എന്നും വായനയെയും എഴുത്തിനെയും അളവില്ലാതെ സ്നേഹിച്ച വ്യക്തിയാണ് ഡോ. ഡി. ബാബുപോൾ. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും എഴുത്തിനെ കൈവിടാതെ പിടിച്ചു. 19ആം വയസിൽ എഴുതിയ യാത്രയുടെ ഒാർമകളാണ് ആദ്യ പുസ്തകം. ജോലിയിലിരിക്കുമ്പോൾ തന്നെ ദിവസവും പുലർച്ചെ മൂന്നു മണിമുതൽ രണ്ടു മണിക്കൂറുകൾ മാറ്റിവച്ച് ഒൻപതു വർഷം കൊണ്ട് പൂർത്തിയാക്കിയ ഗ്രന്ഥമാണ് വേദ ശബ്ദ രത്നാകരം.മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവാണിത്.
കഥ ഇതുവരെ എന്ന പേരിൽ എഴുതിയ സർവീസ് സ്റ്റോറി പ്രസിദ്ധീകരിച്ചത് 2001ലാണ്. അച്ചൻ, അച്ഛൻ, ആചാര്യൻ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേർന്നാണ് രചിച്ചത്. സംഭവാമി യുഗേ യുഗേ, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, പള്ളിക്കെന്തിന് പള്ളിക്കൂടം തുടങ്ങി മലയാളത്തിലും ഇംഗ്ളീഷിലുമായി 35 ഓളം പുസ്തകങ്ങളാണ് ആ തൂലികയിൽ പിറന്നുവീണത്. വേദ ശബ്ദ രത്നാകരം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സിറിയൻ ഓർത്തഡോക്സ് സൊസൈറ്റിയുടെ ഉന്നതപുരസ്കാരം നേടിയ ഒരേയൊരു ഇന്ത്യക്കാരനും ഡി. ബാബുപോളാണ്.
ലേഖനസമാഹാരങ്ങളും നർമ ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളുമുൾപ്പെടെ സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും അദ്ദേഹം കൈവച്ചു. ഫ്രാൻസിസ് മാർപാപ്പയെ പറ്റി എഴുതിയ ഫ്രാൻസിസ് വീണ്ടും വന്നു എന്ന കൃതി അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയവയിലൊന്നാണ്. സ്വന്തം ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചിരുന്നു ഡോ. ഡി.ബാബു പോൾ.