കാനനത്തിലെ ഒരു വള്ളിപ്പടർപ്പിനെ നോക്കുക. അതു ഏതു മരമെന്നു നോക്കിയിട്ടല്ല ഒന്നിലേക്കു പടർന്നു കയറുന്നത്. അത് അതിന്റെ ജന്മസിദ്ധമായ അവകാശമാണ്. ഒരു പുഴയൊഴുകുന്നത് ആരുടെ ദേശത്തുകൂടിയാണ് എന്നു നോക്കിയിട്ടല്ല. അതിനു എവിടെക്കൂടിയും ഒഴുകാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ ഒരു പറവ കൂടുകൂട്ടുന്നതും വിശ്രമിക്കുന്നതും ആരുടെ ഭവനമെന്നു നോക്കിയിട്ടല്ല. അതിന് ഏത് ഭവനത്തിലും ഇരുന്നു വിശ്രമിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല. കാരണം അതെല്ലാം പ്രകൃതിയുടെ സ്വാഭാവികതയാണ്. എന്നാൽ ഒരു മനുഷ്യനു മറ്റൊരാളുടെ ഭവനത്തിൽ ഉടമയുടെ അനുവാദമില്ലാതെ വിശ്രമിക്കാനോ പറമ്പിലൂടെ വഴി നടക്കാനോ കഴിയില്ല. ഒരാൾക്ക് താൻ വളർത്തുന്ന ചെടിയെ മറ്റൊരാളുടെ മരത്തിലേക്ക് പടർത്താനാവില്ല. കൃഷിയിടത്തിലെ വെള്ളം മറ്റൊരാളിന്റെ കൃഷിയിടത്തേക്ക് ഒഴുക്കി കളയാനുമാവില്ല. കാരണം പ്രകൃതിയുടെ സ്വാഭാവികതയെ മനുഷ്യൻ മറ്റു ജീവജാലങ്ങളെപ്പോലെ നിരുപാധികം ഉൾക്കൊള്ളുന്നില്ല എന്നതാണ്. 'ഞാൻ" എന്ന സ്വത്വബോധത്തെക്കാൾ ഞാൻ എന്ന വ്യക്തിബോധം കൊണ്ട് ജീവിതത്തെ കെട്ടിപ്പടുക്കുന്നവനാണ് ആധുനിക മനുഷ്യൻ. വ്യക്തിബോധം വളർത്തുന്ന അഭിരുചികളിൽ സ്വത്വബോധത്തിന്റെ ലാഞ്ഛന പോലുമുണ്ടാവില്ല. സ്വത്വബോധമില്ലാത്ത വ്യക്തിബോധം വച്ചുകൊണ്ട് ജീവിതം നയിക്കുന്നവനും ലോകത്തെ കാണുന്നവനും എപ്പോഴും 'ഇത് എന്റേത് "എന്ന സങ്കല്പത്തെ മുറുകെപ്പിടിക്കും. സ്വാർത്ഥത വരുന്നതും പെരുകുന്നതും ഈ സങ്കല്പത്തിൽ നിന്നാണ്. തീയുണ്ടാകുന്നിടത്ത് പുകയുണ്ടാകുമെന്നതുപോലെ സ്വാർത്ഥയുണ്ടാകുന്നിടത്ത് അഹന്തയുമുണ്ടാകും.
തീ ഒരിടത്താണെങ്കിൽ അതിൽ നിന്നുയരുന്ന പുക എല്ലായിടത്തേക്കും പരക്കും. അതുപോലെയാണ് സ്വാർത്ഥതയും അഹന്തയും തമ്മിലുള്ള ബന്ധവും. സ്വാർത്ഥതയുള്ളവന്റെ അഹന്ത അവനിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതാണ് വ്യക്തിയെയും ജീവിതത്തെയും ലോകത്തെ തന്നെയും പ്രക്ഷുബ്ധവും അശാന്തവുമാക്കിത്തീർക്കുന്നതിന്റെ പ്രധാന ഘടകം. അതുകൊണ്ട് സ്വാർത്ഥത വളർത്താതിരിക്കാനുള്ള ജാഗ്രത നമുക്ക് എപ്പോഴുമുണ്ടാകണം. എപ്പോഴൊക്കെയാണോ ഈ ജാഗ്രത കുറയുന്നത് അപ്പോഴൊക്കെ സ്വാർത്ഥതയ്ക്കു ശക്തിയേറുമെന്ന ചിന്ത വേണം. സ്വാർത്ഥതയ്ക്ക് ശക്തിയേറുമ്പോൾ ദുർബലമാകുന്നത് മനുഷ്യത്വമാണെന്ന ബോധവും വേണം.
ഒരിക്കൽ പ്രജകൾക്കെല്ലാം വളരെ പ്രിയങ്കരനായിരുന്ന ഒരു രാജാവ് തന്റെ രാജ്യത്തെ ഏറ്റവും വലിയ സ്വാർത്ഥനെയും ഏറ്റവും വലിയ നിസ്വാർത്ഥനെയും കണ്ടെത്താൻ ഒരു മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പന നാടുമുഴുവനും വിളംബരം ചെയ്യപ്പെട്ടു. മത്സരദിനം വന്നുചേർന്നു. രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്നും എത്തിച്ചേർന്ന സ്വാർത്ഥമതികളും നിസ്വാർത്ഥമതികളും അവരവർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളിൽ ആസനസ്ഥരായി. കുറച്ചുകഴിഞ്ഞ് രാജാവ് അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു ഓരോരുത്തരോടും അവരവർക്ക് ആവശ്യമുള്ളതെല്ലാം ചോദിച്ചുകൊള്ളാൻ ആജ്ഞാപിച്ചു.
സ്വാർത്ഥന്മാർ ഇതുകേട്ട് വളരെ സന്തോഷിച്ചു. അവർ അവരുടെ ആർത്തിക്കനുസരിച്ച് ഓരോന്നും ആവശ്യപ്പെടാൻ തുടങ്ങി. ചിലർ രാജകൊട്ടാരം തന്നെ ആവശ്യപ്പെട്ടു. മറ്റു ചിലർ കൃഷിത്തോട്ടങ്ങൾ ആവശ്യപ്പെട്ടു. വേറെ ചിലർ കൊട്ടാരം ഖജനാവ് ആവശ്യപ്പെട്ടു. പണവും സ്വർണവും ആവശ്യപ്പെട്ടവരും ഏറെയായിരുന്നു. ചിലർക്ക് വേണ്ടത് രാജ്യത്തെ മുഴുവൻ ഗോക്കളെയായിരുന്നു. മറ്റു ചിലർക്ക് വേണ്ടിയിരുന്നത് നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ധാന്യപ്പുരകളായിരുന്നു. ഇവരിൽ ഏറ്റവും വലിയ സ്വാർത്ഥൻ ആരെന്നു എങ്ങനെ കണ്ടുപിടിക്കുമെന്നറിയാതെ രാജാവ് ചിന്താധീനനായി ഇരുന്നു. അപ്പോൾ ഒരുവൻ ഓടിയെത്തി രാജാവിനെ ബന്ധനസ്ഥനാക്കി. എന്നിട്ടിങ്ങനെ പ്രസ്താവിച്ചു. 'ഈ നിമിഷം മുതൽ ഞാനാണ് രാജാവ് ". അതിനുശേഷം ജനപ്രിയനായിരുന്ന ആ രാജാവിനെയും ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന മറ്റു സ്വാർത്ഥന്മാരെയും തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടു. ജനങ്ങളെല്ലാം അമ്പരന്നു നിന്നു. സ്വാർത്ഥത മൂലം തന്നെ സ്ഥാനഭ്രഷ്ടനാക്കാനെത്തിയ ഇവനെ കാരാഗൃഹത്തിലടയ്ക്കാൻ ഉടൻ തന്നെ രാജാവ് കല്പിച്ചു. പിന്നീട് ഏറ്റവും വലിയ നിസ്വാർത്ഥനെ കണ്ടെത്താനുള്ള മത്സരമായി. പങ്കെടുത്ത പലരും അവരവർക്ക് പ്രിയപ്പെട്ടതായിരുന്ന പലതും രാജാവിന് സമർപ്പിക്കുന്നതിൽ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. അവരിൽ ആരാണ് ഏറ്റവും വലിയ നിസ്വാർത്ഥനെന്നു കണ്ടെത്താനാകാതെ രാജാവ് വീണ്ടും ചിന്താധീനനായി. അപ്പോൾ ഇതെല്ലാം കണ്ടുനിന്നിരുന്ന ദരിദ്രനായ ഒരുവൻ രാജസന്നിധിയിലേക്ക് കടന്നുവന്നു. എന്നിട്ട് തന്റെ ശൂന്യമായ കൈകൾ നീട്ടിക്കൊണ്ടു അവൻ പറഞ്ഞു. 'ഇതങ്ങ് സ്വീകരിക്കണം. ഇത് എന്റെ ഹൃദയത്തിന്റെ താക്കോലാണ് " . അതുകേട്ട് രാജാവ് സന്തുഷ്ടനാവുകയും അവനെ അപ്പോൾത്തന്നെ കൊട്ടാരം ഉപദേശകനായി നിയമിക്കുകയും ചെയ്തു.
സ്വാർത്ഥതയുടെ ഫലം ബന്ധനമാണെന്നും ഒന്നും ആവശ്യപ്പെടാതിരിക്കുന്നതും എല്ലാം നല്കുന്നതുമല്ല നിസ്വാർത്ഥതയെന്നും നമ്മെത്തന്നെ സമർപ്പിക്കുന്നതാണ് ഏറ്റവും വലിയ നിസ്വാർത്ഥതയെന്നും ജനങ്ങളെ അറിയിക്കുകയായിരുന്നു രാജാവിന്റെ ലക്ഷ്യം. നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും ശ്രീകോവിൽ നമ്മുടെ ഹൃദയങ്ങളാണ്. ആ ഹൃദയത്തെ മറ്റുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിച്ചാൽ അതിലും വലിയ മറ്റൊരു നിസ്വാർത്ഥതയില്ല. മറ്റൊരു ത്യാഗമില്ല. എപ്പോഴും ഇതെന്റേത്, ഇതെന്റേത് ആവണമെന്നു ആശിച്ചുകൊണ്ടു നടക്കുന്ന സ്വാർത്ഥന്റെ ജീവിതം വരണ്ട ഭൂമിപോലെ വിണ്ടുകീറിക്കൊണ്ടിരിക്കും. മറിച്ച് ഇതൊന്നും എന്റേതല്ലെന്നു ബോധ്യമുള്ളവന്റെ ജീവിതം തളിർത്തുകൊണ്ടേയിരിക്കും.
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മ-
സ്വതയഴിയാതറിവെന്നു ചൊല്ലിടേണം.
ആത്മോപദേശ ശതകത്തിൽ ഗുരുദേവൻ വെളിപ്പെടുത്തുന്ന ഈ പദ്യവും അതിന്റെ പൊരുളും കൊണ്ടു ഇടയ്ക്കിടെ നമ്മുടെ ഹൃദയത്തെ ഒന്നു തഴുകണം. അപ്പോൾ വ്യക്തിബോധം ഉയർത്തുന്ന ആശകളുടെ സ്ഥാനത്ത് സ്വത്വബോധം ഉണർത്തുന്ന ആശയങ്ങൾ മുളപൊട്ടുന്നത് അനുഭവമാകും.