vellayani-arjunan
ഡോ.വെള്ളായണി അർജുനൻ

തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് കുമാരനാശാന്റെ 146ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വീണപൂവ് ശതാബ്ദി പുരസ്കാരം ഭാഷാപണ്ഡിതനും ചരിത്രകാരനുമായ ഡോ.വെള്ളായണി അർജുനന് ലഭിച്ചു. 'ആശാൻ മലയാളത്തിന്റെ നവയുഗ ശിൽപി' എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 25000 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.

യുവകവികൾക്കുള്ള കുമാരകവി പുരസ്കാരത്തിന് 'രുദ്രാക്ഷരം' എന്ന കവിതാസമാഹാരത്തിലൂടെ സുമേഷ് കൃഷ്ണൻ അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം. ഡോ.ഏഴാച്ചേരി രാമചന്ദ്രൻ,​ ഡോ.കെ.എസ് രവികുമാർ,​ ഒലീന എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. വീണപൂവ് ശതാബ്ദി പുരസ്കാരം ഡോ.ഏഴാച്ചേരി രാമചന്ദ്രനും കുമാരകവി പുരസ്കാരദാനം കുരീപ്പുഴ ശ്രീകുമാറും 19ന് നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.