തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ച് പൊലീസിനെ അറിയിക്കുന്നതിനായി സിറ്റി പൊലീസ് നടപ്പിലാക്കിയ ടി.സി വിജിൽ പദ്ധതിപ്രകാരം മികച്ച വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ച രണ്ടു പേരെയും, യാത്രക്കാരന്റെ ഫോൺ തിരികെ നൽകിയ ആട്ടോ ഡ്രൈവറെയും 'ഗുഡ് സിറ്റിസൺ' സർട്ടിഫിക്കറ്റ് നൽകി സിറ്റി പൊലീസ് കമ്മിഷണർ ആദരിച്ചു. വിമെൻസ് കോളേജ് ജംഗ്ഷനിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ ഇടതുവശത്തുള്ള ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം പൊതുജനങ്ങൾക്കും, വിമെൻസ് കോളേജിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥിനികൾക്കും അസൗകര്യമുണ്ടാക്കുന്നുവെന്ന നിർദ്ദേശം നൽകിയ വിമെൻസ് കോളേജിലെ ഗവേഷണവിഭാഗം വിദ്യാർത്ഥിനി അനിത ആനന്ദിനെയും, പഴവങ്ങാടി വെസ്റ്റ് ഫോർട്ടിന് സമീപം അപകടമുണ്ടാക്കുന്ന രീതിയിൽ സിഗ്‌നൽ ലംഘിച്ച് വാഹനമോടിച്ച കാറിന്റെ ദൃശ്യങ്ങൾ പകർത്തി ടിസി വിജിൽ വാട്‌സ് ആപ്പ് നമ്പരിലേക്ക് അയച്ച വിതുര സ്വദേശി രാജീവിനെയുമാണ് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ ആദരിച്ചത്. 1368 വാട്‌സ് ആപ്പ് സന്ദേശങ്ങളിൽ നിന്ന് മികച്ച നിർദ്ദേശങ്ങൾ നൽകിയ രണ്ടു പേരെയാണ് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ ആദരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകവേ ന്യൂറോ സർജൻ ആട്ടോറിക്ഷയിൽ മറന്നുവച്ച ഫോൺ തിരികെ നൽകിയ ആട്ടോറിക്ഷ ഡ്രൈവർ സന്തോഷിനെയും ആദരിച്ചു. പത്മതീർത്ഥത്തിന് സമീപം നഗരത്തിലെ ഒമ്പതാമത് പ്രീപെയ്ഡ് ആട്ടോ സ്റ്റാൻഡിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ നിർവഹിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന തീർത്ഥാടകർക്ക് സൗകര്യപ്രദം ആകുന്നതിനു വേണ്ടിയാണ് ഇവിടെ ആട്ടോ സ്റ്റാൻഡ് ആരംഭിച്ചത്. ടി സി വിജിൽ നമ്പർ അടങ്ങിയ സ്റ്റിക്കർ നഗരത്തിലെ ആട്ടോറിക്ഷകളിൽ പതിക്കുന്നതിന്റെ ഉദ്ഘാടനവും സിറ്റി പൊലീസ് കമ്മിഷണർ നിർവഹിച്ചു. നഗരത്തിലെ ആട്ടോറിക്ഷ ഡ്രൈവർമാരെ കുറിച്ചുള്ള പരാതികളോ നിർദ്ദേശങ്ങളോ പൊതുജനങ്ങൾക്ക് സിറ്റി പൊലീസിന്റെ ടിസി വിജിൽ നമ്പരായ 9497975000 ലേക്ക് വിളിക്കുകയോ വാട്‌സാപ്പ് സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്യാമെന്ന് അറിയിച്ചു.