തിരുവനന്തപുരം: സിവിൽ സർവീസുകാർക്ക് മാത്രമല്ല സർക്കാർ ജീവനക്കാർക്കാകെ ഒരു റോൾ മോഡലായിരുന്നു ഡോ. ഡി.ബാബുപോൾ. ജനങ്ങളുമായി അടുത്ത് ഇടപെടാനും പ്രശ്നങ്ങൾക്ക് പരമാവധി വേഗത്തിൽ പരിഹാരം കാണാനും തൽപ്പരനായിരുന്നതുപോലെ സഹപ്രവർത്തകരോട് കുടുംബാംഗത്തെപ്പോലെ ഇടപെട്ടും ബാബുപോൾ എല്ലാവർക്കും പ്രിയങ്കരനായി. ഓഫീസിൽ ആർക്ക് എന്തുവിഷയമുണ്ടായാലും കൂടപ്പിറപ്പിനെപ്പോലെ അവരുടെ സമീപമെത്തി ആശ്വസിപ്പിക്കാനും സന്തോഷങ്ങളിലെന്നപോലെ ദു:ഖത്തിലും പങ്കുചേരാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർക്കൊപ്പം സാധാരണക്കാരോടും അടുത്തിടപഴകിയ വ്യക്തിത്വം.തന്റെ വിദ്യാഭ്യാസ സർവീസ് കാലഘട്ടത്തെ അനുഭവങ്ങൾ എഴുത്തുകളിലും പ്രഭാഷണങ്ങളിലും പങ്കുവച്ചിട്ടുളള അദ്ദേഹം പുതുതലമുറയ്ക്ക് എന്നും പ്രചോദനമായിരുന്നു. ജനോപകാരപ്രദമായ പദ്ധതികൾ പബ്ളിസിറ്റി ആഗ്രഹിക്കാതെ നടപ്പാക്കി മാതൃകയായ ബാബുപോൾ സർവീസിൽ സങ്കീർണമായ പ്രശ്നങ്ങളെപ്പോലും തന്ത്രപരമായ തനിത് ശൈലിൽ അനായാസമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പൈനാവിൽ 29 -ാം വയസിലാണ് സ്പെഷ്യൽ ഓഫീസറായി എത്തുന്നത്. വഴിയോ വാഹനസൗകര്യമോ ഇല്ലാത്ത പദ്ധതി പ്രദേശത്ത് എത്തിച്ചേരുന്നത് തന്നെ ബുദ്ധിമുട്ടായിരുന്ന അക്കാലത്ത് പ്രാദേശികമായ എതിർപ്പുകളെയും പ്രതിഷേധങ്ങളെയും നക്സൽ ഭീഷണിയേയുമെല്ലാം തന്ത്രപരമായി അതിജീവിച്ചാണ് ഇടുക്കി ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാക്കിയത്. അടിച്ചമർത്തലോ രക്തച്ചൊരിച്ചിലോ കൂടാതെ പദ്ധതി പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ വൈഭവം പിന്നീട് സർവീസിൽ പലതവണ കേരളം കാണാനിടയായി. വർഷങ്ങൾക്ക് മുമ്പ് റാന്നിപള്ളിയിൽ ബിഷപ്പും വിശ്വാസികളിൽ ഒരുവിഭാഗവും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ നിയോഗിച്ചത് ഡോ. ബാബുപോളിനെയായിരുന്നു. ഭരണ പരിചയവും നൈപുണ്യവും കൈമുതലാക്കിയ അദ്ദേഹം മികച്ച മദ്ധ്യസ്ഥനായി പരിഹാരം കണ്ട വിഷയങ്ങൾ അനവധിയാണ്.