clear, his great voice still powerful across the land could look back upon his life and say, `The day has indeed been splendid'.
മാണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
(കേരളകൗമുദിക്ക് വേണ്ടിയായിരുന്നു ഡി. ബാബുപോൾ അവസാനമായി ലേഖനമെഴുതിയത്. അത് ഞങ്ങളിവിടെ പ്രസിദ്ധീകരിക്കുന്നു)