കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ് നടത്താൻ പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയ കാസർകോട്ടെ ക്രിമിനൽ സംഘത്തലവൻ മോനായി വിദേശത്ത്. കേസിൽ നേരിട്ട് പങ്കുള്ള ഇയാളെ കൊച്ചിയിലെത്തിക്കാനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് ആരംഭിച്ചു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കടന്നിട്ടുള്ളതായാണ് കണ്ടെത്തൽ. മലേഷ്യയിലേക്ക് കടന്നിരിക്കാമെന്ന സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. സംസ്ഥാന സർക്കാർ മുഖാന്തരം വിദേശകാര്യ മന്ത്രാലയത്തിന് കേസുമായി ബന്ധപ്പെട്ട കത്ത് ഉടൻ നൽകും. ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ സഹായത്തോടെ കൊച്ചിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അധോലോക കുറ്റവാളി രവി പൂജാരയുടെ അനുയായിയാണ് മോനായി. ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.അതേസമയം, ബ്യൂട്ടിപാർലറിന് നേരെ നിറയൊഴിക്കാൻ പ്രാദേശിക സഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നു . കേസിൽ ഇയാളുടെ പങ്ക് വ്യക്തമാണെങ്കിലും പ്രതിപ്പട്ടികയിൽ ഇതുവരെ ചേർത്തിട്ടില്ല. ഇയാളെയും കൊച്ചിയിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.
കാസാർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോനായിക്ക് പെരുമ്പാവൂരിലെ ഗുണ്ടാ സംഘവുമായി അടുത്ത് ബന്ധമാണുള്ളത്. നടിയുടെ പനമ്പള്ളിനഗറിലുള്ള ബ്യൂട്ടിപാർലറിന് നേരെ കഴിഞ്ഞ ഡിസംബർ 15 നാണ് ബൈക്കിലെത്തിയ മുഖംമൂടിധാരികൾ വെടിയുതിർത്തത്. ഇതിന് ഒരു മാസം മുമ്പ് രവി പൂജാര നടിയെ ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ്പിനു ശേഷം ചാനൽ ഓഫീസിലേക്ക് വിളിച്ച് സംഭവത്തിന്റെ ഉത്തരവാദിത്വം പൂജാര ഏറ്റെടുത്തു. ഇയാളുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പു വരുത്തിയതോടെ കേസിൽ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
45.000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയ പണം
ബ്യൂട്ടിപാലർലറിലേക്ക് വെടിയുതിർത്ത ആലുവ കോമ്പാറ വെളുംകോടൻ വീട്ടിൽ ബിലാലിനും (25)
എറണാകുളം കടവന്ത്ര കസ്തൂർബാ നഗറിൽ വിപിൻ വർഗീസിനും (30) നും കാസർകോട് ക്രിമിനൽ സംഘം നൽകിയ 45000 രൂപ പലരേയും ഭീഷണിപ്പെടുത്തി സ്വന്തമാക്കിയതെന്ന് വിവരം. 50 ലക്ഷം രൂപയ്ക്കാണ് ബിലാൽ ക്വട്ടേഷൻ ഏറ്റെടുത്തത്. പലതവണയായാണ് പ്രതിഫലം കിട്ടിയതെന്നാണ് പ്രതികളുടെ മൊഴി. നേരിട്ടും ബാങ്ക് വഴിയുമാണ് പണം ലഭിച്ചത്. വെടിവയ്പ്പിനു ശേഷം ആലുവ എൻ.എ.ഡി ഭാഗത്തുള്ള കാട്ടിൽ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളിസങ്കേതത്തിൽ തങ്ങി. പിന്നീട് കാസർകോട്ടും ഒളിവിൽ കഴിഞ്ഞു.കഴിഞ്ഞ ദിവസാണ് ഇവർ പിടിയിലായത്. റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങും.സെനഗലിൽ അറസ്റ്റിലായ രവി പൂജാരയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടിയെ ഭീഷണിപ്പെടുത്താനായി പാർലറിൽ കയറി വെടിയുതിർക്കുക മാത്രമായിരുന്നു ഇപ്പോൾ പിടിയിലായവരുടെ ദൗത്യം.
തോക്കുകൾ കൈമാറിയത് അഫ്സൽ
വെടിവയ്പ് കേസിൽ ഒടുവിൽ അറസ്റ്റിലായ ആലുവ സ്വദേശിയായ അൽത്താഫാണ് കാസർകോട് സംഘം നൽകിയ തോക്കുകളും ബൈക്കും ബിലാലിനും വിപിനും എത്തിച്ച് നൽകിയത്. പെരുമ്പാവൂർ ഗുണ്ടാ സംഘവുമായി അഫ്സലിന് അടുത്ത ബന്ധമുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അൽത്താഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.