തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിംഗിനായി ബാലറ്റ് പേപ്പർ വിതരണം ചെയ്യാനും വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ തിരികെ വാങ്ങാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സാധാരണയായി പൊലീസ് ഉദ്യേഗസ്ഥർ തന്നെ ബാലറ്റ് പേപ്പർ ഒപ്പിട്ടു വാങ്ങുകയും വോട്ട് രേഖപ്പെടുത്തി കവറിലിട്ട് സീൽ ചെയ്ത് റിട്ടേണിംഗ് ഓഫീസർക്ക് തിരിച്ച് നൽകുകയാണ് പതിവ്.
എന്നാൽ ഇത്തവണ ഇതിനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇത് വോട്ടിന്റെ രഹസ്യാത്മകതയെ ബാധിക്കും. തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാർക്ക് അവരുടെ യൂണിറ്റുകളിൽ തന്നെ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഉറപ്പാക്കണം.കളക്ടറേറ്റുകളിലും മറ്റു തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇത്തരത്തിൽ സൗകര്യമൊരുക്കാറുണ്ടെന്നും പൊലീസിലും അത് പിന്തുടരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.