kerala-police

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന മുഴുവൻ പൊലീസുകാരുടെയും വിവരം ശേഖരിക്കാൻ ഡി.ജി.പി വിചിത്രമായ ഉത്തരവിറക്കി. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വോട്ടർ പട്ടികയിലുള്ള പൂർണ വിവരം ശേഖരിക്കണമെന്ന നിർദ്ദേശം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയിരിക്കയാണ്. ഇതിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പൊലീസിൽ അൻപതിനായിരത്തിന് മേൽ പോസ്റ്റൽ വോട്ടുണ്ട്. പോസ്റ്റൽ ബാലറ്റിന് പൊലീസുകാർക്ക് നേരിട്ട് അപേക്ഷിക്കാമെന്നിരിക്കെയാണ് ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പ്.

വോട്ട് ആർക്കാണ് രേഖപ്പെടുത്തിയതെന്ന് മനസിലാക്കാനും പോസ്റ്റൽ വോട്ട് അട്ടിമറിക്കാനുമാണ് നീക്കമെന്നാണ് പൊലീസുകാരുടെ പരാതി. വോട്ടർ പട്ടികയിലെ പൂർണ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ആർക്കു വേണമെങ്കിലും ഇതുപയോഗിച്ച് പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാനും ബാലറ്റ് സ്വന്തമാക്കി സമ്മതിദാനാവകാശം രേഖപ്പെടുത്താനും കഴിയും. അപേക്ഷയിലെ ഒപ്പോ, പോളിംഗ് സ്റ്റേഷനുകളിലേതുപോലെ ഫോട്ടോ വെരിഫിക്കേഷനോ പോസ്റ്റൽ ബാലറ്റിന്റെ കാര്യത്തിൽ ഇല്ല.
പൊലീസുകാരുടെ ഈ വിവരങ്ങൾ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നും ഒരുവിഭാഗം ആരോപിക്കുന്നു. പൊലീസിലെ ഭൂരിപക്ഷവും പോസ്റ്റൽ ബാലറ്റിലൂടെയാണു വോട്ട് രേഖപ്പെടുത്തുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയവരുടെ പോസ്റ്റൽ ബാലറ്റ് കൈക്കലാക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് ഇതിനകം 18 കമ്പനി (ഏകദേശം 1600 പേർ) പൊലീസ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയിക്കഴിഞ്ഞു. 1400 പേർ ഉടൻ തമിഴ്നാട്ടിലേക്കു പോകും.


വീടിന്റെ വിലാസം വെട്ടി ബറ്റാലിയന്റേതാക്കും

വീട്ടിലെ വിലാസത്തിലാണ് പോസ്റ്റൽ ബാലറ്റിനു സാധാരണയായി അപേക്ഷിക്കുന്നത്. എന്നാൽ ഓരോ ബറ്റാലിയനിലും രൂപീകരിച്ചിട്ടുള്ള ഇലക്ഷൻ സെല്ലിലെ പൊലീസുകാർ അതു വെട്ടിത്തിരുത്തി ബറ്റാലിയൻ വിലാസത്തിലാക്കി അപേക്ഷ നൽകുന്നതായും പരാതിയുണ്ട്. ബാലറ്റ് എത്തുമ്പോൾ ഇതേ സെല്ലിലെ പൊലീസുകാർക്ക് രഹസ്യമായി വോട്ട് രേഖപ്പെടുത്തി മടക്കി അയയ്ക്കാനാകും. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ ബറ്റാലിയനുകളിൽ രൂപീകരിച്ചിട്ടുള്ള സെല്ലിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കാണ് ചുമതല.


പ്രത്യേക ബൂത്ത് വേണം

ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷൻ മുൻകൈയെടുത്തു ജില്ലാതലത്തിൽ ഒരിടത്ത് പോളിംഗ് ബൂത്ത് സജ്ജമാക്കണമെന്ന് പൊലീസിൽ നല്ലൊരു വിഭാഗം ആവശ്യപ്പെടുന്നു.