jacob-thomas

തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടി രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ് മുൻ ഡയറക്ടർ ഡോ.ജേക്കബ് തോമസിനെതിരെ കോടതിയിൽ വിജിലൻസ് എഫ്.ഐ.ആർ ഫയൽ ചെയ്തു. തിരുവനന്തപുരത്തെ ഒന്നാം പ്രത്യേക അന്വേഷണ സംഘം എസ്.പി കെ.ഇ.ബൈജുവാണ് പ്രത്യേക വിജിലൻസ് കോടതിയിൽ ഇന്നലെ എഫ്.ഐ.ആർ സമർപ്പിച്ചത്.

കേസിൽ വ്യാഴാഴ്ച എഫ്.ഐ.ആർ സമർപ്പിച്ചതാണ്. എന്നാൽ, പിഴവുള്ളതിനാൽ അത് പരിഗണിക്കരുതെന്ന അപേക്ഷയുമായി വിജിലൻസിന്റെ പ്രത്യേക ദൂതൻ ഇന്നലെ കോടതിയിലെത്തി. തുടർന്ന് വൈകിട്ട് അഞ്ചിന് തിരുത്തൽ വരുത്തിയ എഫ്.എെ.ആർ സമർപ്പിക്കുകയായിരുന്നു.

സമാനമായ എഫ്.ഐ.ആർ നേരത്തേ കോട്ടയം വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന്റെ അനുമതിയോടെയാണ് പുതിയ എഫ്.ഐ.ആർ സമർപ്പിച്ചത്. ജേക്കബ് തോമസിനെ ഒന്നാം പത്രിയായാണ് ചേർത്തിട്ടുള്ളത്. കേസിൽ മറ്റ് മൂന്ന് പ്രതികൾ കൂടിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവരുടെ പേര് എഫ്.ഐ.ആറിലില്ല. അൺനോൺ (അജ്ഞാതം) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2009-14 കാലത്ത് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ, സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഹോളണ്ട് ആസ്ഥാനമായ ഐ.എച്ച്.സിക്ക് കരാർ നൽകിയെന്നാണ് പറയുന്നത്. ടെൻഡർ ക്ഷണിച്ച് മൂന്ന് മാസത്തെിൽ കുറയാത്ത കാലാവധിക്കുള്ളിൽ കരാർ ഉറപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ഏക ടെൻഡർ അംഗീകരിച്ച് 21 ദിവസം കൊണ്ട് കരാർ ഉറപ്പിച്ചു. ഏക ടെൻഡർ അംഗീകരിക്കും മുമ്പ് സാങ്കേിതിക വിദഗ്ദ്ധരുടെ ഉപദേശം തേടണമെന്ന ചട്ടവും ജേക്കബ് തോമസ് പാലിച്ചില്ല. കരാർ പ്രകാരം, ഇറക്കുമതി ചെയ്യുന്ന ഡ്രഡ്ജറുകൾക്ക് ചുങ്കം ചുമത്തണമായിരുന്നു. എന്നാൽ ഡയറക്ടർ ഇടപെട്ട് നികുതി ഇളവ് നൽകി. കുറഞ്ഞപക്ഷം അഞ്ച് വർഷമെങ്കിലും അറ്റകുറ്റപ്പണി ലഭ്യമാക്കേണ്ടത് കരാറിലെ പിഴവ് കാരണം നഷ്ടമായെന്നും എഫ്.ഐ.ആറിലുണ്ട്.

ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്. 14.96 കോടി രൂപയുടെ പൊതുനഷ്ടം സർക്കാരിനുണ്ടായെന്നും ഇടപാടുകൾ സുതാര്യമല്ലെന്നും ധനസെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാം കണ്ടെത്തി. ജേക്കബ് തോമസിനെതിരെ ക്രമക്കേട്, വഞ്ചന എന്നിവയ്ക്ക് ക്രിമിനൽ കേസെടുക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ശുപാർശ ചെയ്തിരുന്നു.