പോസ്റ്ററുകളിലും ചുവരുകളിലും നിറഞ്ഞുചിരിക്കുന്ന വി.വി.ഐ.പി സ്ഥാനാർത്ഥിക്കു ചുറ്റുമാണിപ്പോൾ വയനാടൻ രാഷ്ട്രീയം കറങ്ങുന്നത്! വയനാടൻ കാടും മലനിരകളും തൊട്ടിങ്ങോട്ട് നിലമ്പൂരും ഏറനാടും വണ്ടൂരും തിരുവമ്പാടിയും വരെയായി കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന വയനാടൻ മണ്ഡലത്തിൽ ഇപ്പോഴെന്താണ് സ്ഥിതി?
എ.ഐ.സി.സിയുടെ യുദ്ധമുറി, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കകത്ത് സേനാനായകരുടെ കരുനീക്കങ്ങൾ... എല്ലാം രാഹുൽഗാന്ധിയെന്ന പടനായകനു വേണ്ടി. മറുഭാഗത്തോ, ഈ പടനായകനെ വിറപ്പിക്കണമെന്ന വാശിയോടെ തന്ത്രങ്ങൾക്ക് കോപ്പു കൂട്ടുന്നവർ. ഉച്ച കഴിഞ്ഞാൽ ചന്നം പിന്നം ചാറുന്ന മഴയും രാത്രിയിലും രാവിലെയും സുഖം പകരുന്ന നേർത്ത തണുപ്പുമുള്ള വയനാടൻ മലനിരകളിൽ രാഷ്ട്രീയച്ചൂട് ഉച്ചസ്ഥായിയിലാണ്. ആ ചൂടിന് ദാക്ഷിണ്യമൊട്ടുമില്ല!
ചുരമിറങ്ങി അടിവാരത്തു ചെന്ന്, അവിടെ നിന്ന് കോടഞ്ചേരി മലനിരകളിലേക്കു കയറി വട്ടച്ചിറ ആദിവാസികോളനിയിൽ എത്തുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊരു സമ്പർക്കപരിപാടി. രാഹുൽജി ജയിക്കണം, ഊരുകൾ വളരണം എന്നാണ് പ്രചാരണ മുദ്രാവാക്യം. ആദിവാസികൾക്ക് അവരുടെ കാവൽഭടനെയാണ് കിട്ടിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി വാചാലനാകുന്നു. ആദിവാസി സഹോദരങ്ങളെ നിയമസഭയിലെത്തിച്ചതും മന്ത്രിയാക്കിയതും ഡി.സി.സി അദ്ധ്യക്ഷനാക്കിയതുമെല്ലാം കോൺഗ്രസ്സാണെന്ന് പി.കെ.ജയലക്ഷ്‌മിയെയും ഐ.സി. ബാലകൃഷ്‌ണനെയും മറ്റും ഉദാഹരിച്ച് മുല്ലപ്പള്ളി വിവരിക്കുന്നു. ഗോത്രവർഗ്ഗക്കാരുടെ ഫണ്ട് മോദി സർക്കാർ വെട്ടിക്കുറച്ചപ്പോൾ അവർക്കായി വനാവകാശനിയമം കൊണ്ടുവന്നത് യു.പി.എ ആണെന്ന രാഷ്ട്രീയത്തിലേക്ക് മുല്ലപ്പള്ളി പ്രവേശിച്ചു.
ഇടതിനുമുണ്ട് പ്രഹരം. അമേതിയിൽ രാഹുൽ തോൽക്കുമെന്ന കോടിയേരിയുടെ വാക്കുകൾക്ക് സംഘപരിവാർ സ്വരമാണ് മുല്ലപ്പള്ളി മണക്കുന്നത്. രാഹുൽഗാന്ധിയെ തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിയിലാണ് ഇടതുപക്ഷത്തിന്റെ നിൽപ്പ്. രാഹുലും സഹോദരി പ്രിയങ്കയും റോഡ് ഷോ നടത്തി ഓളമുണ്ടാക്കിയ അതേ കൽപ്പറ്റ നിരത്തിലൂടെ റോഡ്ഷോയും മെഗാ റാലിയും സംഘടിപ്പിച്ചാണ് അവർ ബദൽ ശക്തിപ്രകടനം തീർത്തത്. മന്ത്രിമാരെ നിരത്തിയാണ് റോഡ്ഷോ. രാവിലെ പത്തു മണിക്ക് മുമ്പേ കൽപ്പറ്റയിലെ ഇടുങ്ങിയ റോഡിലും പരിസരങ്ങളിലുമായി പതിനായിരങ്ങൾ തടിച്ചുകൂടിയപ്പോൾ സൂചികുത്താനിടമില്ല. രാഹുൽ ഇഫക്‌ടിനു തടയിടാനുള്ള പൂഴിക്കടകനുമായി കടന്നുവന്നത് സാക്ഷാൽ മുഖ്യമന്ത്രി.
വയനാടിന്റെ മർമ്മമറിഞ്ഞാണ് പിണറായിയുടെ ചാട്ടുളികൾ. വയനാടൻ കർഷകരുടെ ദുരിതത്തിന് കാരണക്കാരാരാണ്? ആസിയാൻ കരാറിൽ ഒപ്പുവച്ച രാഹുൽഗാന്ധിയുടെ കോൺഗ്രസ്സുകാർ. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ കണക്കിനു വിമർശിച്ച് മതനിരപേക്ഷഭാവം വ്യക്തമാക്കാനും പിണറായി മടിച്ചില്ല. കർഷകദുരിതം വർദ്ധിപ്പിച്ച ഉദാരവത്കരണ സാമ്പത്തിക നയങ്ങൾക്കെതിരെ ആഞ്ഞടിച്ചാണ് രാഹുൽഗാന്ധിക്കെതിരായ പ്രചരണം സി.പി.എമ്മും ഇടതുപക്ഷവും കൊഴുപ്പിക്കുന്നത്.
തിരുവമ്പാടി കോടഞ്ചേരിക്കടുത്തെ പൊന്നാങ്കയത്ത് ഇടതു സ്ഥാനാർത്ഥി പി.പി. സുനീർ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിലേക്കാണ് നിറചിരിയോടെ വന്നിറങ്ങിയത്. ഉച്ചകഴിഞ്ഞ് മൂന്നു മണി. വയനാട്ടിലെ കഴിഞ്ഞ പത്തു വർഷക്കാലം ഗ്രാമപഞ്ചായത്ത് അംഗത്തെക്കൊണ്ടുള്ള പ്രയോജനം പോലും എം.പിയെക്കൊണ്ട് സാധിച്ചിട്ടില്ലെന്ന് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി സുനീർ പറഞ്ഞപ്പോൾ ആവേശക്കൈയടി. ദേശീയതലത്തിൽ ഇടതിനോട് ഏറ്റുമുട്ടലാണോ മുഖ്യകടമയെന്ന് എ.ഐ.സി.സി പറയട്ടെയെന്ന് രാഷ്ട്രീയം.
ഒളിക്കാനുള്ള കാടല്ല, വളരാനുള്ള നാടാണ് വയനാട് എന്ന രാഹുലിനെ ലാക്കാക്കിയുള്ള പ്രചാരണമുദ്രാവാക്യം പോസ്റ്ററിലും പ്രചാരണ വാഹനങ്ങളിലുമെല്ലാം നിറച്ചാണ് എൻ.ഡി.എയുടെ താരസ്ഥാനാർത്ഥി തന്നെയായ തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം. ഇടതും കോൺഗ്രസും അഡ്‌ജസ്റ്റ്മെന്റ് പ്രചാരണമെന്നാണ് എൻ.ഡി.എ വാദം. ഒരു കാരണവശാലും ഇടതിനെതിരെ പറയില്ലെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിൽ പിടിച്ച് ആക്രമണം. മത്സരം എൻ.ഡി.എയും യു.ഡി.എഫും തമ്മിലെന്ന് അവകാശവാദം.
തിരുവമ്പാടിയിൽ എൻ.ഡി.എ പ്രവർത്തകരുടെ ആവേശത്തിരതള്ളലിലാണ് തുഷാർ വെള്ളാപ്പള്ളി കൺവെൻഷൻ വേദിയിലേക്ക് കടന്നുവന്നത്. എന്തുകൊണ്ട് മോദി ഭരണം വീണ്ടും വരണമെന്നതിന് വികസന ന്യായവാദങ്ങൾ തുഷാർ ഉയർത്തിയപ്പോൾ സ്ത്രീകളടക്കം നിറഞ്ഞ സദസ്സിൽ നിന്ന് നിലയ്‌ക്കാത്ത കരഘോഷം. പിന്നെ ചെറുവീഥിയെ ഇളക്കിമറിച്ച് റോഡ്ഷോ.
ആസിയാൻ കരാറുയർത്തിയുള്ള ഇടതു വിമർശനത്തിന്, കർഷകവായ്‌പ എഴുതിത്തള്ളാതെ പിണറായി സർക്കാർ കർഷകരെ ദുരിതത്തിലാക്കിയെന്ന മറുപടി യു.ഡി.എഫ് ഉയർത്തുന്നുണ്ട്. മണ്ഡലത്തിലെ മുസ്ലിം സ്വാധീനം പൂർണമായി അനുകൂലമാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനെ നയിക്കുന്നത്. അഖിലേന്ത്യാതലത്തിൽ ബി.ജെ.പി നേതാക്കൾ വയനാടിനെ ലാക്കാക്കി നടത്തുന്ന മുസ്ലിംവിരുദ്ധ പ്രചാരണം ഇതിന് ആക്കംകൂട്ടുമെന്നും പ്രതീക്ഷിക്കുന്നു.
സ്വാധീനമുള്ള മേഖലകളിൽ കുടുംബയോഗങ്ങളടക്കം നടത്തിയാണ് എൻ.ഡി.എ പ്രചാരണം. ആർ.എസ്.എസിന്റേതടക്കമുള്ള ചിട്ടയായ പ്രവർത്തനവുമുണ്ട്. ബത്തേരി, മാനന്തവാടി, പുല്പള്ളി, തിരുവമ്പാടി മേഖലകളിലെ മേൽക്കൈയാണ് അവരുടെ പ്രതീക്ഷ.
ജയിച്ചാൽ രാഹുൽ ഇവിടെയുണ്ടാവില്ലെന്ന പ്രചാരണം ഇടതും എൻ.ഡി.എയും ഒരുപോലെ ഉയർത്തുന്നുണ്ട്.
രാഹുലിന്റെ ലീഡ് കുറയ്‌ക്കലല്ല, തോൽവി തന്നെയാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ച് ഇടതു പക്ഷവും റെക്കാഡ് ലീഡിനായി യു.ഡി.എഫും വിടില്ലെന്നു പറഞ്ഞ് എൻ.ഡി.എയും വാശിയോടെ നിൽക്കുന്നതാണ് വയനാടൻ മണ്ണിന്റെ രാഷ്ട്രീയ താപനില ഉയർത്തുന്നത്.
13.26 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ആറു ലക്ഷത്തിൽപ്പരം പേരും മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ മണ്ഡലങ്ങളിൽ നിന്ന്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ 1.65 ലക്ഷവും വയനാടൻ മലനിരകളിലെ ബത്തേരി,മാനന്തവാടി, കല്പറ്റ മണ്ഡലങ്ങളിലായി അഞ്ചു ലക്ഷത്തിലധികവും.
ഏഴ് അസംബ്ലി മണ്ഡലങ്ങളിലും അമ്പതിനായിരത്തിൽപ്പരം ലീഡ് നേടി രാഹുലിന്റെ ഭൂരിപക്ഷം മൂന്നര ലക്ഷത്തിനു മുകളിലെത്തിക്കുമെന്ന കോൺഗ്രസ് അവകാശവാദത്തെ പുച്ഛിച്ചുതള്ളുകയാണ് ഇടതുപക്ഷം. പോളിംഗ് എത്രയുയർന്നാലും ഈ അവകാശവാദം അസംബന്ധമെന്നാണ് ഇടതിന്റെയും എൻ.ഡി.എയുടെയും വാദം.
2014-ൽ ഇരുപതിനായിരത്തിന്റെ മാത്രം ലീഡ് യു.ഡി.എഫ് നേടിയ മണ്ഡലത്തിൽ നിയമസഭാ കക്ഷിനിലയിൽ ഇടതിന് മേൽക്കൈയുണ്ട്.
വയനാട് ഫാക്‌ടർ
യു.ഡി.എഫ് : അനുകൂലം- രാഹുൽ ഇഫക്ട്, മത ന്യൂനപക്ഷ ഏകീകരണം, മണ്ഡലത്തിലെ പരമ്പരാഗത സ്വാധീനം.
പ്രതികൂലം- ഇടത്, എൻ.ഡി.എ എതിരാളികളുടെ ശക്തമായ എതിർപ്പ്, താഴെത്തട്ടിൽ ഇടതിന്റെ പഴുതടച്ച പ്രചരണം, കർഷക വിഷയത്തിലെ ഇടതു പ്രചാരണം
എൽ.ഡി.എഫ്: അനുകൂലം- ചിട്ടയായതും പഴുതടച്ചുള്ളതുമായ സംഘടനാപ്രവർത്തനം, നേരത്തേ പ്രചരണം തുടങ്ങിയത് നൽകിയ മേൽക്കൈ, സ്ഥാനാർത്ഥിയുടെ നിറസാന്നിദ്ധ്യം.
പ്രതികൂലം- രാഹുൽ ഇഫക്‌ട്, ന്യൂനപക്ഷ സ്വാധീനം, മണ്ഡലത്തിലെ യു.ഡി.എഫിന്റെ പരമ്പരാഗതസ്വാധീനം
എൻ.ഡി.എ: അനുകൂലം- ദേശീയതലത്തിലെ രാഹുലിന്റെ മുഖ്യ എതിരാളി എൻ.ഡി.എ ആണെന്ന പ്രതീതി, ദേശീയതലത്തിലടക്കം അതുമൂലമുണ്ടാകുന്ന പരിവേഷം, ചിട്ടയായ പ്രചരണം.
പ്രതികൂലം- രാഹുൽ ഇഫക്ട്, ന്യൂനപക്ഷസ്വാധീനം, യു.ഡി.എഫിന്റെ പരമ്പരാഗതസ്വാധീനം.