konna-poovu

കല്ലമ്പലം: വിഷുപ്പുലരിക്ക് ഒരു ദിനം മാത്രം അവശേഷിക്കേ നാടെങ്ങും സജീവമായി വിഷു വിപണി. വേനൽച്ചൂട് ഭീഷണിയുയർത്തുന്നതിനിടെയും ആഘോഷങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് ജനങ്ങൾ. ഗ്രാമങ്ങളിൽ നിന്ന് കൃഷി അപ്രത്യക്ഷമായതോടെ പതിവുപോലെ ഇക്കുറിയും കമ്പോളങ്ങളാണ് സമൃദ്ധിയിലായത്. വിപണികളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കാൻ ഇനിയും സമയമുണ്ടെങ്കിലും കൊന്നപ്പൂ വിൽക്കാനെത്തുന്നവർ നഗരക്കാഴ്ചയുടെ ഭാഗമാണ്. വിഷുത്തലേന്നായ ഞായറാഴ്ചയാണ് കൊന്നപ്പൂ വിൽപന പൊടിപൊടിക്കുക. കണിവെള്ളരിക്കും ആവശ്യക്കാർ ഏറെയാണ്. ഉന്തുവണ്ടിയിലടക്കം തിരക്കേറിയ ഇടങ്ങളിൽ കണിവെള്ളരിയുടെ വിൽപനയും നടക്കുന്നുണ്ട്. പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചും സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുമാണ് വസ്ത്ര - ഇലക്ട്രിക് വിപണി ആളുകളെ ആകർഷിക്കുന്നത്. വിഷു അടുത്തതോടെ ഇതര സംസ്ഥാനക്കാരും കച്ചവടത്തിനായി തെരുവുകളിലെത്തിയിട്ടുണ്ട്.