തിരുവനന്തപുരം: ചെറിയതുറയിൽ അടിപിടിക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസും പ്രതികളുടെ ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടി. പിടിവലിക്കിടെ നിലത്തുവീണ് വീട്ടമ്മയ്ക്കും കൈയേറ്റ ശ്രമത്തിനിടെ സി.ഐ ഉൾപ്പെടെ അഞ്ചു പൊലീസുകാരും പരിക്കേറ്റു. ചെറിയതുറ ഫിഷർമെൻ കോളനിയിലെ നേമ സെബാസ്റ്റ്യനാണ് (53) പരിക്കേറ്റത്. ജീപ്പ് തടയുന്നതിനിടെ നിലത്തുവീണ് പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ എ.കെ. ഷെറി, എസ്‌.ഐ ശ്യാംരാജ്, പൊലീസുകാരായ അജി, ടിനു, അനിൽകുമാർ എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. വ്യാഴാഴ്ച രാത്രി 10ന് ചെറിയതുറ ഫിഷർമെൻ കോളനിയിലായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് സ്ഥലത്തെ രണ്ടുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികളായ രണ്ടുപേർ മറ്റൊരു പ്രതിയുടെ വീട്ടിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ഉദ്യോഗസ്ഥരെ ഒരു സംഘം സ്ത്രീകൾ തടഞ്ഞു. ഈ സമയം ആ വീട്ടിലുണ്ടായിരുന്നവർ പിൻഭാഗത്തെ വാതിൽ വഴി രക്ഷപ്പെട്ടു. പരിശോധനയിൽ കൈലിയും തലയണയും മൊബൈൽ ഫോണുകളും ലഭിച്ചു. പ്രതികളെ ഒളിപ്പിക്കാനും പൊലീസിനെ തടയാനും നേതൃത്വം നൽകിയ ആളെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ വീണ്ടും പ്രതിഷേധമുണ്ടായി. പരിക്കേറ്റ് ആശുപത്രിയിലായ സ്ത്രീ ഉൾപ്പെടെ മുപ്പതോളം പേർ ജീപ്പു തടഞ്ഞ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തു. ജീപ്പിനും കാര്യമായ കേടുപാടുണ്ടാക്കി. ഇതിനിടെ പ്രതിയെ വിട്ടുകിട്ടാനായി ജീപ്പിലേക്ക് തൂങ്ങിക്കയറിയ സ്ത്രീ നിലത്തുവീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിച്ചു പരിക്കേല്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെ കേസെടുത്തു. പൊലീസിനെ കൈയേറ്റം ചെയ്‌ത കേസിൽ ചെറിയതുറ സ്വദേശി ടിറ്റോ തങ്കച്ചനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒട്ടേറെ അടിപിടിക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അതേസമയം അടിപിടി കേസിൽ പ്രതിചേർത്തവരിൽ ഒരാൾ നിരപരാധിയാണെന്നാണ് പരിക്കേറ്റ നേമയുടെ ബന്ധുക്കൾ പറയുന്നത്. നിരപരാധിയായ ആളെ പിടികൂടാൻ ശ്രമിച്ചതിനെയാണ് ചോദ്യം ചെയ്‌തത്. പൊലീസിന്റെ വെല്ലുവിളിയും പിടിവാശിയും സംഘർഷത്തിന് കാരണമായി. നേമയെ പൊലീസ് ബോധപൂർവം തള്ളിയിടുകയായിരുന്നു. സ്ത്രീകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇവർ ആരും തന്നെ പൊലീസിനെ കൈയേറ്റം ചെയ്‌തിട്ടില്ലെന്നും അവർ പറഞ്ഞു.