തിരുവനന്തപുരം: വയനാട്ടിൽ എന്തുവിലകൊടുത്തും രാഹുൽഗാന്ധിയെ തോല്പിക്കാൻ സി.പി.എം അരയും തലയും മുറുക്കി രംഗത്തിറങ്ങി. ദേശീയ തലത്തിൽ മോദിയെ എതിർക്കുന്നതുകൊണ്ട് മാത്രം രാഹുലിനോട് ഒരു സൗമനസ്യവും വേണ്ടെന്നാണ് സി.പി.എം നിലപാട്. തങ്ങളുടെ സംഘടനാശക്തി മുഴുവൻ ഉപയോഗിച്ചും രാഹുലിനെ പരാജയപ്പെടുത്താനാണ് ഇടതുമുന്നണി ശ്രമം. രാഹുൽ മത്സരിക്കാൻ എത്തിയ ദിവസങ്ങളിൽ ഉണ്ടായ പ്രകമ്പനങ്ങളെല്ലാം കഴിഞ്ഞെന്നും ഇനി ആഞ്ഞുപിടിച്ചാൽ രാഹുലിനെ തോല്പിക്കാൻ കഴിയുമെന്നുമാണ് സി.പി.എം- സി.പി.ഐ വിശ്വാസം. വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ഇടതുപക്ഷ എം.എൽ.എ മാരാണ് ഉള്ളത്. ഇവിടെയുള്ള ലീഡ് നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കും. മറ്റിടങ്ങളിലും ശക്തമായ കോൺഗ്രസ് വിരുദ്ധ പ്രചാരണം നടത്തും.
അമേതിയിൽ ജയിച്ചാൽ രാഹുൽ വയനാട്ടിനെ ഉപേക്ഷിക്കും എന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. വയനാട്ടിനെ വേണ്ടാത്ത രാഹുലിനെ വയനാട്ടിന് എന്തിനാണ് എന്നവർ സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തുകയാണ്. രാഹുലിനോട് പത്ത് ചോദ്യങ്ങൾ സി.പി.എം ചോദിച്ചുകഴിഞ്ഞു. രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വന്നദിവസത്തെ റാലിയെ മറികടക്കുന്ന രീതിയിലുള്ള റാലിയാണ് ഇടതുപക്ഷ മുന്നണി വയനാട്ടിൽ കഴിഞ്ഞ ദിവസം നടത്തിയത്. 1991 മുതൽ കോൺഗ്രസും നരസിംഹറാവുവും നടപ്പിലാക്കിയ ഉദാരവത്കരണ നയങ്ങളാണ് രാജ്യത്തെ കർഷകരെ തകർത്തതെന്ന് സി.പി.എം പ്രചരിപ്പിക്കുന്നു. ഇതിനായി വയനാട്ടിൽ കർഷക പാർലമെന്റും റാലിയും നടത്തി. സി.പി.എം നിയന്ത്രണത്തിലുള്ള കിസാൻസഭയുടെ ദേശീയ അദ്ധ്യക്ഷനും മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭ നേതാവുമായ അശോക് ധാവ്‌ളെ ഉൾപ്പെടെയുള്ളവരെ അവർ വയനാട്ടിലേക്ക് കൊണ്ടുവന്നു. വയനാട്ടിലെ കാപ്പി, കുരുമുളക് തുടങ്ങിയ കാർഷികോല്പന്നങ്ങൾക്ക് വിലയിടിഞ്ഞത് നികുതി കുറച്ച് ഇവയൊക്കെ ഇറക്കുമതി ചെയ്യാൻ നരസിംഹ റാവു സർക്കാർ എടുത്ത തീരുമാനം മൂലമാണെന്നും 2011 ന് ശേഷം റബറിന് വിലയിടിഞ്ഞത് കോൺഗ്രസ് സർക്കാർ ഒപ്പിട്ട ആസിയാൻ കരാർ മൂലമാണെന്നും എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നു. 91ലെ നവഉദാരവത്കരണ നയങ്ങൾക്ക് ശേഷം 4,20,000 ഓളം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കോർപ്പറേറ്രുകളെ സഹായിക്കുന്ന കോൺഗ്രസിന്റെ നിലപാടാണ് രാജ്യത്തെ കർഷകരെ തകർത്തത്. എല്ലാ കാർഷിക ഉല്പന്നങ്ങൾക്കും താങ്ങുവില 50 ശതമാനം വർദ്ധിപ്പിക്കണമെന്ന എം.എസ് സ്വാമിനാഥൻ റിപ്പോർട്ട് എന്തുകൊണ്ട് നടപ്പിലാക്കിയില്ല എന്ന ചോദ്യവും സി.പി.എം ഉന്നിയിക്കുന്നുണ്ട്.
നാളെ മെഗാ സ്ക്വാഡ്
സി.പി.എമ്മിന്റെയും മുന്നണിയുടെയും മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന മെഗാ സ്ക്വാഡ് വർക്ക് വയനാട്ട് മണ്ഡലത്തിൽ 14ന് നടക്കും. അന്ന് ഒന്നൊഴിയാതെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും എത്തി പ്രവർത്തകർ വോട്ട് ചോദിക്കും.
അഞ്ച് വോട്ടർമാർ
ഇതുവരെ മുന്നണിക്ക് വോട്ട് ചെയ്യാത്ത അഞ്ച് വോട്ടർമാരെക്കൊണ്ടെങ്കിലും ഓരോ പാർട്ടി അംഗവും വോട്ട് ചെയ്യിപ്പിക്കണമെന്നും നിർദ്ദേശവും നൽകിയിട്ടുണ്ട്. 80,000 പുതിയ വോട്ടർമാരാണ് ഉള്ളത്. അവരെയെല്ലാവരെയും നേരിൽ കാണാനും പദ്ധതി തയാറാക്കിയിട്ടുണ്ട്.